മണിപ്പൂരിലെ കായികതാരങ്ങൾക്ക് പരിശീലനത്തിനായി തമിഴ്നാട്ടിലേക്ക് ക്ഷണം നൽകി എം കെ സ്റ്റാലിൻ

ചെന്നൈ : മണിപ്പൂരിലെ കായികതാരങ്ങൾ രാജ്യത്തിന് അഭിമാനനേട്ടം നൽകിയവരാണെന്നും അവരുടെ പരിശീലനം മുടങ്ങരുതെന്നും പ്രസ്താവിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന് പേര് നൽകിയവരായ മേരി കോം, മീരാഭായി ചാനു തുടങ്ങിയ മികച്ച കായിക താരങ്ങളെ രാജ്യത്തിന് സമ്മാനിച്ച സംസ്ഥാനമാണ് മണിപൂരെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിൽ മണിപ്പൂരി താരങ്ങൾക്ക് പരിശീലനം നൽകാൻ സാഹചര്യമൊരുക്കുമെന്നും അതിനായി കായിക മന്ത്രി ഉദയനിധി സ്റ്റാലിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ‘എല്ലാ ഊരും നമ്മ ഊര്, എല്ലാ മക്കളും നമ്മ മക്കൾ ‘എന്നുപറഞ്ഞു കൊണ്ടാണ് മണിപ്പൂരി താരങ്ങൾക്ക് സ്റ്റാലിൻ ക്ഷണം നൽകിയത്.

ഏഷ്യൻ ഗെയിംസ്, ഖേലോ ഇന്ത്യ ഗെയിംസ് തുടങ്ങിയ മത്സരങ്ങൾ മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കെയാണ് മണിപ്പൂരി കായികതാരങ്ങൾക്ക് ആശ്വാസമേകി തമിഴ്നാട് മുഖ്യമന്ത്രി വന്നത്. തമിഴ്നാട്ടിൽ പരിശീലനം ആഗ്രഹിക്കുന്ന മണിപ്പൂരി കായികതാരങ്ങൾക്ക് അവരുടെ വിവരം തമിഴ് നാട് സർക്കാരിന് മുൻപാകെ പങ്ക് വയ്ക്കുന്നതിന് ഫോൺ നമ്പരും മെയിൽ ഐഡിയും നൽകിയായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.