ന്യൂഡൽഹി : ഏഷ്യകപ്പ് ക്രിക്കറ്റിന്റ മത്സര ക്രമങ്ങൾ പുറത്തുവന്നപ്പോൾ താരങ്ങൾക്ക് പരിക്കേൽക്കുമോ എന്ന ആശങ്കയിൽ ഇന്ത്യൻ ടീം. മൂന്നു വട്ടമാണ് 15 ദിവസത്തിനിടെ പാകിസ്താനുമായി ഇന്ത്യക്ക് ഏറ്റുമുട്ടേണ്ടത്. 15 ദിവസത്തിൽ 6 ഏകദിന മത്സരങ്ങളും ഫൈനലിൽ എത്തിയാൽ ഇന്ത്യക്ക് കളിക്കേണ്ടി വരും. ഇത്തരത്തിൽ കളിക്കുന്നത് പരിക്കിനുള്ള സാധ്യത കൂട്ടുമോ എന്നതാണ് ടീം ഇന്ത്യയുടെ ആശങ്ക. ഒക്ടോബറിൽ ലോകകപ്പുള്ളതിനാൽ താരങ്ങൾക്ക് ഏഷ്യ കപ്പിൽ പരിക്കേറ്റാൽ ടീം സെലക്ഷൻ പ്രതിരോധത്തിലാകാൻ സാധ്യതയുണ്ട് .
ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത്, കെ എൽ രാഹുൽ,ശ്രേയസ് അയ്യർ എന്നീ മുൻനിര താരങ്ങൾ ഇപ്പോൾ തന്നെ പരിക്കേറ്റ് പുറത്താണ്. ബാറ്റിങ് പരിശീലനം തുടങ്ങിയ കെ എൽ രാഹുൽ ഏഷ്യ കപ്പിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന. ലോകകപ്പ് കൂടി മുന്നിൽ കണ്ടാകും ഏഷ്യ കപ്പിൽ ഇന്ത്യ ടീം സെലക്ഷൻ നടത്തുന്നത്. സെപ്റ്റംബർ 2 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്തംബർ 4 ന് നേപ്പാളിനെതിരെയും ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തിൽ കളിയുണ്ട്. ഓഗസ്റ്റ് 30 ന് പാകിസ്ഥാനും നേപ്പാളും തമ്മിലാണ് ഏഷ്യ കപ്പിലെ ആദ്യ മത്സരം. പാകിസ്താനിലെ മുൾട്ടാനിൽ ഉദ്ഘാടനം നടക്കുന്ന മത്സരത്തിന്റെ ഫൈനൽ സെപ്റ്റംബർ 17 നാണ്.

