നിരത്തുകളില്‍ ശ്രീജേഷിന് ജയ് വിളിച്ച് വിജയം ആഘോഷിച്ച് മുന്‍ ഹോക്കി താരങ്ങള്‍

കൊച്ചി: ലോക കായിക മാമാങ്കത്തില്‍ നാലുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലത്തില്‍ മുത്തമിട്ടപ്പോള്‍ ഏറെ ആഹ്ലാദിച്ചത് കേരളക്കരയാണ്. കാരണം, മലയാളിയായ ശ്രീജേഷിന്റെ കരുത്തായിരുന്നു ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത്.

നാട് മുഴുവന്‍ ശ്രീജേഷിന് അഭിനന്ദന പ്രവാഹം കൊണ്ട് മൂടിയപ്പോള്‍ കേരളത്തിന്റെ മുന്‍ താരങ്ങള്‍ നിരത്തുകളില്‍ ആര്‍പ്പു വിളിച്ചാണ് ജയം ആഘോഷിച്ചത്. ശ്രീജേഷിന്റെ ബാനറും ഇന്ത്യന്‍ പതാകയുമേന്തി അവര്‍ എറണാകുളം എം.ജി. റോഡിലൂടെ നടന്ന് ആഹ്ലാദപ്രകടനം നടത്തി.

അവസാന നിമിഷത്തില്‍ അധിക സമ്മര്‍ദമുണ്ടായിട്ടും ശ്രീജേഷ് മികവ് പുലര്‍ത്തിയെന്നും, ശ്രീജേഷിന്റെ പരിചയ സമ്പത്താണ് തുണയായതെന്നും, വനിതാ താരങ്ങള്‍ കൂടി വെങ്കലം നേടിയാല്‍ സന്തോഷം ഇരട്ടിയാകുമെന്നും മുന്‍ കേരള ഹോക്കി താരവും, ഹോക്കി ലവേഴ്‌സ് അംഗവുമായ സുനില്‍ ഡി ഇമ്മട്ടി പറഞ്ഞു.

മാത്രമല്ല, അവസാന നിമിഷത്തില്‍ കളി നഷ്ടപ്പെടുത്തുന്ന സ്ഥിരം കാഴ്ച ഉണ്ടാകുമോ എന്ന് പേടിച്ചിരുന്നു, എന്നാല്‍ അത് ഉണ്ടായില്ല എന്നത് ആശ്വാസകരമായിരുന്നു, ശ്രീജേഷ് ഇനിയും ഒരു മൂന്ന് വര്‍ഷം കൂടി കളിക്കണമെന്നാണ് ആഗ്രഹം, ഇന്ത്യന്‍ ടീമിലെ ഗോളിമാര്‍ ആരും തന്നെ പ്രതിക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല, പക്ഷെ ശ്രീജേഷ് അങ്ങനെ ആയിരുന്നില്ല, ശ്രീജേഷ് പുറകില്‍ ഉണ്ട് എന്ന് അറിയുന്നത് പോലും പ്രതിരോധ താരങ്ങള്‍ക്ക് ആത്മവിശ്വാസമാണ്, അതുകൊണ്ട് നല്ലൊരു പിന്‍ഗാമിയെ കണ്ടെത്തിയിട്ടെ കളി അവസാനിപ്പിക്കാവു എന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കളിയുടെ അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ പ്രതിരോധനിരയിലെ പാളിച്ചകള്‍ കാരണം പാഞ്ഞുവന്ന ജര്‍മന്‍ ഷോട്ടുകള്‍ പലവട്ടം ശ്രീജേഷ് തട്ടിയകറ്റി. അവസാന സെക്കന്‍ഡുകളില്‍ ജര്‍മന്‍ നിര തൊടുത്ത പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്നും അതിശയിപ്പിക്കുന്ന പ്രകടനത്തിലൂടെയാണ് ശ്രീജേഷ് ഇന്ത്യന്‍ വല കാത്തത്.

1972-ലെ മ്യൂണിക് ഒളിംപിക്സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവല്‍ ഫ്രെഡറിക്കിനുശേഷം ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയെന്ന പട്ടവും ഇനി ശ്രീജേഷിന് സ്വന്തം. കേരളംപോലെ ഹോക്കിക്ക് തീരെ സ്വാധീനമില്ലാത്ത സംസ്ഥാനത്തു നിന്ന് ഒന്നരപതിറ്റാണ്ട് ഇന്ത്യന്‍ നിരയില്‍ കളിക്കുന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.