കൊച്ചി: ഒളിംപിക്‌സ് ഹോക്കിയില്‍ നേടിയെടുത്ത വെങ്കലം മലയാളികള്‍ക്ക് ഓണസമ്മാനമെന്ന് പി.ആര്‍ ശ്രീജേഷ്. പാരിതോഷികങ്ങളെക്കുറിച്ചല്ല, എത്രയും വേഗം നാട്ടില്‍ വരിക, മെഡല്‍ നാട്ടുകാരെയും വീട്ടുകാരെയും കാണിക്കുക എന്നതായിരുന്നു ചിന്ത മുഴുവന്‍ എന്നും, ഡോ.ഷംഷീര്‍ വയലില്‍ നല്‍കിയ പാരിതോഷികത്തിന് നന്ദിയും കടപ്പാടുമുണ്ടെന്നും, ടോക്കിയോ യാത്രയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കവെ ശ്രീജേഷ് പറഞ്ഞു.
ഇന്ത്യക്കാര്‍ 41 വര്‍ഷം കാത്തിരുന്നതാണ് ഹോക്കിയില്‍ മെഡല്‍ നേടുകയെന്നത്. മെഡലുമായി രാജ്യത്ത് ചെല്ലുമ്പോള്‍ എന്താകും ജനങ്ങളുടെ പ്രതികരണമെന്ന് താരങ്ങള്‍ ടോക്കിയോയില്‍ ചര്‍ച്ച ചെയ്തിരുന്നു. ഏഷ്യന്‍ ഗെയിംസ് ജയിച്ചുവന്നപ്പോള്‍ ലഭിച്ചിരുന്നെങ്കിലും ഇതുപോലൊരു സ്വീകരണം അപ്രതീക്ഷിതമാണ്. ഇത്രയും വലിയ സ്വീകരണം നല്‍കിയതിന് വലിയ സന്തോഷവും നന്ദിയുമുണ്ടെന്നും താരം അറിയിച്ചു.
മാത്രമല്ല, സ്വന്തം നാട്ടില്‍ ലഭിച്ച സ്വീകരണം ഇരട്ടിമധുരമാണെന്നും, നാട്ടുകാര്‍ നല്‍കിയ സ്വീകരണം കളിക്ക് ലഭിച്ച വലിയ അംഗീകാരം തന്നെയാണ്. ഒളിംപിക്‌സില്‍ മെഡല്‍ നേടുകയെന്ന ലക്ഷ്യം കൈവരിച്ച തനിക്ക് സര്‍ക്കാര്‍ അര്‍ഹമായ അംഗീകാരം നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ശ്രീജേഷ് അറിയിച്ചു.

