ശ്രീജേഷിന് രണ്ടു കോടി, ഒളിംപിക്‌സില്‍ പങ്കെടുത്ത മലയാളികള്‍ക്ക് അഞ്ച് ലക്ഷം വീതവും പാരിതോഷികം പ്രഖ്യാപിച്ച് കേരളം

കൊച്ചി: ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ഒളിംപിക്‌സ് ഹോക്കി മെഡല്‍ ജേതാവ് പി.ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് കേരളം. രണ്ടു കോടി രൂപയാണ് ശ്രീജേഷിന് സംസ്ഥാനം പാരിതോഷികമായി നല്‍കുക.

കൂടാതെ, വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കും. നിലവില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്.

ഒളിംപിക്‌സില്‍ പങ്കെടുത്ത മറ്റു എട്ട് മലയാളികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പ്രോത്സാഹനമായി നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മന്ത്രിസഭാ യോഗത്തിലാണ് പി.ആര്‍ ശ്രീജേഷടക്കമുള്ള താരങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചതായി കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ മാധ്യമങ്ങളെ അറിയിച്ചത്.

പി.ആര്‍ ശ്രീജേഷിന് സര്‍ക്കാര്‍ പാരിതോഷികം ഒന്നും തന്നെ പ്രഖ്യാപിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു

നേരത്തെ, വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ ശ്രീജേഷിന് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.