പഴയ ഇന്ത്യന്‍ ടീമല്ല ഇപ്പോള്‍; ചീത്തവിളിച്ചും കളിയാക്കിയും കൊഹ്‌ലിപ്പടയെ തോല്‍പ്പിക്കാനാവില്ലെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ !

ലണ്ടന്‍: ചീത്തവിളിച്ചും കളിയാക്കിയും കളത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാനാവില്ലെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. പഴയ തലമുറയിലെ ഇന്ത്യന്‍ ടീമിനെതിരെ ഈ തന്ത്രം ഒരുപക്ഷെ ഫലപ്രദമായേക്കാം. എന്നാല്‍ ഈ ഇന്ത്യന്‍ ടീമിനെ അങ്ങനെ തോല്‍പ്പിക്കാനാവില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹുസൈന്‍ പറഞ്ഞു. ലോര്‍ഡ്സ് ടെസ്റ്റിലെ ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങള്‍ തമ്മിലുള്ള വാക് പോരിന്റെ പശ്ചാത്തലത്തിലാണ് ഹുസൈന്റെ പ്രതികരണം.

പഴയ തലമുറയിലെ ടീമിനെപ്പോലെയല്ല, ഇപ്പോഴത്തെ ഇന്ത്യന്‍ ടീം. അതവര്‍ ഓസ്ട്രേലിയയിലും തെളിയിച്ചതാണ്. ഗാബയില്‍ ഓസ്ട്രേലിയന്‍ കളിക്കാരും കാണികളും പ്രകോപിപ്പിച്ചിട്ടും അവര്‍ അതിശക്തമായി തിരിച്ചടിക്കുകയാണ് ചെയ്തത്. ഇപ്പോഴത്തെ ടീമിലെ കളിക്കാരെല്ലാം സ്വന്തം കഴിവില്‍ വിശ്വാസമുള്ളവരാണ്. ഈ മാറ്റത്തിന് കാരണം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണ്. കരുത്തുറ്റ ഈ ടീമിനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ കൊഹ്ലി തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊഹ്ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യന്‍ ടീം പ്രത്യേകിച്ചും ബൗളര്‍മാര്‍ ഏറെ അക്രമണോത്സുകരായാണ് പന്തെറിയുന്നത്. വളരെ ശാന്തസ്വഭാവിയായ ജസ്പ്രീത് ബുമ്ര, ജെയിംസ് ആന്‍ഡേഴ്സണെതിരെ ലോര്‍ഡ്സ് ടെസ്റ്റിലെറിഞ്ഞ ആ സ്പെല്‍ മതി ടീമില്‍ കൊഹ് ലിയുടെ സ്വാധീനം എത്രമാത്രം ഉണ്ടെന്ന് മനസിലാക്കാന്‍. ഓസ്ട്രേലിയക്കെതിരെയും ഇത് നമ്മള്‍ കണ്ടതാണെന്നും ഹുസൈന്‍ വ്യക്തമാക്കി.

കോഹ്ലിയുടെ അഭാവത്തില്‍ രഹാനെക്ക് കീഴിലും ഇതേ അക്രമണോത്സുകതയാണ് ഇന്ത്യ പുറത്തെടുത്തത്. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെയും നമ്മള്‍ അത് തന്നെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഈ ഇന്ത്യന്‍ ടീമിനെ ചീത്തവിളിച്ചും കളിയാക്കിയും തോല്‍പ്പിക്കാനാവില്ല. അതിപ്പോള്‍ ഇംഗ്ലണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് പറഞ്ഞാലും അതില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ തീകൊണ്ട് കളിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് രണ്ടാം ടെസ്റ്റിനുശേഷം പറഞ്ഞിരുന്നു.