കുറഞ്ഞ ഓവര്‍ നിരക്കിന് സഞ്ജു സാംസണ് വിലക്കിന് സാധ്യത

ദുബായ്: ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവര്‍നിരക്കിന് പിഴ നല്‍കിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഒരു കളിയില്‍ വിലക്കിന് സാധ്യത.

നേരത്തെ, പഞ്ചാബ് കിങ്‌സിനെതിരെ കുറഞ്ഞ ഓവര്‍ നിരക്കിന് സഞ്ജുവിന് 12 ലക്ഷം രൂപ പിഴയിട്ടിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇതാവര്‍ത്തിച്ചപ്പോള്‍ പിഴ 24 ലക്ഷമായി.

മൂന്നാംതവണയും കുറഞ്ഞ ഓവര്‍ നിരക്കാണെങ്കില്‍ കളിയില്‍ വിലക്കും, 30 ലക്ഷം രൂപയും ഒടുക്കേണ്ടിവരും.

രണ്ടാംതവണത്തെ പിഴവിന് സഹകളിക്കാര്‍ക്കും പിഴയുണ്ട്. അവര്‍ ആറുലക്ഷം രൂപയോ മത്സരത്തുകയുടെ 25 ശതമാനമോ നല്‍കണം. മൂന്നാമത്തെ പിഴവിന് ക്യാപ്റ്റനെ വിലക്കുമ്പോള്‍ സഹകളിക്കാര്‍ 12 ലക്ഷം രൂപ നല്‍കണം. ബൗളിങ് ടീം ഒന്നരമണിക്കൂറില്‍ നിശ്ചിത 20 ഓവറാണ് പൂര്‍ത്തിയാക്കേണ്ടത്.