ഐപിഎല്‍; ധവാനെ പിന്നിലാക്കി ഓറഞ്ച് ക്യാപ്പും, 3000 റണ്‍സും പിന്നിട്ട് സഞ്ജു സാംസണ്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ 82 റണ്‍സ് നേടിയാണ് സഞ്ജു ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. ഈ സീസണില്‍ 10 മല്‍സരങ്ങളില്‍ നിന്ന് സഞ്ജുവിന്റെ സമ്പാദ്യം 433 റണ്‍സാണ്. 57 പന്ത് നേരിട്ട സഞ്ജു ഏഴ് ഫോറും മൂന്ന് സിക്സുമടക്കമാണ് 82 റണ്‍സ് നേടിയത്.

430 റണ്‍സുമായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശിഖര്‍ ധവാനെ പിന്നിലാക്കിയാണ് സഞ്ജു ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്.

അതേസമയം ഐപിഎല്ലില്‍ 3000 റണ്‍സ് എന്ന നാഴികകല്ലും മത്സരത്തില്‍ സഞ്ജു പിന്നിട്ടു. 117 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നാണ് സഞ്ജുവിന്റെ നേട്ടം. 117 മത്സരങ്ങളില്‍ നിന്നും 29.87 ശരാശരിയില്‍ 3017 റണ്‍സാണ് സഞ്ജു നേടിയത്. 3 സെഞ്ചുറികളും 15 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 119 റണ്‍സാണ് സഞ്ജുവിന്റെ ഹൈസ്‌കോര്‍.