ഐപിഎല്‍; ഡല്‍ഹിയെയും തോല്‍പ്പിച്ച് കൊല്‍ക്കത്തയുടെ വിജയ തേരോട്ടം

ഷാര്‍ജ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്കായി. ഡല്‍ഹി ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ കൊല്‍ക്കത്ത മറികടന്നു. നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍ എന്നിവരാണ് കൊല്‍ക്കത്തയെ ജയത്തിലെത്തിച്ചത്.

ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരുമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത്. വെങ്കടേഷ് അയ്യര്‍ 14 റണ്‍സില്‍ മടങ്ങി. ആദ്യ പന്തില്‍ തന്നെ സിക്സടിച്ച് തുടങ്ങിയ രാഹുല്‍ ത്രിപാഠിയ ഒന്‍പത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. എന്നാല്‍, നിതീഷ് റാണയെ കൂട്ടുപിടിച്ച് ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ 50 കടത്തി.

സ്‌കോര്‍ 67-ല്‍ നില്‍ക്കെ 30 റണ്‍സെടുത്ത ഗില്‍ പുറത്തായി. നായകന്‍ മോര്‍ഗന്‍ വന്നപോലെ മടങ്ങി. ഇതിനുപിന്നാലെ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് നിതീഷ് റാണ ആക്രമണം തുടങ്ങി. ലളിത് യാദവ് എറിഞ്ഞ 14-ാം ഓവറില്‍ 20 റണ്‍സാണ് പിറന്നത്. 12 റണ്‍സെടുത്ത കാര്‍ത്തിക്കും മടങ്ങിയതോടെ ക്രീസിലെത്തിയ സുനില്‍ നരെയ്ന്‍ സ്‌കോറിങ് വേഗത കൂട്ടി. 16-ാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറുമാണ് നരെയ്ന്‍ അടിച്ചുകൂട്ടിയത്. 10 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത് നരെയ്ന്‍ പുറത്തായി. അപ്പോഴേക്കും കൊല്‍ക്കത്ത ജയം ഉറപ്പിച്ചിരുന്നു. 18-ാം ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട റാണ ടീമിന് വിജയം സമ്മാനിച്ചു. 27 പന്തുകളില്‍ നിന്ന് റാണ 36 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഡല്‍ഹിക്കായി ആവേശ്ഖാന്‍ മൂന്ന് വിക്കറ്റും കഗിസോ റബാദ, അശ്വിന്‍, ലളിത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഒന്‍പതിന് 127റണ്‍സാണ് നേടിയത്. സ്റ്റീവ് സ്മിത്തും ശിഖര്‍ ധവാനും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും അഞ്ചാം ഓവറില്‍ ധവാന്‍ പുറത്തായി. 20 പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്താണ് ധവാന്‍ മടങ്ങിയത്. താരം അഞ്ച് ബൗണ്ടറികള്‍ നേടി.

നായകന്‍ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് സ്മിത്ത് ടീം സ്‌കോര്‍ 50 കടത്തി. 39 റണ്‍സ് വീതമെടുത്ത സ്റ്റീവന്‍ സ്മിത്തും ഋഷഭ് പന്തും മാത്രമാണ് ഡല്‍ഹിയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. അശ്വിനെ കൂട്ടുപിടിച്ച് ഋഷഭ് പന്ത് ടീം സ്‌കോര്‍ 100 കടത്തി. ഡല്‍ഹി ക്യാപിറ്റല്‍സിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡ് ഇതിനിടെ പന്ത് സ്വന്തമാക്കി.