ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മധ്യപ്രദേശിനെ 8 വിക്കറ്റിന് തകര്‍ത്ത് കേരളം. 172 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുണയായത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (56), സച്ചിന്‍ ബേബി (51) എന്നിവരുടെ ഇന്നിംഗ്സാണ്. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ കേരളം 18 ഓവറില്‍ ലക്ഷ്യം മറികടന്നു പ്രീക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
മറുപടിക്കായിറങ്ങിയ ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍ (29), മുഹമ്മദ് അസറുദ്ദീന്‍ (21) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് കേരളത്തിന് നഷ്ടമായത്. ഇരുവരും 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാല് റണ്‍സിനിടെ രണ്ട് പേരേയും കേരളത്തിന് നഷ്ടമായി. എന്നാല്‍, സഞ്ജു- സച്ചിന്‍ സഖ്യം കേരളത്തെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കുമാര്‍ സിംഗ്, മിഹിര്‍ ഹിര്‍വാണി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശിന് രജത് പടിദാറിന്റ (49 പന്തില്‍ 77) ഇന്നിംഗ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. പാര്‍ത്ഥ് സഹാനി (32), കുല്‍ദീപ് ഗേഹി (31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് വീഴ്ത്തിയ എം എസ് അഖിലാണ് തിളങ്ങിയത്. ഐപിഎല്ലിലെ ഹീറോ വെങ്കടേഷ് അയ്യര്‍ (1), ഗേഹി എന്നിവരെയാണ് അവര്‍ക്ക് തുടക്കത്തില്‍ നഷ്ടമായത്. മൂന്നാമനായി ക്രീസിലെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം രജത് പടിദാറിന്റെ ഇന്നിംഗ്സ് മധ്യപ്രദേശിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു.

