ഇസ്ലാമാബാദ്: ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനം വിരാട് കോലി കഴിഞ്ഞ ദിവസം ഒഴിഞ്ഞതോടെ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി പ്രഖ്യാപിച്ചു കഴിഞ്ഞു. രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് പിന്നാലെ പുതിയ നായകനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി. രോഹിത്തിനെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കണമെന്നാണ് അഫ്രീദി പറയുന്നത്.
‘രോഹിത് ക്യാപ്റ്റനാവുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഐപിഎല്ലില്‍ ഡക്കാണ്‍ ചാര്‍ജേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ ഞാന്‍ ആദ്യ സീസണില്‍ രോഹിത്തിനൊപ്പം ഉണ്ടായിരുന്നു. മികച്ച ഷോട്ട് സെലക്ഷനുള്ള ഗംഭീര താരമാണ് രോഹിത്. പൊതുവെ ശാന്തനായിരിക്കുന്ന രോഹിത് ആവശ്യമുള്ള സമയങ്ങളിലെല്ലാം ആക്രമണോത്സുകത കാണിച്ചിട്ടുണ്ട്. രണ്ട് ഭാഗങ്ങളും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയിലുണ്ട്. തീര്‍ച്ചയായും അദ്ദേഹം നായകസ്ഥാനം അര്‍ഹിച്ചിരുന്നു.
വിരാട് കോലി എല്ലാ ഫോര്‍മാറ്റില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ ഒരുപാട് സമ്മര്‍ദ്ദം കുറയും. അദ്ദേഹം താരമെന്ന നിലയില്‍ കളിക്കട്ടെ. ഒരുപാട് കാലം അദ്ദേഹം കളിച്ചു. ഇനി അദ്ദേഹം ക്രിക്കറ്റ് ആസ്വദിക്കട്ടെ. ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആ ടീമിന്റെ ക്യാപ്റ്റനായിരിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നന്നായി നയിക്കുമ്പോള്‍ മാത്രമേ കാര്യങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ട് പോവൂ.” അഫ്രീദി വ്യക്തമാക്കി.

