പതിനാലാം സീസണ് ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനായി മികച്ച പ്രകടനം കാഴ്ച വെച്ച, നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരിക്കുന്ന സഞ്ജു സാംസണെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ തഴഞ്ഞത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഋഷഭ് പന്ത്, ഇഷാന് കിഷന് എന്നീ രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാര് സ്ക്വാഡിലുള്ളത് കൊണ്ടാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതെന്നായിരുന്നു ടീം സെലക്ഷന് പിന്നാലെ ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ സഞ്ജു ഒരു മികച്ച ഫീല്‍ഡറാണെന്നും, വിക്കറ്റ് കീപ്പറുടെ റോളിലല്ലാതെയും ടീമിന് വേണ്ടി തിളങ്ങാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. സഞ്ജുവിനെ തഴഞ്ഞ സെലക്ഷന് കമ്മറ്റിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തിയത്.
അതേസമയം, തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ക്യാപ്ഷനില്ലാതെ സഞ്ജു പങ്കു വെച്ച ചിത്രങ്ങള്‍ നിരാശയുടെ സൂചനയാണ്. ഇന്ത്യന്‍ ടീമിനായും, ഐപിഎല്‍ ടീമായ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനായും കളിക്കുമ്പോള്‍ പുറത്തെടുത്ത ചില അക്രോബാറ്റിംഗ് ഫീല്‍ഡിംഗിന്റെ ചിത്രങ്ങളായിരുന്നു ക്യാപ്ഷനില്ലാതെ സഞ്ജു ട്വിറ്ററില്‍ പങ്കു വെച്ചത്. വിക്കറ്റ് കീപ്പര്‍ മാത്രമല്ല, താനൊരു മികച്ച ഫീല്‍ഡര്‍ കൂടിയാണെന്നും, വിക്കറ്റ് കീപ്പറായി മാത്രമേ തന്നെ ടീമിലേക്ക് പരിഗണിക്കാവൂ എന്നില്ലെന്നുമാണ് ഈ ചിത്രങ്ങളിലൂടെ സഞ്ജു ചൂണ്ടിക്കാട്ടുന്നു.

