അബുദാബി : ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ അഞ്ചുവിക്കറ്റിന് തകര്‍പ്പന്‍ ജയത്തോടെ ട്വന്റി-20 ലോകകപ്പിന്റെ കലാശക്കളിക്ക് ബര്‍ത്ത് നേടി ന്യൂസിലാന്‍ഡ്. ഒപ്പം ഏകദിന ലോകകപ്പില്‍ സാങ്കേതികത്വം പറഞ്ഞ് കപ്പ് തട്ടിയെടുത്ത ഇംഗ്ലണ്ടിനോടുള്ള മധുരപ്രതികാരവും കിവീസ് തീര്‍ത്തു.
അവസാന നാല് ഓവറില്‍ ജയിക്കാന്‍ വേണ്ട 57 റണ്‍സാണ് കിവികള്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കേ ബാറ്റിംഗ് വെടിക്കെട്ടിലൂടെ നേടിയെടുത്തത്. 16 ഓവറില്‍ 110ന് 4 എന്ന നിലയില്‍ നിന്നാണ് കിവികള്‍ കളി മാറ്റിമറിച്ചത്. ഇംഗ്ലണ്ടിന്റെ 166 വിജയലക്ഷ്യത്തില്‍ നിന്ന് ഏറെ അകലെയായിട്ടും കിവികള്‍ ജയം സ്വന്തമാക്കി. തുടക്കത്തില്‍ തന്നെ മികച്ച ഫോമിലുള്ള ഗുപ്റ്റില്‍ (4),നായകന്‍ വില്യംസണ്‍(5) എന്നിവരെ വോക്സ് മടക്കിയെങ്കിലും കോണ്‍വേയുടെ 46 റണ്‍സാണ് കിവികളെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. മൂന്നാം വിക്കറ്റില്‍ മിച്ചലുമൊത്ത് കോണ്‍വേ നിര്‍ണ്ണായകമായി 82 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സോധി, നീഷാം, ടിം സൗത്തി എന്നിവര്‍ വിക്കറ്റുകള്‍ വീഴ്ത്തി.
47 പന്തില്‍ 72 റണ്‍സ് അടിച്ചുകൂട്ടിയ മിച്ചലും 11 പന്തില്‍ 27 റണ്‍സ് എടുത്ത ജിമ്മി നിഷാമു മാണ് ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തത്. ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയുടെ 51 റണ്‍സിന്റെ മികവിലാണ് മോശമല്ലാത്ത 166 റണ്‍സിലേക്ക് എത്തിയത്. ഡേവിഡ് മലാന്‍ 41, ബട്ലര്‍ 29, ലിവിംഗ്സ്റ്റണ്‍ 17 എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. പാകിസ്ഥാനും ആസ്‌ട്രേലിയയും തമ്മില്‍ ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ ജേതാക്കളെയാണ് ഞായറാഴ്ചത്തെ ഫൈനലില്‍ കിവീസ് നേരിടേണ്ടത്. ഇതാദ്യമായാണ് ന്യൂസിലാന്‍ഡ് ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.

