‘സ്വയം പുകഴ്‌ത്തേണ്ട ആവശ്യമില്ല’; ശാസ്ത്രിയെയും ദ്രാവിഡിനെയും താരതമ്യം ചെയ്ത് ഗംഭീര്‍

ന്യൂഡല്‍ഹി: രവി ശാസ്ത്രിക്ക് പറ്റിയ പണി കമന്ററിയാണെന്ന് പരിഹസിച്ച് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ പരിശീലകന്‍ ആയിരുന്ന സമയത്തും ശാസ്ത്രി കൂടുതലും ചെയ്തിരുന്നത് വാചകമടി മാത്രമായിരുന്നെന്നും ഗംഭീര്‍ പറഞ്ഞു. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചപ്പോള്‍ ആ വിജയം 1983ലെ ലോകകപ്പ് നേട്ടത്തെക്കാളും ഉയര്‍ന്നതാണെന്ന് അന്നത്തെ ഇന്ത്യന്‍ ടീം പരിശീലകന്‍ ആയിരുന്ന രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. അന്ന് തന്നെ ശാസ്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തു വന്നിരുന്നു.

ഇന്ത്യ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും മികച്ച കളി കാഴ്ചവച്ചുവെങ്കില്‍ അത് നല്ല കാര്യം തന്നെയാണ്. എന്നാല്‍, സ്വയം പുകഴ്‌ത്തേണ്ട ആവശ്യമില്ല. മറ്റുള്ളവരാണ് നമ്മെ പ്രശംസിക്കേണ്ടത്. രവി ശാസ്ത്രിയെ പോലെ ഒരിക്കലും ദ്രാവിഡ് പെരുമാറില്ല. എത്ര കളി ജയിച്ചാലും അദ്ദേഹത്തിന്റെ വാക്കുകളില്‍ എളിമയുണ്ടായിരിക്കും, ആ വാക്കുകളുടെ ശ്രദ്ധാകേന്ദ്രം എപ്പോഴും കളിക്കാരായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിനെതിരായ ടി-ട്വന്റി പരമ്പര 3 – 0ന് തൂത്തുവാരിയപ്പോള്‍ നിലവിലെ പരിശീലകനായ ദ്രാവിഡ് വളരെ പക്വമായ പ്രതികരണമാണ് നടത്തിയത്. മതിമറന്ന് ആഘോഷിക്കേണ്ടതായി ഈ വിജയത്തില്‍ ഒന്നുമില്ലെന്നും ടി ട്വന്റി ലോകകപ്പിനു ശേഷം വെറും മൂന്ന് ദിവസത്തെ വിശ്രമം മാത്രമാണ് ന്യൂസിലാന്‍ഡിന് ലഭിച്ചതെന്നും ഇന്ത്യയില്‍ ആറ് ദിവസം കൊണ്ട് മൂന്ന് ടി ട്വന്റികള്‍ അവര്‍ കളിച്ചുവെന്നും ദ്രാവിഡ് പറഞ്ഞു. ന്യൂസിലാന്‍ഡ് ടീം വളരെയേറെ ക്ഷീണിതരായിരുന്നെന്നും അതിനാലാണ് ഇന്ത്യക്ക് അവരെ എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ സാധിച്ചതെന്നും പറയാതെ പറയുകയായിരുന്നു ദ്രാവിഡ്. ഈ വിജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഇതിലും വലിയ വെല്ലുവിളികളെ നേരിടുന്നതിന് തയ്യാറെടുക്കുകയാണ് വേണ്ടതെന്നും ദ്രാവിഡ് സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗംഭീര്‍ ഇരു പരിശീലകരെയും താരതമ്യം ചെയ്യുന്ന അഭിമുഖം പുറത്തു വന്നത്.