കിവീസിനെതിരെ ഒന്നാം ടെസ്റ്റ്; ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 345ന് പുറത്ത്

മുംബൈ: കിവീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 345ന് പുറത്തായി. രണ്ടാം ദിനത്തില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച രണ്ട് വിക്കറ്റും നഷ്ടമായി. 38 റണ്‍സെടുത്ത ആര്‍.അശ്വിന്റെയും ഉമേഷ് യാദവിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. സെഞ്ച്വറി നേടിയ അരങ്ങേറ്റ കളിക്കാരന്‍ ശ്രേയസ് അയ്യരുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

നാല് വിക്കറ്റിന് 258 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. അര്‍ദ്ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയാണ് പുറത്തായത്. രണ്ടാം ദിനം ഒരു റണ്‍സ് പോലും നേടാനാവാതെ പോയ ജഡേജയെ ടിം സൗത്തി ക്ലീന്‍ ബൗള്‍ഡാക്കി. 112 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്ത ശേഷമാണ് ജഡേജ ക്രീസ് വിട്ടത്.

പിന്നീടെത്തിയ സാഹ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി. ക്രീസിലെത്തിയ അശ്വിനെ കുട്ടുപിടിച്ച് ശ്രേയസ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി. 171 പന്തുകളില്‍ നിന്ന് 105 റണ്‍സെടുത്ത ശ്രേയസ്സിനെ സൗത്തി വില്‍ യങ്ങിന്റെ കൈയ്യിലെത്തിച്ചു. ശേഷം വന്ന അക്ഷര്‍ പട്ടേല്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് മടങ്ങി. ന്യൂസിലന്‍ഡിനായി ടിം സൗത്തി അഞ്ചും കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.