ഐപിഎല്‍ പതിനഞ്ചാം സീസണ്‍ ഏപ്രില്‍ 2ന് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

ഐപിഎല്‍ പതിനഞ്ചാം സീസണ്‍ അടുത്ത വര്‍ഷം ഏപ്രില്‍ 2 ന് ചെന്നൈയില്‍ വെച്ചു നടക്കുന്ന മത്സരത്തോടെയാകും തുടക്കമാവുകയെന്ന സൂചനകള്‍ പുറത്ത്. ഇക്കാര്യത്തില്‍ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതു വരെ നടത്തിയിട്ടില്ലെങ്കിലും, ഏപ്രില്‍ 2 തന്നെയായിരിക്കും ടൂര്‍ണമെന്റിന്റെ ആരംഭ തിയ്യതിയെന്ന കാര്യം ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

പുതിയ രണ്ട് ടീമുകള്‍ കൂടിയെത്തിയതോടെ 10 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റായി അടുത്ത വര്‍ഷം മുതല്‍ ഐപിഎല്‍ മാറും. ഇത് കൊണ്ടു തന്നെ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന 60 ലീഗ് മത്സരങ്ങള്‍ക്ക് പകരം 74 ലീഗ് മത്സരങ്ങളാകും 2022 സീസണിലുണ്ടാവുക. ഏപ്രില്‍ രണ്ടിന് ആരംഭിക്കുന്ന പതിനഞ്ചാം സീസണ്‍ ഐപിഎല്ലിന്റെ ഫൈനല്‍ മത്സരം ജൂണ്‍ ആദ്യ വാരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ നാലിനോ, അഞ്ചിനോ ആകും ഫൈനല്‍.

പതിനഞ്ചാം സീസണ്‍ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ എതിരാളികള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇതു വരെ വ്യക്തതകളൊന്നും വന്നിട്ടില്ലെങ്കിലും മുംബൈ ഇന്ത്യന്‍സ് തന്നെ ഈ മത്സരത്തില്‍ എതിരാളികളായെത്താനാണ് സാധ്യത.