ആവേശപ്പോരാട്ടത്തിനൊടുവില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് സമനിലയില്‍

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റില്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ സമനിലയില്‍ കളിയവസാനിച്ചു.. 280 റണ്‍സ് വിജയലക്ഷ്യം തേടി അവസാന ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് അവസാന പന്തു വരെ പോരാട്ടം തുടര്‍ന്നു. ഒരു വിക്കറ്റ് മാത്രം ജയം അകലെ നില്‍ക്കെ മോശം വെളിച്ചം കാരണംകളി അവസാനിപ്പിക്കുകയായിരുന്നു. 91 പന്തില്‍ 18 റണ്‍സുമായി ഇന്ത്യയുടെ സ്പിന്‍ നിരയോട് പൊരുതിയ രച്ചിന്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.

അഞ്ചാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയില്‍ ഇറങ്ങിയ ന്യൂസിലന്‍ഡിന് ടോം ലാഥമും വില്യം സോമര്‍വില്ലും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. ഉച്ചഭക്ഷണത്തിനു പിരിയും വരെ വിക്കറ്റ് നഷ്ടപ്പെടുത്താതെ 76 റണ്‍സ് ഇവര്‍ നേടി. പിന്നീടെത്തിയ ക്യാപ്റ്റന്‍ വില്യംസനൊപ്പം ചേര്‍ന്ന് ടോം ലാഥം സ്‌കോര്‍ 100 കടത്തി. എന്നാല്‍ അധികം നേരം പിടിച്ചുനില്‍ക്കാന്‍ ലാഥത്തിന് ആയില്ല. അര്‍ദ്ധസെഞ്ചുറി കുറിച്ചതിനു പിന്നാലെ അശ്വിന്‍ ലാഥത്തെ പുറത്താക്കി. പിന്നാലെ എത്തിയ റോസ് ടെയ്ലറും നിലയുറപ്പിക്കും മുന്നേ പുറത്തായി. രണ്ട് റണ്‍സെടുത്ത ടെയ്ലറെ ജഡേജ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

125-4 എന്ന നിലയില്‍ അവസാന സെഷന് തുടക്കമിട്ട ന്യൂസിലന്‍ഡ് ഇന്ത്യന്‍ സ്പിന്‍ നിരയ്ക്ക് മുന്നില്‍ കീഴടങ്ങി.ടെയ്‌ലറിന് ശേഷമെത്തിയ ഹെന്റി നിക്കോളാസിനെ അക്‌സര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. വൈകാതെ തന്നെ വില്യംസണിനെ ജഡേജയുടെ പവലിയനിലേക്ക് മടക്കിയതോടെ ഇന്ത്യന്‍ ക്യാംപില്‍ വിജയ പ്രതീക്ഷകള്‍ ഉണര്‍ന്നു. ടോം ബ്ലണ്ടലിനെ അശ്വിനും പുറത്താക്കിയതോടെ വാലറ്റം മാത്രമായി ഇന്ത്യയ്ക്കും വിജയത്തിനുമിടയില്‍. രച്ചിന്‍ രവീന്ദ്ര എന്ന യുവതാരം ശക്തമായ പ്രതിരോധമാണ് കാഴ്ച വച്ചത്. പക്ഷെ മറുവശത്ത് ജഡേജ തന്റെ മികവിലൂടെ മറുവശത്തെ വീഴ്ത്തി. കെയില്‍ ജാമിസണിനേയും, ടിം സൗത്തിയേയും ജഡേജയുടെ പന്തുകളാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

പക്ഷെ പതിനൊന്നാമനായി എത്തിയ അജാസ് പട്ടേലും രച്ചിന്‍ രവീന്ദ്രയും ചേര്‍ന്ന് ഇന്ത്യയുടെ മൂന്ന് സ്പിന്നര്‍മാരെയും നേരിട്ടു. ഒടുവില്‍ വെളിച്ചവും വില്ലനായി എത്തിയതോടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇന്ത്യയ്ക്കായി ജഡേജ നാലും, അശ്വിന്‍ മൂന്നു വിക്കറ്റും നേടി. പരമ്പരയിലെ അവാസന ടെസ്റ്റ് ഡിസംബര്‍ മൂന്നിന് ആരംഭിക്കും.