സന്തോഷ് ട്രോഫിയില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് മിന്നും തുടക്കം; വിജയം എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്

കൊച്ചി: സന്തോഷ് ട്രോഫി ആദ്യ മത്സരത്തില്‍ കേരളത്തിന് മിന്നും തുടക്കം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. ലക്ഷദ്വീപിനു മുകളില്‍ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് കേരളത്തിന്റെ ജയം. നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, രാജേഷ് എസ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍ കേരളത്തിന് വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ ലക്ഷദ്വീപ് താരം തന്‍വീറിന്റെ സെല്‍ഫ് ഗോളും കേരളത്തിന് നേട്ടമായി.

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാലാം മിനിറ്റില്‍ തന്നെ കേരളം ഗോള്‍ കണ്ടെത്തി. പെനാല്‍റ്റിയിലൂടെയായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍. വലത് വിങ്ങിലൂടെയുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് തടയിട്ട ഫൗളിനായിരുന്നു പെനാല്‍റ്റി. 12ാം മിനിറ്റില്‍ കേരളം ലീഡ് രണ്ടാക്കി. പിന്നാലെ ലക്ഷദ്വീപ് ക്യാപ്റ്റന്‍ ഉബൈദുള്ള ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയതോടെ കേരളത്തിന് കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി.

മത്സരം തുടങ്ങി നാലാം മിനിട്ടില്‍ തന്നെ കേരളം സ്‌കോര്‍ ചെയ്തു. നാലാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. പിന്നാലെ 12ാം മിനിട്ടില്‍ ജെസിന്‍ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മികച്ച ഫിനിഷിലൂടെയാണ് ജെസിന്‍ വലകുലുക്കിയത്.