അണ്ടര്‍-19 ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഉഗാണ്ടയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍. ആദ്യം ബാറ്റ് ചെയ്ത മുന്‍ ചാമ്പ്യന്മാര്‍ അങ്ക്രിഷ് രഘുവന്‍ഷി (144), രാജ് ബാവ (162) എന്നിവരുടെ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ 405 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉഗാണ്ട നേടിയത് 79 റണ്‍സാണ്.
തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുക എന്ന നയമായിരുന്നു ഇന്ത്യക്ക്. ക്രീസിലെത്തിയ ഏഴ് ബാറ്റര്‍മാരില്‍ ആറ് പേരുടേയും പ്രഹരശേഷി 100 ന് മുകളിലായിരുന്നു. രഘുവന്‍ഷി, രാജ് ബാവ എന്നിവരൊഴിച്ച് ആരും വലിയ സ്‌കോറിലേക്ക് എത്തിയില്ല. 120 പന്തില്‍ നിന്നായിരുന്നു രഘുവന്‍ഷി 144 റണ്‍സ് നേടിയത്. 22 ഫോറും നാല് സിക്‌സറുകളും അടങ്ങിയതായിരുന്നു ഇന്നിങ്‌സ്. രാജ് ബാവയാകട്ടെ കേവലം 108 പന്തില്‍ നിന്നാണ് 162 റണ്‍സ് എടുത്തത്. 14 ഫോറുകളും എട്ട് സിക്‌സറുകളും ഉള്‍പ്പെട്ട തകര്‍പ്പന്‍ ബാറ്റിങ്. ഉഗാണ്ടക്കായി പാസ്‌കല്‍ മുരുങ്കി മൂന്ന് വിക്കറ്റെടുത്തു.
കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഉഗാണ്ട പോരാട്ടം പോലും കാഴ്ച വെക്കാതെയായിരുന്നു കീഴടങ്ങിയത്. ബാറ്റിങ് നിരയില്‍ മുരുങ്കിയും (34) റൊണാള്‍ഡ് ഒപ്പിയോയും (11) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കായി നിഷാന്ത് സിന്ധും നാല് വിക്കറ്റ് നേടി. അണ്ടര്‍-19 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ തവണയാണ് വലിയ വിജയം ഇന്ത്യ സ്വന്തമാക്കുന്നത്.

