Sports (Page 110)

ഫ്രഞ്ച് ഓപ്പണില്‍ റാഫേല്‍ നദാല്‍ ഫൈനലിലെത്തി. രണ്ടാം സെറ്റിലെ ടൈബ്രേക്കറിനിടെ എതിരാളി അലക്‌സാണ്ടര്‍ സ്വരെവ് പരുക്കേറ്റ് പിന്‍മാറുകയായിരുന്നു. രണ്ടാം സെറ്റ് 6-6ന് നില്‍ക്കേയാണ് സ്വരേവിന് പരുക്കേറ്റത്.ഒന്നരമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 7-6നാണ് നദാല്‍ ആദ്യ സെറ്റ് നേടിയത്.

പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന നദാലിന്റെ മുപ്പതാം ഗ്രാന്‍സ്ലാം ഫൈനലാണിത്. ഇരുപത്തിയൊന്‍പത് ഫൈനലുകളില്‍ നദാല്‍ 21 കിരീടം നേടിയിട്ടുണ്ട്. ഞായറാഴ്ചത്തെ ഫൈനലില്‍ കാസ്പര്‍ റൂഡ്-മാരിന്‍ ചിലിച് രണ്ടാം സെമി വിജയിയെ നദാല്‍ നേരിടും.

രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരെ ബ്രസീലിന് വന്‍വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കാനറികളുടെ വിജയം. രണ്ട് പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ച നെയ്മറും റിച്ചാലിസണും ഫിലിപ്പോ കുട്ടിഞ്ഞോയും ഗബ്രിയേല്‍ ജീസസുമാണ് ബ്രസീലിനായി ഗോളടിച്ചത്. ഹവാന്‍ യു ജോ കൊറിയയുടെ ആശ്വാസ ഗോള്‍ നേടി.

അതേസമയം, കളിയില്‍ രണ്ട് ഗോള്‍ നേടിയ നെയ്മര്‍ ബ്രസീലിനായി 72 ഗോള്‍ തികച്ചു. ഫുട്ബോള്‍ ഇതിഹാസം പെലയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ അഞ്ച്് ഗോള്‍ കൂടി നേടിയാല്‍ മതി. 91 മത്സരങ്ങളില്‍ നിന്നാണ് പെലെ 77 ഗോള്‍ നേടിയതെങ്കില്‍ നെയ്മര്‍ 117 മത്സരങ്ങളില്‍ ഇതുവരെ ബ്രസീല്‍ ജഴ്സിയണിഞ്ഞു. 98 മത്സരങ്ങളില്‍ 62 ഗോള്‍ നേടിയ റൊണാള്‍ഡോയാണ് മൂന്നാം സ്ഥാനത്ത്.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ റിച്ചാല്‍സണാണ് ബ്രസീലിനായി ആദ്യ ഗോള്‍ നേടിയത്. ഫ്രെഡിന്റെ അസിസ്റ്റിലാണ് റിച്ചാലിസണ്‍ ഗോള്‍ നേടിയത്. എന്നാല്‍ ഹവാന്‍ യു ജോ ദക്ഷിണ കൊറിയക്കായി സമനില ഗോള്‍ നേടി. എന്നാല്‍ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ ആദ്യ പകുതിയില്‍ തന്നെ നെയ്മറിലൂടെ ലീഡെടുത്തു. 42-ാം മിനിറ്റില്‍ അലക്സ് സാഡ്രോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാള്‍ട്ടി നെയ്മര്‍ ലക്ഷ്യത്തിലെത്തിച്ചു. അലക്സിനെ പെനാള്‍ട്ടി ബോക്സില്‍ വീഴ്ത്തിയതിന് വീണ്ടും ബ്രസീലിന് റഫറി പെനാള്‍ട്ടി അനുവദിച്ചു. രണ്ടാമതും പെനാള്‍ട്ടിയെടുത്ത നെയ്മറിന് പിഴച്ചില്ല. 57-ാം മിനിറ്റില്‍ ബ്രസീല്‍ 3-1 ന് മുന്നില്‍. 71-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറേയും 78-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിനേയും ബ്രസീല്‍ കളത്തിലിറക്കി. രണ്ട് ഗോളടിച്ച നെയ്മറിന് പകരമെത്തിയ ഫിലിപ്പോ കുട്ടിഞ്ഞോ രണ്ട് മിനിറ്റിനുള്ളില്‍ കൊറിയന്‍ വലയില്‍ നാലാം ഗോള്‍ അടിച്ചു. ഗോളടി അവസാനിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ബ്രസീല്‍ ഇഞ്ചുറി ടൈമില്‍ ഗബ്രിയേലിലൂടെ അഞ്ചാം ഗോളും കണ്ടെത്തി.

കൊല്‍ക്കത്ത: ജീവിതത്തിന്റെ ‘പുതിയ അദ്ധ്യായ’ത്തിലേക്ക് കടക്കുന്നതായും എല്ലാവരുടെയും പിന്തുണ വേണമെന്നുമുളള സൗരവ് ഗാംഗുലിയുടെ ട്വീറ്റില്‍ വിശദീകരണമായി. ലോകമാകെയുളള വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ‘എഡ്യുക്കേഷന്‍ ആപ്പ്’ ആണ് ഗാംഗുലി ആരംഭിക്കാന്‍ പോകുന്നത്.

ഗാംഗുലിയുടെ പോസ്റ്റ് വന്നതോടെ അദ്ദേഹം ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്നും പ്രചരിച്ചു. ഏത് പാര്‍ട്ടിയിലേക്കാവും അദ്ദേഹം എത്തുക എന്നപേരില്‍ വരെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഗാംഗുലി ബിസിസിഐ അദ്ധ്യക്ഷ പദവി ഒഴിഞ്ഞിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ വ്യക്തമാക്കി.

‘1992ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ മുപ്പതാം വാര്‍ഷികമാണ് 2022.അതിനുശേഷം ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കി. അതിലേറ്റവും പ്രധാനം നിങ്ങളെനിക്ക് നല്‍കിയ പിന്തുണയാണ്. ഈ യാത്രയില്‍ പിന്തുണച്ച് ഇന്ന് ഈ നിലയിലെത്താന്‍ സഹായിച്ച ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. ഇനി ഒരുപാടുപേര്‍ക്ക് സഹായകമാകുന്ന പുതിയൊരു സംരംഭം തുടങ്ങാന്‍ ഞാന്‍ ആലോചിക്കുകയാണ്. ജീവിതത്തിന്റെ തുടര്‍ന്നുളള അദ്ധ്യായത്തിലും നിങ്ങളുടെയെല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു’- ഇതായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്.

യൂറോ ചാമ്ബ്യന്‍സും കോപ അമേരിക്ക വിജയികളും തമ്മിലുള്ള ഫൈനലിസ്മ പോരാട്ടത്തില്‍ ഇറ്റലിക്കെതിരെ ആധികാരിക ജയവുമായി അര്‍ജന്റീന.

എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. 28-ാം മിനിറ്റില്‍ മാര്‍ട്ടിനെസ്സും ആദ്യ പകുതിയുടെ അധിക സമയത്ത് ഡി മരിയയും ഇഞ്ചുറി സമയത്ത് പൌലോ ഡിബാലയും ആണ് ഗോളുകള്‍ നേടിയത്.

മെസ്സി കളം നിറഞ്ഞ് കളിച്ച മത്സരത്തില്‍ ആധികാരികമായിരുന്നു അര്‍ജന്റീനയുടെ വിജയം. ചരിത്രത്തിലെ മൂന്നാമത് ഫൈനലിസ്മ മത്സരമായിരുന്നു ഇന്നത്തേത്. അര്‍ജന്റീനയുടെ രണ്ടാമത്തെ ഫൈനലിസ്മ വിജയവും.

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സ്ഥാനം സൗരവ് ഗാംഗുലി രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 30 വര്‍ഷമായി ക്രിക്കറ്റ് രംഗത്തുള്ള താന്‍ പുതിയൊരു സംരഭം തുടങ്ങാനൊരുങ്ങുകയാണെന്നും ക്രിക്കറ്റില്‍ തന്നെ പിന്തുണക്കുകയും സ്‌നേഹിക്കുകയും ചെയ്ത എല്ലാവരും പുതിയ സംരംഭത്തിലൂം കൂടെയുണ്ടാകണമെന്നും പറഞ്ഞ് ഗാംഗുലി ചെയ്ത ട്വീറ്റാണ് അദ്ദേഹം ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് കാരണമായത്. എന്നാല്‍, ഇതുസംബന്ധിച്ച് ബിസിസിഐയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളില്ല.

‘1992ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്ര 2002ലെത്തുമ്‌ബോള്‍ 30-ാം വര്‍ഷത്തിലെത്തിയിരിക്കുന്നു. ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കി. അതിലേറ്റവും പ്രധാനം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്. എന്റെ ഈ യാത്രയില്‍ പിന്തുണക്കുകയും എന്നെ ഈ നിലയിലെത്താന്‍ പ്രാപ്തനാക്കുകയും ചെയ്ത ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി ഞാന്‍ ആലോചിക്കുന്നത്. എന്റെ ജീവിതത്തിന്റെ പുതിയ അധ്യായത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു’-ഗാംഗുലി കുറിച്ചു.

ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു സാംസണ്‍ ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവെച്ചത് .ഫൈനലില്‍ ഗുജറാത്തിനോട് പരാജയപ്പെട്ടെങ്കിലും രാജസ്ഥാന് കായിക പ്രേമികള്‍ നിറഞ്ഞ കൈയടി നല്‍കിയിരുന്നു. ഇപ്പോഴിതാ സഞ്ജുവിന്റെ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപി. സോഷ്യല്‍ മീഡിയ വഴിയാണ് താരത്തിന്റെ പ്രതികരണം.

താരത്തിന് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ജഴ്സി അയച്ചുകൊടുത്തിരുന്നു. രാജസ്ഥാന്‍ ഫ്രാഞ്ചൈസിക്കുള്ള നന്ദിയും നടന്‍ അറിയിച്ചു. ടീമിന്റെ ഭാവിക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന താരം ജേഴ്സിയുടെ ചിത്രവും പങ്കുവച്ചു . എസ്.ജി 250 എന്നാണ് ജേഴ്സിയില്‍ എഴുതിയിരിക്കുന്നത്.

മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ക്കായി പിച്ചും ഗ്രൗണ്ടും ഒരുക്കിയ ക്യൂറേറ്റര്‍മാര്‍ക്കും ഗ്രൗണ്ട്സ്മാന്‍മാര്‍ക്കും പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ആറ് സ്റ്റേഡിയങ്ങളിലെ ക്യൂറേറ്റര്‍മാര്‍ക്കും ഗ്രൗണ്‍സ്മാന്‍മാര്‍ക്കുമായി 1.25 കോടി രൂപയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്.

ബിസിസിഐയുടെ ചരിത്രത്തിലാദ്യമായാണ് ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് ഇത്രയും വലിയ തുക പാരിതോഷികം പ്രഖ്യാപിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ആറ് വേദികളില്‍ മാത്രമാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടത്തിയത്. ആറ് വേദികളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ക്ക് വേദിയായ വാങ്കഡെ, ഡിവൈ പാട്ടീല്‍, എംസിഎ, പൂനെ സ്റ്റേഡിയങ്ങള്‍ക്ക് 25 ലക്ഷം വീതവും പ്ലേ ഓഫിന് വേദിയായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിനും ഫൈനലിന് വേദിയായ അഹമ്മദാബാദ് സ്റ്റേഡിയത്തിനും 12.5 ലക്ഷം വീതവുമാണ് പാരിതോഷികം ലഭിക്കുക. ഐപിഎല്‍ ലീഗ് റൗണ്ടിലെ 70ഓളം മത്സരങ്ങള്‍ക്ക് വേദിയായത് മഹാരാഷ്ട്രയിലെ നാല് സ്റ്റേഡിയങ്ങളായിരുന്നു.

ഐപിഎല്‍ പതിനഞ്ചാം സീസണിലെ പ്രധാന അവാര്‍ഡുകളെല്ലാം സ്വന്തമാക്കിയതിന്റെ തിളക്കത്തിലാണ് ജോസ് ബട്ലര്‍. കൂടുതല്‍ റണ്‍സ്, കൂടുതല്‍ സിക്സറുകള്‍, കൂടുതല്‍ ഫോറുകള്‍, സീസണിലെ മികച്ച പവര്‍ പ്ലയര്‍ എന്നിവ ബട്‌ലറിന് സ്വന്തം. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഫൈനലില്‍ നിറഞ്ഞാടാനായില്ലെങ്കിലും ഓറഞ്ച് ക്യാപ്പടക്കം ആറ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയാണ് 15-ാം സീസണ്‍ ബട്ലര്‍ തന്റെ കൈപ്പിടിയിലാക്കിയത്.

4 സെഞ്ചറിയും 4 അര്‍ധ സെഞ്ചറിയും സ്വന്തമാക്കിയ ബട്‌ലര്‍ 83 ഫോറും 45 സിക്സറുകളുമാണ് നേടിയത്. 2016സീസണില്‍ 973 റണ്‍സ് നേടിയ വിരാട് കോലിയുടെ റെക്കോഡ് തകര്‍ക്കാന്‍ ബട്‌ലര്‍ക്ക് സാധിച്ചില്ലെങ്കിലും ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം നിലവില്‍ ബട്ലറാണ്. ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഓവര്‍സീസ് താരമാവാനും ബട്‌ലര്‍ക്കായി. 863 റണ്‍സാണ് ബട്‌ലറുടെ സമ്ബാദ്യം. 2016ല്‍ 848 റണ്‍സ് നേടിയിരുന്ന അന്നത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയാണ് ബട്‌ലര്‍ മറികടന്നത്. 10 ലക്ഷം രൂപ വീതമുള്ള 10 പുരസ്‌കാരങ്ങളാണ് ഐപിഎല്ലില്‍ നല്‍കുന്നത്. സൂപ്പര്‍ സ്ട്രൈക്കര്‍ക്കുള്ള പുരസ്‌കാരം സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളും, ഫെയര്‍പ്ലേ പുരസ്‌കാരമായി ടീമുകള്‍ക്കു ട്രോഫിയുമാണു നല്‍കുന്നത്. ഇവ രണ്ടും ഒഴിച്ചുള്ള 10 പുരസ്‌കാരങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതമാണു നല്‍കുക.

അവാര്‍ഡ് ജേതാക്കള്‍

ഓറഞ്ച് ക്യാപ്പ്: ജോസ് ബട്ലര്‍ (863 റണ്‍സ്)

പര്‍പ്പിള്‍ ക്യാപ്പ്: യുസ്വേന്ദ്ര ചെഹല്‍ (27 വിക്കറ്റ്)

പ്ലെയര്‍ ഓഫ് ദി സീസണ്‍ : ജോസ് ബട്ലര്‍

എമര്‍ജിങ് പ്ലെയര്‍ : ഉമ്രാന്‍ മാലിക്

ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍: ജോസ് ബട്ലര്‍ (45)

ഏറ്റവും കൂടുതല്‍ ഫോറുകള്‍: ജോസ് ബട്ലര്‍ (83)

സൂപ്പര്‍ സ്ട്രൈക്കര്‍: ദിനേഷ് കാര്‍ത്തിക് (സ്ട്രൈക്ക് റേറ്റ് 183.33)

ഗെയിം ചേഞ്ചര്‍: ജോസ് ബട്ലര്‍

ഫെയര്‍പ്ലേ അവാര്‍ഡ്: ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്

പവര്‍ പ്ലെയര്‍: ജോസ് ബട്ലര്‍

ഏറ്റവും വേഗമേറിയ ഡെലിവറി: ലോക്കി ഫെര്‍ഗൂസണ്‍ (157.3 കിമീ.)

മികച്ച ക്യാച്ച്: എവിന്‍ ലൂയിസ്

ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങിനിടെ കൂറ്റന്‍ ജഴ്സി പ്രദര്‍ശിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടി ഐപിഎല്ലിന്റെ പതിനഞ്ചാം എഡിഷന്‍ വന്‍ കുതിച്ചുചാട്ടം നടത്തി. മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

ടൂര്‍ണമെന്റിന്റെ 15-ാം പതിപ്പിനെ പ്രതിനിധീകരിച്ച് 15 എന്ന നമ്ബരായിരുന്നു ജേഴ്‌സിക്ക്. ഐപിഎല്‍ 2022ല്‍ പങ്കെടുത്ത 10 ടീമുകളുടെയും ചിഹ്നങ്ങളും ഇതിലുണ്ടായിരുന്നു. പിന്നീട്, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ജേഴ്‌സി ലോഞ്ചിന്റെ വീഡിയോ ഐപിഎല്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

അഹമ്മദാബാദ്: ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഐപിഎല്‍ കിരീടം.

ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

43 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സിക്‌സറിലൂടെയാണ് ഗില്‍ ഗുജറാത്തിന്റെ വിജയറണ്‍ നേടിയത്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. സ്‌കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 130-9, ഗുജറാത്ത് ടൈറ്റന്‍സ് 18.1 ഓവറില്‍ 133-3. ഐപിഎല്ലില്‍ കിരീടം നേടുന്ന നാലാമത്തെ ഇന്ത്യന്‍ നായകനാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. എം എസ് ധോണി, രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍ എന്നിവരാണ് പാണ്ഡ്യക്ക് മുമ്ബ് ഐപിഎല്‍ കിരീടം നേടിയ ഇന്ത്യന്‍ നായകന്‍മാര്‍.