Sports (Page 109)

കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പ് യോഗ്യത തേടി ഇന്ത്യ ഇന്ന് കംബോഡിയക്കെതിരെ. ഇറങ്ങും. കംബോഡിയ, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഈ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമത് എത്തുമെന്നാണ് ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ പ്രതീക്ഷ.

എന്നാല്‍, ഏഷ്യന്‍ കപ്പിനായുള്ള ഒരുക്കവും സ്റ്റിമാചിന് കീഴിലുള്ള ഇന്ത്യയുടെ പ്രകടനവും ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആശങ്ക നല്‍കുന്നുണ്ട്. ജോര്‍ദാനെതിരായ അവസാന മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നു.

ഇന്ന് നടക്കുന്ന മത്സരത്തില്‍ മികച്ച ഇലവനെ ആകും ഇന്ത്യ ഇറക്കുക. യുവതാരം ലിസ്റ്റണ്‍ സുനില്‍ ഛേത്രിക്ക് ഒപ്പം ആദ്യ ഇലവനില്‍ തന്നെ ഇറങ്ങുമെന്നാണ് പ്രതീക്ഷ. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ആഷിഖ് കരുണിയനും ടീമിനൊപ്പം ഉണ്ടാകും.

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ സൈമണ്ട്‌സിന് ആദരസൂചകമായി മൈതാനത്ത് കറുത്ത ആം ബാന്‍ഡ് ധരിച്ച് ഇറങ്ങി.

രണ്ട് തവണ ലോകകപ്പ് നേടിയ ടീമിലംഗമായ ആന്‍ഡ്രൂ സൈമണ്ട്സ് മെയ് മാസത്തില്‍ ക്വിന്‍സ്ലന്‍ഡില്‍ വെച്ചാണ് കാറപകടത്തില്‍ മരണമടഞ്ഞത്. 46 വയസായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറില്‍ ഒരാളായിരുന്നു. ഓസ്‌ട്രേലിയക്കായി 26 ടെസ്റ്റും 198 ഏകദിനങ്ങളും 14 ട്വന്റി 20കളും കളിച്ചു. 2003ലും 2007ലും ലോകകിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായി. 2003 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞുനിന്നു. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന്റെയും മുംബൈ ഇന്ത്യന്‍സിന്റേയും താരമായിരുന്നു. ആദ്യ സീസണ്‍ ഐപിഎല്ലില്‍ സെഞ്ച്വറിയും ഡെക്കാനൊപ്പം കിരീടവും നേടിയിട്ടുണ്ട് ആന്‍ഡ്രൂ സൈമണ്ട്സ്. വിരമിച്ച ശേഷം ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ കമന്റേറ്ററായി സേവനമനുഷ്ടിച്ചിരുന്നു.

ആന്‍ഡ്രൂ സൈമണ്ട്സ് ഏകദിനത്തില്‍ 5000ലേറെ റണ്‍സും നൂറിലേറെ വിക്കറ്റുമുള്ള അപൂര്‍വ താരങ്ങളിലൊരാളാണ്. 11 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 198 ഏകദിനങ്ങളില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി. 26 ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റും 14 രാജ്യാന്തര ടി20യില്‍ 337 റണ്‍സും 8 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ 39 മത്സരങ്ങളില്‍ 974 റണ്‍സും 20 വിക്കറ്റും സ്വന്തമാക്കി. ഒപ്പം എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായും സൈമണ്ട്സ് വിശേഷിപ്പിക്കപ്പെടുന്നു.

പാരിസ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഫുട്ബോള്‍ താരം പിഎസ്ജിയുടെ എംബാപ്പെയെന്ന് സ്വിസ് റിസര്‍ച്ച് ഗ്രൂപ്പായ സിഐഇഎസ് ഫുട്ബോള്‍ ഒബ്സര്‍വേറ്ററിയുടെ പഠനം.റയല്‍ മാഡ്രിഡിന്റെ വിനിഷ്യസ് ജൂനിയര്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലന്‍ഡ് എന്നിവരാണ് എംബാപ്പെയ്ക്ക് പിന്നിലുള്ളത്. 205.6 മില്യണ്‍ യൂറോയാണ് എംബാപ്പെയുടെ ട്രാന്‍സ്ഫര്‍ വാല്യു. 185.3 മില്യണ്‍ യൂറോയാണ് വിനിഷ്യന്‍ ജൂനിയറിന്റെ ട്രാന്‍സ്ഫര്‍ മൂല്യം. എര്‍ലിങ് ഹാലന്‍ഡിന്റേത് 152.6 മില്യനും.

ബാഴ്സയുടെ യുവതാരം പെഡ്രിയാണ് പട്ടികയില്‍ നാലാമത്. 135.1 മില്യണ്‍ യൂറോയാണ് പെഡ്രിയുടെ ട്രാന്‍സ്ഫര്‍ മൂല്യം. ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാം ആണ് അഞ്ചാമത്. 133.7 മില്യണ്‍ യൂറോയാണ്. ട്രാന്‍സ്ഫര്‍ മൂല്യത്തിലെ റെക്കോര്‍ഡ് നെയ്മറുടെ പേരില്‍ തുടരുകയാണ്. 2017ല്‍ ബാഴ്സയില്‍ നിന്ന് പിഎസ്ജിയിലേക്ക് 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ എത്തി.

കളിക്കാരുടെ പ്രായം, പ്രകടനം, കരിയറിലെ മുന്നേറ്റം എന്നിവ പരിഗണിച്ചാണ് സിഐഇഎസ് ട്രാന്‍സ്ഫര്‍ മൂല്യം നിശ്ചയിക്കുന്നത്. സിഐഇഎസിന്റെ ആദ്യ പത്തില്‍ 41 കളിക്കാരും പ്രീമിയര്‍ ലീഗില്‍ കളിക്കുന്നവരാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രുയ്നിന്‍ ആണ് പട്ടികയില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രായം കൂടിയ താരം, മൂല്യം 57.3 മില്യണ്‍ യൂറോ.

ടോക്കിയോ: സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജപ്പാനെ കീഴടക്കി ബ്രസീല്‍. സൂപ്പര്‍താരം നെയ്മറാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. റിച്ചാലിസണെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി നെയ്മര്‍ അനായാസം വലയിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ ബ്രസീലിന്റെ ആധിപത്യമായിരുന്നു. 21 ഷോട്ടുകളാണ് ബ്രസീല്‍ താരങ്ങള്‍ ജപ്പാന്‍ പോസ്റ്റിന് ലക്ഷ്യമാക്കി ഉതിര്‍ത്തത്. അതേസമയം, ജപ്പാന് ഏഴ് ഷോട്ടുകള്‍ മാത്രമാണ് ഉതിര്‍ക്കാന്‍ സാധിച്ചത്. ബോള്‍ കൈവശം വെക്കുന്നതിലും ചെറിയ മുന്‍തൂക്കം ബ്രസീലിനായിരുന്നു.

അതേസമയം, ജൂണ്‍ 2 ന് നടന്ന ദക്ഷിണ കൊറിയക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കാനറിപ്പടയുടെ വിജയം. ബ്രസീലിനായി സൂപ്പര്‍ താരം നെയ്മര്‍ ഇരട്ടഗോള്‍ നേടി. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ റിച്ചാര്‍ലിസണാണ് ബ്രസീലിനായി ആദ്യം വല കുലുക്കിയത്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ ഹ്വാങ് ഹുയി ജോ കൊറിയയെ ഒപ്പത്തിനൊപ്പമെത്തിച്ചു. 42ാം മിനിറ്റില്‍ അലക്‌സാണ്ട്രോയെ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തയതിന് കിട്ടിയ പെനാല്‍ട്ടി നെയ്മര്‍ വലയിലെത്തിച്ചു.

രണ്ടാം പകുതിയില്‍ 57ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി കൊറിയന്‍ ഡിഫന്റര്‍മാര്‍ അലക്‌സാണ്ട്രോയെ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തി. ഇതിന് ലഭിച്ച പെനാല്‍ട്ടിയും നെയ്മര്‍ വലയിലെത്തിച്ചു. 80ാം മിനിറ്റില്‍ ഫിലിപ്പ് കുട്ടീഞ്ഞോയും കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഗബ്രിയേല്‍ ജീസസും വലകുലുക്കി കൊറിയന്‍ വധം പൂര്‍ണ്ണമാക്കി.

സെവിയ: എസ്‌തോണിയക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം.

അഞ്ച് ഗോളും പിറന്നത് മെസ്സിയുടെ കാലില്‍ നിന്നാണ്. പരാജയമറിയാത്ത 33 ആം മത്സരമാണ് അര്‍ജന്റീനയുടേത്.

എട്ടാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ആദ്യഗോള്‍ നേടിയ മെസ്സി 45, 47, 71, 76 മിനിറ്റുകളിലും ലക്ഷ്യംകണ്ടു. കരിയറില്‍ രണ്ടാം തവണയാണ് മെസ്സി അഞ്ചു ഗോള്‍ നേടുന്നത്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് പാരീസിലെ റോളണ്ട് ഗാരോസില്‍ 14-ാം കിരീടം സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ചൂടി.

സ്‌കോര്‍: 6-3, 6-3, 6-0. റാഫയുടെ കരിയറിലെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണ് 36-ാം വയസില്‍ സ്വന്തമായത്.

നാല് വര്‍ഷമായി റാഫേല്‍ നദാലിന്റെ അക്കാഡമിയില്‍ പരിശീലനം നടത്തിവരികയായിരുന്നു കാസ്പര്‍ റൂഡ്. ആദ്യ രണ്ട് റൗണ്ടുകളില്‍ ഭേദപ്പെട്ട ചെറുത്തുനില്‍പ് നടത്തിയെങ്കിലും നദാലിന്റെ കരുത്തിന് മുന്നില്‍ ശിഷ്യന് കാലുറപ്പിക്കാനായില്ല. മൂന്നാം സെറ്റില്‍ സമ്ബൂര്‍ണ മേധാവിത്തം പുലര്‍ത്തിയാണ് നദാല്‍ കിരീടം ഉയര്‍ത്തിയത്. ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ നോര്‍വീജിയന്‍ താരമെന്ന നേട്ടം 23കാരനായ റൂഡ് നേരത്തെ സ്വന്തമാക്കിയിരുന്നു.

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്ബര്‍താരം പോളണ്ടിന്റെ ഇഗാ ഷ്വാന്‍ടെക്ക് കിരീടം സ്വന്തമാക്കി. അമേരിക്കന്‍ കൗമാര താരം കോകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ഷ്വാന്‍ടെക് കിരീം നേടിയത്. സ്‌കോര്‍ 6-1, 6-3.

പതിനെട്ടുകാരിയായ ഗൗഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗയുടെ കിരീടനേട്ടം. സിംഗിള്‍സില്‍ ഇഗയുടെ തുടര്‍ച്ചയായ മുപ്പത്തിയഞ്ചാം വിജയവും ആറാം കിരിടനേട്ടവുമാണിത്. ആദ്യ സെറ്റില്‍ ഇഗയുടെ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഗൗഫിനായില്ല. ആദ്യ സെറ്റില്‍ രണ്ടു തവണ ഗൗഫിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത ഇഗ 6-1ന് സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിന്റെ തുടക്കത്തിലെ ഇഗയുടെ സെര്‍വ് ബ്രേക്ക് ചെയ്ത് ഗൗഫ് തിരിച്ചുവരവിന്റെ സൂചന നല്‍കി. എന്നാല്‍ പിന്നീട് നാലാം ഗെയിമില്‍ ഗൗഫിനെ ബ്രേക്ക് ചെയ്ത ഇഗ ഒപ്പമെത്തി. സ്വന്തം സെര്‍വ് നിലനിര്‍ത്തിയ ഇഗ, ഗൗഫിന്റെ അടുത്ത സെര്‍വും ബ്രേക്ക് ചെയ്ത് നിര്‍ണായക 4-2ന്റെ ലീഡെടുത്തു. സ്വന്തം സെര്‍വ് നിലനിര്‍ത്തിയെങ്കിലും തിരിച്ചുവരവിനുള്ള സാധ്യതകള്‍ അടച്ച് സ്വന്തം സെര്‍വ് നിലനിര്‍ത്തി ഇഗ കിരീടം നേടി.

ആദ്യ വനിതാ ഐപിഎല്‍ 2023 മാര്‍ച്ചില്‍ ആരംഭിക്കാനാണ് ബിസിസിഐ ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് വിന്‍ഡോകളാണ് പരിഗണനയിലുള്ളത്. മാര്‍ച്ചിലാണ് കൂടുതല്‍ സാധ്യതയെങ്കിലും സെപ്തംബറും പരിഗണനയിലുണ്ട്.

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുകളുമായും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലുമായും ബിസിസിഐ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മാര്‍ച്ചില്‍ വനിതാ ഐപിഎലിനായി വിന്‍ഡോ ഒരുക്കണമെന്ന ആവശ്യം ബിസിസിഐ ഐസിസിക്ക് മുന്നില്‍ വച്ചിട്ടുണ്ട്. വനിതാ ഐപിഎല്‍ എന്ന ആശയത്തോട് ക്രിക്കറ്റ് ബോര്‍ഡുകള്‍ പോസിറ്റീവായാണ് പ്രതികരിച്ചത്.

ആറ് ടീമുകളുമായി ഐപിഎല്‍ ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് വനിതാ ടീം ഒരുക്കാന്‍ താത്പര്യമുണ്ടെന്നാണ് വിവരം.

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി മുതല്‍ വനിതാ ടീമും. ഇതിന്റെ ആദ്യ പടിയായി വനിതാ ടീം ഡയറക്ടറെ പ്രഖ്യാപിച്ചു. നിലവില്‍ ഐഎസ്എല്‍ ടീമും റിസര്‍വ് ടീമും അക്കാദമി ടീമും ഉള്ള ബ്ലാസ്റ്റേഴ്‌സ് ഉടന്‍ തന്നെ ടീം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഒഡീഷ എഫ്‌സിയുടെ സീനിയര്‍ ടീം മാനേജര്‍ റജാഹ് റിസ്വാനാണ് വനിതാ, അക്കാദമി ടീമുകളുടെ ഡയറക്ടറായി സ്ഥാനമേറ്റത്. ഗോകുലം കേരള ഫസ്റ്റ് ടീമിന്റെ മുന്‍ മാനേജര്‍ കൂടെയാണ് റജാഹ് റിസ്വാന്‍.

ഫ്രഞ്ച് ഓപ്പണില്‍ റാഫേല്‍ നദാല്‍ ഫൈനലിലെത്തി. രണ്ടാം സെറ്റിലെ ടൈബ്രേക്കറിനിടെ എതിരാളി അലക്‌സാണ്ടര്‍ സ്വരെവ് പരുക്കേറ്റ് പിന്‍മാറുകയായിരുന്നു. രണ്ടാം സെറ്റ് 6-6ന് നില്‍ക്കേയാണ് സ്വരേവിന് പരുക്കേറ്റത്.ഒന്നരമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 7-6നാണ് നദാല്‍ ആദ്യ സെറ്റ് നേടിയത്.

പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന നദാലിന്റെ മുപ്പതാം ഗ്രാന്‍സ്ലാം ഫൈനലാണിത്. ഇരുപത്തിയൊന്‍പത് ഫൈനലുകളില്‍ നദാല്‍ 21 കിരീടം നേടിയിട്ടുണ്ട്. ഞായറാഴ്ചത്തെ ഫൈനലില്‍ കാസ്പര്‍ റൂഡ്-മാരിന്‍ ചിലിച് രണ്ടാം സെമി വിജയിയെ നദാല്‍ നേരിടും.