Recent Posts (Page 1,203)

ന്യൂഡൽഹി: കടുവ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അയൽ സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ചർച്ച നടത്തണം. 50 ലക്ഷമെങ്കിലും കർഷകന് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് വിഴ്ചയുണ്ടായെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച ചികിൽസ നൽകാൻ വിദഗ്ധ ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ല. മികച്ച ചികിത്സ കിട്ടിയില്ലെന്നും ആംബുലൻസ് അനുവദിച്ചതിലും വീഴ്ചയുണ്ടായെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

അതേസമയം, ആരോപണത്തിൽ പ്രതികരണവുമായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തിയിരുന്നു. ആരോപണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ചികിത്സാ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യവകുപ്പിലും ഉള്ള ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ട്. ഇതിൽ ഏത് വിഭാഗത്തിനാണ് വീഴ്ച പറ്റിയത് എന്ന് കണ്ടെത്തും. വയനാട്ടിൽ ചികിത്സാ സൗകര്യം കൂട്ടുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും വീണാ ജോർജ് മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു.

കോട്ടയം: സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിലെ വര്‍ധനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ രീതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോട്ടയം പ്രസ് ക്ലബില്‍ ഋഷിരാജ് സിംഗിന്റെ പുതിയ പുസ്തകത്തെ അപഗ്രഥിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തരൂരിന്റെ വാക്കുകള്‍

‘കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ മയക്കുമരുന്ന് കേസ് മൂന്ന് മടങ്ങായി വര്‍ധിച്ചു. കുട്ടികള്‍ എന്തുകൊണ്ട് ലഹരിയിലേക്ക് പോകുന്നുവെന്ന് പരിശോധിക്കണം. കുട്ടികള്‍ക്ക് കൊടുക്കുന്ന അമിത സമ്മര്‍ദമാണ് ഇതിന് പ്രധാന കാരണമായി ഋഷിരാജ് സിംഗ് പറയുന്നത്. കേരളത്തില്‍ കുട്ടികള്‍ക്കിടയില്‍ എല്ലാ കാര്യത്തിലും മത്സരമാണ് നടക്കുന്നത്. എല്ലാ കുട്ടികള്‍ക്കും പഠിക്കാന്‍ കഴിവുണ്ടാകണമെന്നില്ല. മറ്റുള്ള കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയുന്നില്ല. പഠനം മാത്രം ലക്ഷ്യമാക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ നല്ല മനുഷ്യരായി വളരുകയാണ് വേണ്ടത്. ഇന്ത്യയിലാകെ മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. പരീക്ഷയ്ക്ക് പഠിക്കണമെന്ന് മാത്രമല്ല, 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വേണമെന്ന നിര്‍ബന്ധം കൂടി കുട്ടികള്‍ക്ക് മുന്നില്‍ വെക്കുകയാണ്. അയല്‍വാസിയുടെ മകനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വേണം, അങ്ങനെയുള്ള സമ്മര്‍ദ്ദം എല്ലാ കുട്ടികള്‍ക്കും ഉണ്ട്. കുട്ടികള്‍ക്ക് ഈ ടെന്‍ഷന്‍ കാരണം ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകെ ഇതാണ് സ്ഥിതി. രാജസ്ഥാനിലെ കോട്ടയില്‍ കുട്ടികളുടെ ആത്മഹത്യ കൂടിവരികയാണ്. അവിടെ 2015 ല്‍ അഞ്ച് പേര്‍ ആത്മഹത്യ ചെയ്തു. 2022 ല്‍ 12 കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയായി. ഇങ്ങനെ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കരുത്. എല്ലാ കുട്ടികള്‍ക്കും പരീക്ഷയില്‍ പാസാവാനുള്ള കഴിവുണ്ടാവില്ല. അക്കാര്യം തിരിച്ചറിയണം. മറ്റ് മേഖലകളിലെ കുട്ടികളുടെ കഴിവ് വികസിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം കൊടുക്കുന്നില്ല. പരീക്ഷയെഴുതുന്ന മെഷീനുകളല്ല കുട്ടികള്‍. അവരെ നല്ല മനുഷ്യരാക്കണം. ആ കാര്യം മറക്കുന്നത് ദുഖകരമാണ്.’

കൊച്ചി: ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ മാദ്ധ്യമങ്ങളോട് ക്ഷോഭിച്ച് പി വി അൻവർ എംഎൽഎ. മറുപടി പറയാൻ സൗകര്യമില്ലെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പി വി അൻവറിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചതെന്ന് അൻവർ പരിഹസിക്കുകയും ചെയ്തു.

കൊച്ചിയിൽ വെച്ചാണ് ഇഡി പി വി അൻവറിനെ ചോദ്യം ചെയ്തത്. 10 വർഷം മുമ്പ് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. തന്റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാൽ 10 ശതമാനം ഷെയർ നൽകാമെന്നും അൻവർ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശിയായ വ്യവസായി സലീം ഇഡിയ്ക്ക് മൊഴി നൽകിയിരുന്നു. മാസം തോറും 50000 രൂപവീതം ലാഭ വിഹിതമായി നൽകാമെന്നും അറിയിച്ചു. 10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പി വി അൻവറിന് കൈമാറിയെന്നും ഇയാൾ പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്.

പണം നൽകിയെങ്കിലും ലാഭവിഹിതം കിട്ടിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അൻവറിന് സ്വന്തമായി ക്വാറിയില്ലെന്നും ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുളള ക്വാറി കാണിച്ചാണ് പണം തട്ടിയെടുത്തതെന്നും ചൂണ്ടിക്കാട്ടിയാണ് സലീം പരാതി നൽകിയത്.

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തെളിവായി ഹാജരാക്കിയ ഡിവിഡികളുടെ പകർപ്പ് പ്രതികൾക്ക് നൽകാൻ ഉത്തരവിട്ട് കോടതി. 20 ഡിവിഡികളുടെ പകർപ്പുകൾ പ്രതികൾക്ക് നൽകണമെന്നാണ് തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ വിദ്യാധരനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതികൾക്ക് നൽകാനുള്ള ഡിവിഡി പകർപ്പുകൾ ഹാജരാക്കണമെന്ന ഉത്തരവ് പ്രകാരമാണ് എഫ് എസ് എൽ അധികൃതർ ഡിവിഡി പകർപ്പുകൾ ഹാജരാക്കിയത്. റെക്കോർഡുകൾ ഒത്തു നോക്കുന്നതിനായി കേസ് ഫെബ്രുവരി 16ലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം കേസിലെ മൂന്നാം പ്രതി ഇ പി ജയരാജന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് രണ്ടു വർഷത്തേക്ക് പുതുക്കി നൽകാനും കോടതി അനുമതി നൽകി. കണ്ണൂർ പാസ്പോർട്ട് അധികൃതർക്കാണ് കോടതി ഇത് സംബന്ധിച്ച അനുമതി നൽകിയത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ പാർട്ടി തീരുമാനിക്കുന്നത് പ്രകാരം വിദേശരാജ്യങ്ങളിൽ പോയി വരാനുള്ളതിനാൽ കോടതിയുടെ നിരാക്ഷേപ പത്രം വേണമെന്ന് ആവശ്യപ്പെട്ട് ഇ പി ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദവിഷയങ്ങളില്‍ ചെയര്‍മാന്‍ അടൂര്‍ഗോപാലകൃഷ്ണന് പിന്തുണയുമായി പോളിറ്റ് ബ്യൂറോ മെമ്ബര്‍ എം.എ ബേബി. മഹാനായ ചലച്ചിത്രകാരനായ അടൂരിനെ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ പ്രവര്‍ത്തനമാണെന്ന് കരുതുന്നവര്‍ രാഷ്ട്രീയ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ കുറച്ചു വിദ്യാര്‍ത്ഥികളും ചില തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചു വരികയാണ്. ദൃശ്യമാധ്യമങ്ങളില്‍ വിദ്യാഭ്യാസത്തിനും പഠനത്തിനും ഇന്ത്യക്കാകെയും സംഭാവന നല്കേണ്ടുന്ന ഒരു സ്ഥാപനമാണ് കെആര്‍എന്‍ഐവിഎസ്എ. പൂണെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ യൂണിയന്‍ സര്‍ക്കാരിന്റെ വര്‍ഗീയ രാഷ്ട്രീയത്താല്‍ തകര്‍ക്കപ്പെടുന്ന കാലത്ത് ഈ സ്ഥാപനത്തിന്റെ നിലനില്പും വളര്‍ച്ചയും രാഷ്ട്രീയപ്രാധാന്യവും നേടുന്നു. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ചലച്ചിത്രകാരന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ ആണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷന്‍. മഹാനായ ചലച്ചിത്രകാരന്‍ എന്നത് കൂടാതെ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷതയടക്കമുള്ള ചുമതലകള്‍ വഹിച്ചിട്ടുള്ള സ്ഥാപനനായകനുമാണ് അദ്ദേഹം.

അടൂര്‍ പറയുന്ന വാക്കുകള്‍ ഓരോന്നും എടുത്ത് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ ഒരു പ്രവര്‍ത്തനം ആണെന്ന് ആരെങ്കിലും കരുതുന്നു എങ്കില്‍ അവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണം എന്നുമാത്രമേ എനിക്ക് പറയാനുള്ളു. തന്റെ ജീവിതചുറ്റുപാടുകള്‍ക്ക് നേരെ ക്യാമറ തിരിച്ചു വച്ച മഹാനായ കലാകാരനാണ് അദ്ദേഹം. അടൂരിനെ ഒരു ജാതിവാദി എന്നൊക്കെ വിളിക്കുന്നത് കുറഞ്ഞ പക്ഷം ഭോഷ്‌കാണ്. മലയാളസിനിമയില്‍ എന്നും നിലനിന്നിരുന്ന ജാതിവിഭാഗീയതയില്‍ നിന്ന് അടൂര്‍ തന്റെ അമ്ബത് വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ മാറിനിന്നു. തന്റെ പ്രതിഭയുടെ മികവ് കൊണ്ടുമാത്രമാണ് ജാതി ക്ലിക്കുകളുടെ തരംതാണ സഹായത്തിനായി പോവേണ്ട സാഹചര്യം അടൂരിന് ഉണ്ടാവാതിരുന്നത്. അടൂരിനെ ഒരു ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണ്.

ഇന്നത്തെ ഇന്ത്യയിലെ മനുവാദ അര്‍ധ ഫാഷിസ്റ്റ് സര്‍ക്കാരിനെതിരെ നിരന്തരം ഉയര്‍ന്ന ശബ്ദങ്ങളില്‍ ഒന്ന് അടൂരിന്റേതാണെന്നത് ചെറിയ കാര്യമല്ല. വെറും മൗനം കൊണ്ടുമാത്രം അദ്ദേഹത്തിന് നേടാമായിരുന്ന പദവികള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ അധ്യക്ഷസ്ഥാനം ഒന്നും അല്ല. ജീവിതകാലം മുഴുവന്‍ അടൂര്‍ ഒരു മതേതരവാദിയായിരുന്നു. വര്‍ഗീയതയ്ക്കും ജാതിമേധാവിത്വത്തിനും എതിര് നിന്നു. സ്വയംവരം നിര്‍മിച്ചതിന്റെ അമ്ബതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേള അടൂരിന്റെ ചലച്ചിത്ര സംഭാവനകളെക്കുറിച്ച് ആദരവര്‍പ്പിക്കേണ്ടതാണ്. ഓരോ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ പ്രകോപിക്കാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂര്‍. അമ്ബത് വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹം എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയവുമാണ് അടൂര്‍.’

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മു കശ്മീരില്‍ ചില ഭാഗങ്ങളില്‍ കാല്‍നട യാത്ര നടത്തരുതെന്നും കാറില്‍ സഞ്ചരിക്കണമെന്നുമാണ് നിര്‍ദേശം. യാത്ര ശ്രീനഗറില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലെന്നും അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, നിലവില്‍ പഞ്ചാബിലാണ് യാത്ര പര്യടനം തുടരുന്നത്. നാളെ ഹിമാചല്‍ പ്രദേശില്‍ പ്രവേശിക്കും. വീണ്ടും പഞ്ചാബിലൂടെ സഞ്ചരിച്ച് വ്യാഴാഴ്ച കശ്മീരിലെ കാഠ്വയില്‍ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലില്‍ ദേശീയ പതാക ഉയര്‍ത്തും. ജനുവരി 27ന് അനന്ത്‌നാഗ് വഴി ശ്രീനഗറില്‍ പ്രവേശിക്കും. ജനുവരി 30ന് ശ്രീനഗറിലാണ് സമാപന സമ്മേളനം.

യാത്ര കടന്നു പോകുന്ന പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന തുടരുകയാണ്. രാഹുല്‍ ഗാന്ധിക്ക് നിലവില്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്. യാത്രയ്ക്കിടെ നിരവധി സുരക്ഷാവീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ മാസം കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 2020 മുതല്‍ നിരവധി തവണ സുരക്ഷാ പ്രോട്ടോക്കോള്‍ രാഹുല്‍ ഗാന്ധി ലംഘിച്ചതായി കേന്ദ്രം മറുപടി നല്‍കിയിരുന്നു.

ന്യൂയോര്‍ക്ക്: ചൈനയുടെ എതിര്‍പ്പിനെ മറികടന്ന് ലഷ്‌കര്‍ ഇ തൊയ്ബ നേതാവും പാക് ഭീകരനുമായ അബ്ദുള്‍ റഹ്മാന്‍ മക്കിയെ ആഗോള ഭീകരവാദിയായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചു.

ലഷ്‌കര്‍ ഇ തൊയ്ബ നേതാവിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ സുരക്ഷാ കൗണ്‍സില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ചൈന ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

അതേസമയം, ലഷ്‌കര്‍ ഇ തൊയ്ബ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സഈദിന്റെ ഭാര്യാ സഹോദരന്‍ കൂടിയാണ് അബ്ദുള്‍ റഹ്മാന്‍ മക്കി. ഇന്ത്യയും അമേരിക്കയും നേരത്തെ തന്നെ ഇയാളെ ഭീകരവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ പ്രത്യേകിച്ചും ജമ്മു കശ്മീരിനെതിരെ ആക്രമണത്തിന് പദ്ധതി തയ്യാറാക്കുക, യുവാക്കളെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുക, റിക്രൂട്ട് ചെയ്യുക, ലഷ്‌കര്‍ ഇ തൊയ്ബയുടെ (എല്‍.ഇ.ടി.) ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടതായാണ് വിവരം.

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂരിനെ അഭിനന്ദിച്ച് മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. ശശി തരൂർ കേരളത്തിൽ സജീവമാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കേരളത്തിന്റെ സൃഷ്ടി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഭാ ആസ്ഥാനത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉത്തരായനം, പത്രോസ് മുതൽ ഫ്രാൻസിസ് വരെ എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശന ചടങ്ങാണ് നടന്നത്.

തരൂരിനെ പുസ്തക പ്രകാശന ചടങ്ങിന് കിട്ടിയത് ഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത നിരാസമല്ല മതേതരത്വമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക് ശശി തരൂർ നന്ദി അറിയിച്ചു.

ഡല്‍ഹി: തന്റെ ശസ്ത്രക്രിയ വിജയകരമാണെന്നും പരിക്കുകള്‍ ഭേദമാകുന്നതിനും വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ തയാറെടുക്കുകയാണെന്നും വാഹനാപകടത്തിനു ശേഷം ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത്. അപകടത്തിനു ശേഷം തനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ആശംസകള്‍ക്കും താരം ട്വിറ്ററില്‍ നന്ദി അറിയിക്കുകയും ചെയ്തു.

പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ ഒന്നര വര്‍ഷം വരെ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹം പൂര്‍ണ്ണമായും സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ന്യൂഡല്‍ഹി: രാജ്യത്തെ ഇടത്തരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തനിക്ക് വ്യക്തമായി അറിയാമെന്നും താനും ആ വിഭാഗത്തില്‍പ്പെട്ടയാളാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

‘മോദി സര്‍ക്കാര്‍ ഇതുവരെ ഒരു ബജറ്റിലും ഇടത്തരക്കാര്‍ക്കുമേല്‍ പുതിയ നികുതിഭാരം അടിച്ചേല്‍പ്പിച്ചിട്ടില്ല. ഇടത്തരക്കാര്‍ അനുഭവിക്കുന്ന സമ്മര്‍ദം വ്യക്തമായി അറിയാം. അഞ്ച് ലക്ഷംവരെ സമ്പാദിക്കുന്നവര്‍ക്കുമേല്‍ മോദി സര്‍ക്കാര്‍ ആദായനികുതി ചുമത്തിയിട്ടില്ല. പുതിയ നികുതികളൊന്നും അവര്‍ക്കുമേല്‍ വരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇടത്തരക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ 27 നഗരങ്ങളില്‍ മെട്രോ റെയില്‍വെ സര്‍വീസുകള്‍ തുടങ്ങിയത്. 100 സ്മാര്‍ട്ട് സിറ്റികളുടെ വികസനത്തിനും ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ജോലിക്കും സംരംഭങ്ങള്‍ തുടങ്ങുന്നതിനും നഗരങ്ങളിലേക്ക് കുടിയേറുന്നതിന് സൗകര്യമൊരുക്കാനാണിത്. ഇത്തരം നടപടികള്‍ ജനങ്ങളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കില്ലേ? തീര്‍ച്ചയായും വര്‍ധിപ്പിക്കും. സാധാരണക്കാരുടെ പോക്കറ്റിലേക്ക് നേരിട്ട് പണം എത്തിക്കുന്ന എന്നതല്ല ഉദ്ദേശിക്കുന്നത്. സ്മാര്‍ട്ട് സിറ്റികളും മെട്രോ പദ്ധതികളും പോലെയുള്ളവ അവര്‍ക്ക് പ്രയോജനപ്പെടും. രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ നല്‍കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തണം. ഓരോ സംസ്ഥാനത്തെയും സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത്, നടപ്പാക്കാന്‍ സാധിക്കുക കാര്യങ്ങള്‍ മാത്രമേ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി നല്‍കാവൂ. 2013-ല്‍ ദുര്‍ബലമായ അഞ്ച് സമ്പദ്വ്യവസ്ഥകളില്‍ ഒന്നായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ സമ്പദ്വ്യവസ്ഥയില്‍ വന്‍ മാറ്റങ്ങളുണ്ടാകുകയും ഇപ്പോള്‍ ലേകത്തെതന്നെ അതിവേഗം വളരുടെ സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുകയും ചെയ്തു’- ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യത്തിന് നല്‍കിയ അഭിമുഖത്തില്‍ ധനമന്ത്രി അവകാശപ്പെട്ടു.