കൊച്ചി: ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ മാദ്ധ്യമങ്ങളോട് ക്ഷോഭിച്ച് പി വി അൻവർ എംഎൽഎ. മറുപടി പറയാൻ സൗകര്യമില്ലെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പി വി അൻവറിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചതെന്ന് അൻവർ പരിഹസിക്കുകയും ചെയ്തു.
കൊച്ചിയിൽ വെച്ചാണ് ഇഡി പി വി അൻവറിനെ ചോദ്യം ചെയ്തത്. 10 വർഷം മുമ്പ് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. തന്റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാൽ 10 ശതമാനം ഷെയർ നൽകാമെന്നും അൻവർ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശിയായ വ്യവസായി സലീം ഇഡിയ്ക്ക് മൊഴി നൽകിയിരുന്നു. മാസം തോറും 50000 രൂപവീതം ലാഭ വിഹിതമായി നൽകാമെന്നും അറിയിച്ചു. 10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പി വി അൻവറിന് കൈമാറിയെന്നും ഇയാൾ പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്.
പണം നൽകിയെങ്കിലും ലാഭവിഹിതം കിട്ടിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അൻവറിന് സ്വന്തമായി ക്വാറിയില്ലെന്നും ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുളള ക്വാറി കാണിച്ചാണ് പണം തട്ടിയെടുത്തതെന്നും ചൂണ്ടിക്കാട്ടിയാണ് സലീം പരാതി നൽകിയത്.

