തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ . മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ മുരളീധരനെ അനുവദിക്കില്ലെന്ന് വിജയരാഘവൻ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ (Chief Minister) പ്രവർത്തനം രാജ്യത്തിന്റെ അഭിനന്ദനം നേടിയതാണ്. കേന്ദ്രമന്ത്രി എന്ന നിലയിൽ മുരളീധരൻ എന്ത് ചെയ്തുവെന്നും എ വിജയരാഘവൻ ചോദിച്ചു. അപഥ സഞ്ചാരത്തിന് മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുന്നയാളാണ് വി മുരളീധരനെന്നും വിജയരാഘവൻ ആരോപിച്ചു. വാക്സിൻ ക്ഷാമം തീർക്കാൻ പോലും മുരളീധരൻ ഇടപെട്ടില്ലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയർക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി (BJP) കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാൻ മുരളീധരന് എന്ത് യോഗ്യതയുണ്ടെന്നും വിജയരാഘവൻ ചോദിച്ചു.വി മുരളീധരൻ ആക്ഷേപം ഉന്നയിച്ച് കൊണ്ടേയിരിക്കുന്നു. ആക്ഷേപം ഉന്നയിക്കൽ മന്ത്രിയായി അദ്ദേഹം മാറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജനകീയമാക്കാൻ വലിയ തോതിൽ ഇടപെടണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ ചുരുങ്ങിയത് ഒരു കോടി ലഭിക്കണം. വാക്സിൻ കൂടുതൽ അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണം. കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് ഇടത് മുന്നണിയും (LDF) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പാലിച്ച കൊവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിച്ചാൽ നല്ലത്. മുഖ്യമന്ത്രിയെ വേട്ടയാടുന്നത് സിപിഎം നേതാവായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

