കടകംപളളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി നിർമ്മലാ സീതാരാമൻ

പാലക്കാട്: ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ .ശബരിമലയിൽ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച ഭക്തർക്ക് നേരെ ലാത്തിച്ചാർജിന് ആഹ്വാനം ചെയ്‌ത മന്ത്രിയുടെ നാടാണിത്. ഇന്ന് അദ്ദേഹം അത് തെറ്റായി പോയെന്ന് പറയുന്നു. ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട മന്ത്രിയാണ് അദ്ദേഹം. സ്വാമിയുടെ മേലെ ഭക്തിവേണം. ഇവിടെ സ്വാമിയെ കാണാൻ പോകുന്ന ഭക്തനെ അടിക്കുകയാണ്. അഞ്ഞൂറ് വർഷം തപസ് ചെയ്‌താലും അയാൾ ചെയ്‌ത പാപം മാറില്ലെന്നും നിർമ്മല പറഞ്ഞു.അയ്യപ്പന്റെ ഭക്തരെ അടിക്കുന്ന ഒരു ഹിന്ദു മന്ത്രിയെ താൻ കണ്ടിട്ടില്ല. തനിക്ക് അത് കണ്ടപ്പോൾ കണ്ണുനീർ വന്നു.

ഏഴ് ജന്മത്തെ പാപമാണ് കടകംപളളി ചെയ്‌തിരിക്കുന്നത്. പൂർവ്വ ജന്മത്തിൽ പാപം ചെയ്‌തുകൊണ്ടാണ് ഇതും നടന്നത്. മാച്ച് ഫിക്‌സിംഗ് നടത്തുന്നവരിൽ നിന്ന് കേരളത്തിന് മുക്തി ലഭിക്കണമെന്നും ധനമന്ത്രി പറഞ്ഞു.മുദ്രാ ലോൺ അടക്കമുളള കേന്ദ്രപദ്ധതികൾ കേരളത്തിൽ ഇടതുപക്ഷക്കാർക്ക് മാത്രമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് വിമർശിച്ച് നിർമ്മലാ സീതാരാമൻ. കേന്ദ്ര പദ്ധതികളിൽ നിന്ന് ബി ജെ പിക്കാരെ തഴയുകയാണ്. സംസ്ഥാനത്ത് യു ഡി എഫും എൽ ഡി എഫും തമ്മിൽ ഒത്തുകളിയാണ്. സോളാർ അഴിമതി പുറത്തുവരുമെന്ന് പേടിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും നിർമ്മല കുറ്റപ്പെടുത്തി.