Politics (Page 570)

modi

ഗാന്ധിനഗര്‍: ഗുജറാത്തിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ വ്യോമമാര്‍ഗം നിരീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് അടിയന്തര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗുജറാത്തിന്റെയും ദീയുവിന്റെയും ഭാഗങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തിയെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റില്‍ പറഞ്ഞു. ചുഴലിക്കാറ്റ് ബാധിച്ച എല്ലാ സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുഴലിക്കാറ്റില്‍ തകര്‍ന്ന സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി ഗുജറാത്ത് സര്‍ക്കാരിന് ഉറപ്പ് നല്‍കി. ഗുജറാത്തിലേയും ദീയുവിലേയും ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ വ്യോമമാര്‍ഗം നിരീക്ഷിച്ച പ്രധാനമന്ത്രി അഹമ്മദാബാദില്‍ അവലോകന യോഗത്തിലും പങ്കെടുത്തു. രാജ്യത്തുടനീളം ടൗട്ടെ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അദ്ദേഹം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.

അഹമ്മദാബാദില്‍ നടന്ന യോഗത്തില്‍ ടൗട്ടെ ചുഴലിക്കാറ്റ് സാഹചര്യം അവലോകനം ചെയ്തുവെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.ഗുജറാത്തിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി സംസ്ഥാനം സന്ദര്‍ശിക്കാന്‍ കേന്ദ്രം വിവിധ മന്ത്രാലയ പ്രതിനിധികള്‍ അടങ്ങിയ സംഘത്തെ വിന്യസിക്കും. ദുരിതബാധിത സംസ്ഥാനങ്ങള്‍ അവരുടെ വിലയിരുത്തലുകള്‍ കേന്ദ്രത്തിലേക്ക് അയച്ചാല്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 2.45ന് തന്നെ എത്തണമെന്നും ചടങ്ങ് 3.30ന് നടക്കുമെന്നും ചീഫ്‌സെക്രട്ടറി അറിയിച്ചു. വരുന്നവര്‍ 48 മണിക്കൂറിനകം എടുത്തിട്ടുളള ആര്‍.ടി.പി.സി.ആര്‍/ട്രൂനാറ്റ്/ആര്‍.ടി ലാബ് നെഗറ്റീവ് റിസള്‍ട്ടോ, കൊവിഡ് വാക്‌സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം.മാത്രമല്ല, കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം എം.എല്‍.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ്‌ക്‌ളബ് എന്നിവയുടെ സമീപത്തുളള ഗേറ്റുവഴി മാത്രമേ അകത്ത് പ്രവേശിക്കാവൂ.പങ്കെടുക്കുന്നവരുടെ ക്ഷണക്കത്തില്‍ തന്നെ ഗേറ്റ് പാസും കാര്‍ പാസും ഉണ്ടാകും.

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും. നിലവില്‍ ടി പി പീതാംബരനാണ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍. ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പി സി ചാക്കോയെ അധ്യക്ഷനാക്കുന്നത്. പീതാംബരനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം എന്‍ സി പിയുടെ മന്ത്രിസ്ഥാനം തോമസ് കെ തോമസിന് കിട്ടാതെ എ കെ ശശീന്ദ്രന് ലഭിക്കാന്‍ നിര്‍ണായക നീക്കം നടത്തിയത് പി സി ചാക്കോയായിരുന്നു.
ശശീന്ദ്രന് പകരം തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്നായിരുന്നു ടി പി പീതാംബരന്റെ പ്രധാന ആവശ്യം. എന്നാല്‍ ശശീന്ദ്രന്‍ മന്ത്രിയും പി സി ചാക്കോ സംസ്ഥാന അദ്ധ്യക്ഷനുമാകുന്നതോടെ എന്‍ സി പിയില്‍ ചാക്കോയുടെ നേതൃത്വത്തില്‍ പുതിയ ചേരി രൂപപ്പെടുകയാണ്.

തിരുവനന്തപുരം: ഇതുവരെ ഒരു സര്‍ക്കാരും സ്വീകരിക്കാത്ത തരത്തില്‍ യുവാക്കള്‍ക്ക് പ്രധാനവകുപ്പുകള്‍ നല്‍കി രണ്ടാമൂഴത്തില്‍ സിപിഎമ്മിന്റെ ചുവടുവയ്പ്. നിപയും കോവിഡും പ്രതിസന്ധി തീര്‍ത്ത ഭരണവര്‍ഷത്തില്‍ ആഗോള ശ്രദ്ധ നേടിയ ആരോഗ്യമന്ത്രിയായിരുന്നു ഒന്നാം പിണറായി മന്ത്രിസഭയിലെ കെ കെ ശൈലജ. ശൈലജ ടീച്ചറെ ഇത്തവണ ഒഴിവാക്കി ആറന്മുള എം.എല്‍.എ വീണാജോര്‍ജ്ജിനെ ആരോഗ്യവകുപ്പ് ഏല്‍പ്പിച്ചു. ധനകാര്യം കെ.എന്‍ ബാലഗോപാലും വ്യവസായ വകുപ്പ് പി രാജീവും ഉന്നതവിദ്യാഭ്യാസം ആര്‍ ബ്ിന്ദുവും കൈകാര്യം ചെയ്യും. ഘടകക്ഷികള്‍ക്ക് വകുപ്പ് വിഭജനം നടത്തിയതിലും സിപിഎം സൂക്ഷമത പുലര്‍ത്തിയിട്ടുണ്ട്.

ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷം കഴിച്ചാല്‍ അടുത്തയാള്‍ക്ക് പദവി വിട്ട് നല്‍കേണ്ടി വരും. വകുപ്പിന്റെ തുടര്‍ച്ച കൂടി ആരായിരിക്കണമെന്ന കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് വിഭജനം നടത്തിയിരിക്കുന്നത്. ആന്റണി രാജുവിന് ആദ്യ രണ്ടര വര്‍ഷം ഗതാഗതവും പിന്നീടുള്ള രണ്ടര വര്‍ഷം ആ വകുപ്പ് ഗണേഷ് കുമാറിനും ലഭിക്കും. തുറമുഖവും മ്യൂസിയവും ഇത്തവണ അഹമ്മദ് ദേവര്‍കോവിലിനുമാണ്. രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആ വകുപ്പ് മുന്‍പ് ഈ വകുപ്പ് കൈകാര്യം ചെയ്്തിരുന്ന കടന്നപ്പള്ളി രാമചന്ദ്രന് തന്നെ ലഭിക്കും. വൈദ്യുതി വകുപ്പ് ജെ.ഡി.എസിലെ കെ. കൃഷ്ണന്‍കുട്ടിക്ക് കൈമാറിയതാണ് സുപ്രധാനമായ മറ്റൊരു മാറ്റം. ദേവസ്വം മുതിര്‍ന്ന നേതാവ് കെ. രാധാകൃഷ്ണനും നല്കി.

പ്രധാനവകുപ്പുകള്‍

പിണറായി വിജയന്‍– പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ

കെ.എന്‍. ബാലഗോപാല്‍– ധനകാര്യം

വീണ ജോര്‍ജ്– ആരോഗ്യം

മുഹമ്മദ് റിയാസ്– പൊതുമരാമത്ത്, ടൂറിസം

കെ രാധാകൃഷ്ണൻ– ദേവസ്വം, പാർലമെന്ററി കാര്യം

ആന്റണി രാജു– ഗതാഗത വകുപ്പ്

പി. രാജീവ്– വ്യവസായം

ആര്‍.ബിന്ദു– സാമൂഹിക ക്ഷേമം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം

എം.വി. ഗോവിന്ദന്‍– തദ്ദേശസ്വയംഭരണം, എക്സൈസ്

സജി ചെറിയാൻ– ഫിഷറീസ്, സംസ്കാരികം

വി എൻ വാസവൻ– സഹകരണം, രജിസ്ട്രേഷൻ

അഹമ്മദ് ദേവര്‍കോവില്‍– തുറമുഖം, പുരാവസ്തു, മ്യൂസിയം

വി. അബ്ദുറഹിമാൻ– ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

കെ. കൃഷ്ണന്‍കുട്ടി– വൈദ്യുതി

എ കെ ശശീന്ദ്രൻ– വനംവകുപ്പ്

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്നറിയിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ. അന്നത്തെ ദിവസം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം പങ്കിടുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സംസ്ഥാനത്ത് അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് അഭികാമ്യമല്ലെന്ന നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു….’ക്രഷ് ദ കര്‍വ് ‘(crush the curve) എന്നതാണ് ലക്ഷ്യമെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ ‘സ്‌കെയില്‍ ദ കര്‍വ്’ (scale the curve )എന്നതിലേക്ക് കാര്യങ്ങളെത്തിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളോട് സഹകരിക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളവർ. ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണുമെല്ലാമുണ്ടാക്കുന്ന പ്രയാസങ്ങളെ പൊതുനന്മയെക്കരുതി സഹിക്കുന്ന ജനങ്ങളുടെ പൊതുബോധത്തെ ദുർബലപ്പെടുന്ന സമീപനം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്നുണ്ടാവുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു വി മുരളീധരന്റെ പ്രതികരണം. ഉടുതുണിക്ക് മറുതുണിയില്ലാത്ത ഈ പാവങ്ങളുടെ കൂടി പണമെടുത്താണ് സത്യപ്രതിജ്ഞക്കുള്ള പന്തലിടുന്നതെന്ന് മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ധനമന്ത്രിയുടെ ചുമതല ഒഴിയുന്നത് അഭിമാനത്തോടെയും സന്തോഷത്തോടെയുമാണെന്ന് തോമസ് ഐസക്. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

കാവല്‍മന്ത്രിസഭയായി തുടരുന്ന LDF സര്‍ക്കാരിന് ഇനി ഒരു ദിനവും കൂടി ബാക്കി. മെയ് 20ന് പുതിയ മന്ത്രിസഭ ചുമതലയേല്‍ക്കും. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനത്തിനുള്ള അംഗീകാരവും കൂടിയാണ് ഇടതുപക്ഷത്തിനു ലഭിച്ചിട്ടുള്ള വമ്പിച്ച മാന്‍ഡേറ്റ്.
ധനകാര്യ മേഖലയില്‍ ഒട്ടേറെ പ്രതിസന്ധികളും പരിമിതികളും വെല്ലുവിളി ഉയര്‍ത്തിയ കാലമാണ് കടന്നുപോയത്. GST യിലേക്കുള്ള പരിവര്‍ത്തനത്തിന്റെ അനിശ്ചിതത്വം, നോട്ടു നിരോധനം, പ്രളയ ദുരന്തങ്ങള്‍ പിന്നെ അവസാനം കോവിഡും. ഇതിനെയൊക്കെ മറികടക്കാനായത് ടീം ലീഡര്‍ എന്ന നിലയിലുള്ള മുഖ്യമന്ത്രിയുടെ നേതൃപാടവവും ധനകാര്യ സെക്രട്ടറിയടക്കമുള്ള വകുപ്പിലെ ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും പ്രതിബദ്ധതയോടുകൂടിയ സഹകരണവും കൊണ്ടാണ്.
അവസാനദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ അത്യധികം സന്തോഷം നല്‍കുന്നവയാണ്. ചുമതലയൊഴിയുന്ന സന്ദര്‍ഭത്തില്‍ അവ നല്‍കുന്ന അഭിമാനം കൂടി പങ്കുവെയ്ക്കുന്നു.
കിഫ്ബി വഴി ഇപ്പോള്‍ നടക്കുന്ന 43249.66 കോടി രൂപയുടെ പ്രവൃത്തികള്‍ക്കായി ഇന്നത്തേതടക്കം 10790.66 കോടി രൂപ ചെലവാക്കിക്കഴിഞ്ഞു.
ട്രഷറിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചൂവെന്നു പറയാം. പുതിയ സര്‍വറിലേയ്ക്ക് Data മൈഗ്രേഷന്‍ ഇന്നലെ പൂര്‍ത്തിയായി. പൂര്‍ണ്ണ വിജയം.
കെഎസ്എഫ്ഇ അഞ്ചു ശതമാനം പലിശയ്ക്കു കോവിഡ് വായ്പാ പദ്ധതി ആരംഭിക്കുന്നു.
ലോട്ടറിയുടെ കാര്യത്തിലാണ് ഏറ്റവും ഉജ്ജ്വല വിജയമുണ്ടായത്. ബിജെപിയും ലോട്ടറി മാഫിയയും ചേര്‍ന്ന് ജി.എസ്.ടിയില്‍ നാം ഉയര്‍ത്തിയ പ്രതിരോധം പൊളിച്ചു. ഈ സാഹചര്യത്തില്‍ 2004ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍വലിച്ച ലോട്ടറി ചട്ടങ്ങള്‍ ചില മാറ്റങ്ങളോടെ പുനസ്ഥാപിച്ചു. ലോട്ടറി മാഫിയ ഇതിനെ ചോദ്യം ചെയ്തു. സിംഗിള്‍ ബഞ്ചില്‍ തോറ്റു. പക്ഷെ കഴിഞ്ഞ ദിവസം അന്യസംസ്ഥാന ലോട്ടറി വ്യാപാരത്തില്‍ നിയമം പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നിയമ ലംഘനമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതു വരെ അവരുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന ചട്ട ഭേദഗതി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചിരിക്കുന്നു. ലോട്ടറി മാഫിയയ്‌ക്കെതിരെ നാം പോരാടി നേടിയ നേട്ടമാണിത്. ലോട്ടറി വകുപ്പും, നികുതി വകുപ്പും ഹൈക്കോടതിയിലെ ചുമതലപ്പെട്ട അഭിഭാഷകരും ഒറ്റമനസോടെ നയിച്ച പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന വിജയം.
കയര്‍ ഡയറക്ടറേറ്റില്‍ നിന്നുമുള്ള സന്ദേശമാണ് അവസാനത്തേത്. ഈ കോവിഡ് വര്‍ഷത്തില്‍ കയര്‍ ഉല്‍പ്പാദനത്തില്‍ തലേക്കൊല്ലത്തെ അപേക്ഷിച്ച് 22 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ഈ സര്‍ക്കാര്‍ ചുമതല ഏല്‍ക്കുമ്പോള്‍ കയര്‍ ഉല്പാദനം 73000 ക്വിന്റലായിരുന്നു. മാര്‍ച്ചില്‍ അത് 2.5 ലക്ഷം ക്വിന്റലായിട്ടാണ് ഉയര്‍ന്നത്. നാലുലക്ഷം ക്വിന്റല്‍ ഉല്‍പ്പാദനശേഷി പുതിയ യന്ത്രങ്ങളിലൂടെ നേടിയിട്ടുണ്ട്. കോവിഡ് പിന്‍വലിയുമ്പോള്‍ കയര്‍ വ്യവസായത്തിലുണ്ടാകാന്‍ പോകുന്ന കുതിപ്പ് വിസ്മയകരമായിരിക്കും.
അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ചുമതല ഒഴിയുന്നത്. ഇവിടെ എടുത്തു പറഞ്ഞ നേട്ടങ്ങള്‍ സന്തോഷത്തിന്റെ മാറ്റു കൂട്ടുന്നവയാണ്. ധനവകുപ്പ്, നികുതി വകുപ്പ്, ട്രഷറി, ലോട്ടറി, കിഫ്ബി, കെ.എസ്.എഫ്.ഇ, കെ.എഫ്.സി, സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ്, കയര്‍ വകുപ്പും കയര്‍ പൊതുമേഖലാ സ്ഥാപനങ്ങളും എല്ലാം വലിയ പിന്തുണയാണ് നല്‍കിയത്. ജീവനക്കാര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.’
മെയ് 20ന് ഉച്ച കഴിഞ്ഞ് മൂന്നരയ്ക്കാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.

കണ്ണൂര്‍്: കെ കെ ശൈലജയ്ക്ക് പിന്തുണയുമായി പി.ജയരാജന്റെ അനുയായികളുടെ പി.ജെ ആര്‍മി. കഴിഞ്ഞ മന്ത്രിസഭയില്‍ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയമാണെന്നും തീരുമാനം തിരുത്തണമെന്നും ടീച്ചറമ്മയെ തിരികെ വിളിക്കണമെന്നും പിജെ ആര്‍മി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണം. ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീര്‍പ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തില്‍ മുക്കിക്കൊല്ലാതെ പിടിച്ചു നിര്‍ത്താന്‍ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കില്‍ മരണസംഖ്യ വര്‍ദ്ധിക്കുമായിരുന്നു. ഒരു പക്ഷേ,തുടര്‍ഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളില്‍ വേദനയുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഏഴുപേര്‍ മാത്രമാത്രമാണ് ശൈലജയെ പിന്തുണച്ചത്. അതില്‍ സിപിഎം കണ്ണൂര്‍് ജില്ലാ സെക്രട്ടറി എംവി ജയരാജനും ഉള്‍പ്പെടുന്നു. പിജെ ആര്‍മിയുടെ പരാമര്‍ശം കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പിണറായി വിരുദ്ധ ചേരിയില്‍് കൂടുതല്‍ ചര്‍ച്ചകള്‍്ക്ക് വഴിവെയ്ക്കും. പി. ജയരാജനും ഇപി ജയരാജനും ശേഷം പിണറായി വെട്ടിനിരത്തിയ കണ്ണൂരിലെ പ്രമുഖരില്‍ കെകെ ശൈലജ കൂടിവരുന്നത് പിണറായി പക്ഷത്തിന് തലവേദനയാകും.

ganesh kumar

​​​​​കൊല്ലം: രണ്ടാം പിണറായി സർക്കാരിൽ ആദ്യ രണ്ട് വർഷക്കാലം ഉറപ്പായിരുന്ന മന്ത്രി സ്ഥാനം ഗണേശ് കുമാറിന് നഷ്ടമായത് കുടുംബപ്രശ്നമാണ്.ഇത്തവണ ഒരുപക്ഷെ അഞ്ച് വർഷക്കാലവും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കാൻ സാദ്ധ്യതയുള്ളതായിരുന്നു. കഴിഞ്ഞതവണ ജയിക്കുമ്പോൾ എൽ.ഡി.എഫ് സംവിധാനവുമായി പൂർണമായി ഇഴുകിച്ചേർന്നിരുന്നില്ല. പിതാവ് ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിൽ ഗണേശ് കുമാർ കൃത്രിമം കാട്ടിയെന്നാണ് സഹോദരിയുടെ പരാതി. കഴിഞ്ഞ ആഗസ്റ്റിൽ ബാലകൃഷ്ണപിള്ള തയ്യാറാക്കിയെന്ന് പറയുന്ന വിൽപത്രത്തിൽ മൂന്ന് മക്കൾക്കും രണ്ട് ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ട്രസ്റ്റിനുമാണ് സ്വത്തുകൾ പകുത്തുനൽകിയിട്ടുള്ളത്.

എന്നാൽ വർഷങ്ങൾക്ക് മുമ്പ് ബാലകൃഷ്ണപിള്ള മറ്റൊരു വിൽപത്രം തയ്യാറാക്കിയിരുന്നു. അന്ന് ഗണേശ് കുമാറുമായി ബാലകൃഷ്ണപിള്ള അകൽച്ചയിലായിരുന്നു. അതുകൊണ്ട് തന്നെ ഗണേശ് കുമാറിന് സ്വത്തുക്കൾ നൽകിയിരുന്നില്ല. അത് റദ്ദാക്കിയാണ് ഇപ്പോഴത്തെ വിൽപത്രം തയ്യാറാക്കിയതെന്നാണ് ബാലകൃഷ്ണപിള്ളയുടെ ബന്ധുക്കളിൽ ചിലർ പറയുന്നത്. എന്നാൽ പുതിയ വിൽപത്രം കൃത്രിമമായി ചമച്ചതാണെന്നാണ് മറ്റൊരു ആരോപണം.തുടക്കത്തിൽ തന്നെ മന്ത്രിസഭയിലെ ഒരംഗം വിവാദത്തിൽപ്പെടുന്നത് ഒഴിവാക്കാനാണ് ഗണേശ് കുമാറിന് മന്ത്രിസ്ഥാനം രണ്ടരവർഷത്തിന് ശേഷമാക്കിയത്.

കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിലെ ഗണേശ് കുമാറിന്റെ മന്ത്രി സ്ഥാനം നഷ്ടമാക്കിയത് ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിലാണ്. ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി വീണ്ടും മന്ത്രി സ്ഥാനത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ ഉമ്മൻചാണ്ടിയുമായി തെറ്റിപ്പിരിഞ്ഞാണ് ഗണേശ് കുമാർ എൽ.ഡി.എഫിലെത്തിയത്.എൽ.ഡി.എഫ് നേതൃത്വവുമായി ഗണേശ് കുമാർ കൂടുതൽ അടുത്തതോടെ കേരളാ കോൺഗ്രസ് (ബി) അതിവേഗം എൽ.ഡി.എഫിന്റെ ഭാഗവുമായത്. അതുകൊണ്ട് തന്നെ ഉറപ്പായിരുന്ന മന്ത്രിസ്ഥാനമാണ് വിൽപത്രവുമായി ബന്ധപ്പെട്ട് സഹോദരി നൽകിയ പരാതിയിൽ ഗണേശ് കുമാറിന് നഷ്ടമായത്.പ്രശ്നപരിഹാരം തേടിയാണ് സഹോദരി സി.പി.എം സംസ്ഥാന നേതാക്കളെ സമീപിച്ചത്.

ന്യൂഡൽഹി: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎം അണികൾക്കിടയിലെന്നപോലെ കേന്ദ്ര നേതൃത്വത്തിനും അതൃപ്തി. സംസ്ഥാന തീരുമാനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പൊളിറ്റ് ബ്യൂറോ മെമ്പർ വൃന്ദാ കാരാട്ടും അതൃപ്തി അറിയിച്ചതായാണ് അറിയുന്നത്.ബംഗാളിൽ തിരിച്ചടി നേരിട്ട പാർട്ടിയെ കേരളത്തിൽ പിണറായി വിജയൻ മികച്ച രീതിയിൽ മുന്നോട്ടു നയിക്കുമ്പോൾ കേന്ദ്രനേതൃത്വം ശക്തമായ ഇടപെടലുകൾ നടത്താൻ സാധ്യതയില്ല.

എന്നാൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ ഇത് ചർച്ചയാകും.പുതുമുഖങ്ങൾക്കു പ്രാമുഖ്യമുള്ള മന്ത്രിസഭ രൂപീകരിക്കുമ്പോഴും ശൈലജ ഒഴിവാക്കപ്പെടാൻ പാടില്ലായിരുന്നു എന്നതാണ് പൊതു അഭിപ്രായം.ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്ര നേതൃത്വം അതൃപ്തരാണെന്നാണ് ഇന്ത്യൻ എക്സ്പ്രസിനു ലഭിച്ച വിവരം. സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോട് ആലോചിക്കാതെയാണ് മന്ത്രിമാരെ സംബന്ധിച്ച തീരുമാനം എടുത്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശൈലജ വിജയിച്ചത്.

അറുപത്തിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മട്ടന്നൂരിൽനിന്നുള്ള വിജയം. ശൈലജയക്കു പുറമെ മുൻ മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എംഎം മണി, കടകംപള്ളി സുരേന്ദ്രൻ, എ.സി മൊയ്‌തീൻ എന്നിവരും പുതിയ 21 അംഗ മന്ത്രിസഭയിൽ ഇടംപിടിച്ചില്ല.മന്ത്രിസഭ സംബന്ധിച്ച തീരുമാനം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നുമായിരുന്നു സീതാറാം യെച്ചൂരി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത്. ശൈലജയെ ഒഴിവാക്കിയത് കേരളത്തിലും കേന്ദ്രത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് സിപിഐ നേതൃത്വത്തിന്റെ വിലയിരുത്തൽ.

എന്നാൽ സിപിഎം മന്ത്രിമാരെ തീരുമാനിക്കേണ്ടത് അവരുടെ അവകാശമാണെന്നായിരുന്നു ഡി രാജയുടെ പ്രതികരണം.കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന വിജയിച്ച അഞ്ചു പേരിൽ ഒരാളായ ശൈലജ കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനാൽ പുതിയ മന്ത്രിസഭയിൽ അവർ തുടരുമെന്നായിരുന്നു പൊതു വിലയിരുത്തൽ.ചീഫ് വിപ്പ് പദവിയാണ് കെകെ ശൈലജയ്ക്ക് സിപിഎം നൽകിയ പുതിയ ചുമതല.

പാർട്ടിയുടെ തീരുമാനത്തിൽ പൂർണ സംതൃപ്തിയാണെന്നും ഏല്പിച്ച ഉത്തരവാദിത്തം നിർവഹിക്കുക മാത്രമായിരുന്നു താൻ ചെയ്തതെന്നുമായിരുന്നുപുതിയ മന്ത്രിസഭാ അംഗങ്ങളുടെ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ശൈലജ പറഞ്ഞത്. പുതിയ മന്ത്രിസഭയ്ക്ക് നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിയുമെന്നും സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വൈകാരിക പ്രകടനങ്ങളുടെ ആവശ്യമില്ലെന്നും അവർ പ്രതികരിച്ചു.

അതേസമയം, ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവുമായ പി.എ മുഹമ്മദ് റിയാസിനും എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദുവിനും മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചതും ചിലരിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.മാധ്യമപ്രവർത്തകയായിരുന്ന വീണ ജോർജ് ഉൾപ്പടെ മൂന്ന് സ്ത്രീകളാണ് പുതിയ മന്ത്രിസഭയിലുള്ളത്.

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രണ്ട് തവണ മത്സരിച്ചവരെ മാറ്റിനിർത്താൻ സിപിഎം തീരുമാനിച്ചിരുന്നു. അതു മൂലം അഞ്ച് മന്ത്രിമാർക്കും 33 സിറ്റിങ് എംഎൽഎമാർക്കും മത്സരരംഗത്തുനിന്ന് മാറിനിൽക്കേണ്ടി വന്നു.കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ സിപിഐക്ക് നാല് മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ഒരു ചീഫ് വിപ്പ് സ്ഥാനവും ഉണ്ടായിരുന്നു. മുന്നണി വികസിച്ച സാഹചര്യത്തിൽ സിപിഎം ഒരു മന്ത്രിസ്ഥാനം ഘടകകക്ഷികൾക്കായി വിട്ടു നൽകിയപ്പോൾ സിപിഐ ചീഫ് വിപ്പ് സ്ഥാനം വിട്ട് നൽകി.

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ തീരുമാനം അന്തിമമാണെന്നും ഇത് പാര്‍ട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനങ്ങളാണെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ട സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഗൗരവമായി ആലോചിച്ച ശേഷമായിരുന്നു പ്രഖ്യാപനം. എല്ലാം പരിഗണിച്ചായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. അതാണ് ജനങ്ങള്‍ക്ക് മുമ്പിലുള്ളത്. വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ളത്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.