Politics (Page 569)

തിരുവനന്തപുരം: ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരിക്കേണ്ട കാര്യങ്ങളില്‍ പൂര്‍ണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും.

കോവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്പത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്നും ആശംസിക്കുന്നു.ഫോണില്‍ വിളിച്ചാണ് ആശംസകളറിയിച്ചത്. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല, കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാതെ ഓണ്‍ലൈനില്‍ ചടങ്ങ് കാണുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

തിരുവനന്തപുരം . രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. പതിനേഴ് പുതുമുഖങ്ങള്‍ അടക്കം 21 മന്ത്രിമാരാണ് അധികാരത്തലേറിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.മുന്‍ഗണനാക്രമത്തില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി. ശേഷം , രാജ്ഭവനില്‍ ചായസല്‍ക്കാരവും തുടര്‍ന്ന് മന്ത്രിസഭായോഗവും നടക്കും.സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെയുള്ള മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാദിനം തുടങ്ങിയത് പുന്നപ്ര വയലാറിലെ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം. സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടെത്തും. രണ്ടരമീറ്റര്‍ അകലത്തിലാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കസേരകളടക്കം നിരത്തിയിരിക്കുന്നത്. പിആര്‍ഡിയുടെ ക്യാമറകളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലും അതിന് ശേഷം നടക്കുന്ന ആദ്യമന്ത്രിസഭാ യോഗത്തിലുമുണ്ടാകുക. മറ്റ് ചാനലുകളുടെ ക്യാമറകള്‍ക്ക് പ്രവേശനമില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ മാത്രമേ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ.

രാഷ്ട്രീയക്കാരനായിരിക്കുമ്പോഴും നിത്യ ജീവിതത്തിനുള്ള വരുമാനത്തിനായി കൂലിപ്പണി മുതൽ വാർക്കപ്പണി വരെ ചെയ്തിട്ടുള്ള, മനോഹരമായി സംസാരിക്കാൻ കഴിവുള്ള ആളാണ് ചേർത്തലയിൽ നിന്ന് കന്നിയംഗമായി രണ്ടാം പിണറായി മന്ത്രിസഭയുടെ ഭാഗമാകുന്ന പി പ്രസാദ് എന്ന സിപിഐ നേതാവ്. എന്നാൽ നേതാവായി വെറുതെ വാചകമടിച്ചല്ല ഈ 51 കാരൻ ജീവിച്ചത്. അദ്ദേഹം ആറന്മുള വിമാനത്താവള വിരുദ്ധ സമരം, ആറാട്ടുപുഴ മേഖലയിലെ കരിമണൽ ഖനന വിരുദ്ധ സമരം തുടങ്ങിയ സമരമുഖങ്ങളിലൂടെയാണ് പരിസ്ഥിതിയുടെ കാവലാളായത്.

വിമാനത്താവള പദ്ധതിക്കെതിരേ ആദ്യം സമരത്തിനെത്തിയത് എ.ഐ.വൈ.എഫായിരുന്നു. അവരുടെ സമരം നയിച്ചാണ് പ്രസാദ് ആദ്യം ആറന്മുളയിലെത്തിയത്. വിപത്തുകൾ ചൂണ്ടിക്കാട്ടി പദ്ധതിക്കെതിരെ സംസാരിച്ചതിന് വികസനത്തിന് എതിരെ നിൽക്കരുതെന്നു പറഞ്ഞവർ തന്നെ പിന്നീട് സമരത്തിന്റെ ഭാഗമായി. പിന്നീട് പള്ളിയോട-പള്ളിവിളക്ക് സമിതിയും ഏകോപനസമിതിയുമൊക്കെ സമരത്തിന് നേതൃത്വം നൽ കുമ്പോൾ പ്രസാദും പങ്കാളിയായി.

സുഗതകുമാരി ജനറൽ കൺ വീനറായിത്തുടങ്ങിയ സമരസമിതിയിൽ സിപിഎം നേതാവ് എ.പദ്മകുമാർ, ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരൻ എന്നിവർക്കൊപ്പം പി.പ്രസാദും കൺവീനറായിരുന്നു.. 108 ദിവസം നീണ്ടുനിന്ന സമരകാലത്ത് സി.പി.ഐ. ജില്ലാ സെക്രട്ടറിയായിരുന്നു പ്രസാദ്. രാവിലെയും വൈകീട്ടും സമരത്തിന്റെ ദിവസേനയുള്ള പരിപാടി ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിവിധ രാഷ്ട്രീയ ചിന്താ സരണികളെ ഒരു ലക്ഷ്യം നേടുന്നതിനായി ഒരു കുടക്കീഴിലെത്തിക്കുകയെന്ന സുഗതകുമാരിയുടെ നയം വിജയം നേടുകയും ചെയ്തു.

ആറന്മുളയിലെ മണ്ണും ജലവും അന്നവും ഇല്ലാതാക്കുന്ന വിമാനത്താവള പദ്ധതിയുടെ പടിയടച്ചതിൽ നിർണായകമായത് ഹരിത ട്രിബ്യൂണലിലെ വിധിയാണ്. പ്രസാദ് ഹൈക്കോടതിയിൽ നൽകിയ കേസിലാണ് സർക്കാർ വക സ്ഥലം വേർതിരിക്കാനും തോട് തുറക്കാനും വിധി വന്നത്. പിന്നീട് ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുഴുവൻ ഭൂമിയിലും കൃഷിയിറക്കി ആറന്മുള സ്വന്തം പച്ചപ്പ് തിരിച്ചുപിടിച്ചു.
വിഭവ സമൃദ്ധമായ സദ്യ കൊണ്ട് പുകഴ് പെറ്റ ആറന്മുളയുടെ അന്നം മുടക്കുന്ന പദ്ധതിക്ക് എതിരെ ഇറങ്ങിയ പ്രസാദിനു തന്നെയാണ് പിണറായിയുടെ തുടർ ഭരണത്തിൽ കേരളത്തിന് മുഴവൻ അന്നം ഊട്ടാനുള്ള ദൗത്യം എന്നത് യാദൃശ്ചികമാകാം.

ആലപ്പുഴ ജില്ലയിലെ നൂറനാട് പാലമേൽ മറ്റപ്പള്ളി ഗ്രാമത്തിൽ ജനിച്ച പ്രസാദ് സ്കൂൾ പഠനകാലം മുതൽ എഐഎസ്എഫിന്‍റെ സജീവപ്രവർത്തകനാണ്. വിവിധ വിഷയങ്ങളിലെ ആഴത്തിലെ വായനയും എഴുത്തുമൊക്കെ മാത്രം കൈമുതലായ പ്രസാദിന് സമ്പാദ്യം നൂറനാട്ടെ കൊച്ചു വീട്ടിലെ പുസ്തകങ്ങൾ മാത്രം. നൂറനാട് സിബിഎം ഹൈസ്കൂൾ, പന്തളം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ബിരുദം.എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന പ്രസിഡന്റുമായി.എ ഐ വൈ എഫ് സംസ്ഥാന അധ്യക്ഷൻ, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി. ഓൾ ഇന്ത്യ ആദിവാസി മഹാസഭ ദേശീയ എക്സിക്യൂട്ടീവ് അംഗം, കേരള സർവകലാശാല സെനറ്റ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സി പി എം സംസ്ഥാന സമിതിയംഗവും കര്‍ഷകസംഘം ദേശീയനേതാവുമായ രാജ്യസഭ മുൻ എം.പി കെ കെ രാഗേഷ് വരുമെന്ന് സൂചന.രാജ്യസഭാ എം പി ആയിരിക്കെ ശ്രദ്ധേയമായ പ്രവർത്തനമാണ് കെ കെ രാഗേഷ് നടത്തിയത്. ഡൽഹിയിൽ കര്‍ഷകസമരം ഉള്‍പ്പടെ അനേകം പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം.

പാർലമെന്‍റിൽ മികച്ച പ്രകടനം നടത്തിയ രാഗേഷിന് രാജ്യസഭയില്‍ വീണ്ടും ഒരവസരം നല്‍കണമെന്ന് സി പി എം കേന്ദ്രനേതൃത്വം ആവശ്യപ്പെടുകയുണ്ടായി. എന്നാൽ മുഖ്യമന്ത്രിയുടെ ടീമിൽ സുപ്രധാന സ്ഥാനം നൽകിയാണ് കെ കെ രാഗേഷിനെ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്.അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി മുൻ എസ്.എഫ്.ഐ നേതാവ് പുത്തലത്ത് ദിനേശൻ തുടർന്നേക്കുമെന്നാണ് സൂചന.

എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചുകൊണ്ടാണ് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും രാഗേഷ് ഉയർന്നുവന്നത്.കണ്ണൂർ കാഞ്ഞിരോട്ടെ സി. ശ്രീധരന്റെയും കർഷക തൊഴിലാളിയായ കെ കെ യശോദയുടെയും മകനാണ് കെ കെ രാഗേഷ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു.

ദില്ലി: കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി സർക്കാർ. രാസവള സബ്‍സിഡി 140% വർദ്ധിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനമാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്. രാസവള നിരക്ക് സംബന്ധിച്ച് പ്രധാനമന്ത്രി മോദി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം.അന്താരാഷ്ട്ര തലത്തിൽ ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ വില ഉയരുന്നതിനാൽ രാസവളങ്ങളുടെ വില വിപണിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ വിവിധ കർഷക സംഘനകളുടെ ഭാ​ഗത്ത് നിന്നും സർക്കാർ സബ്സിഡി വർധിപ്പിക്കണം എന്ന ആവശ്യം ഉയർന്നിരുന്നു. 500 രൂപയ്ക്ക് പകരം കർഷകർക്ക് ഒരു ബാഗ് ഡിഎപി രാസവളത്തിന് (di-ammonium phosphate) ഇനിമുതൽ 1200 രൂപ സബ്സിഡിയായി ലഭിക്കും. ഇ

നിമുതൽ ഒരു ബാഗ് ഡിഎപിക്ക് 2400 രൂപയ്ക്ക് പകരം 1200 രൂപയാകും സബ്സിഡി കഴിഞ്ഞുളള നിരക്ക്.ഈ തീരുമാനത്തിലൂടെ രാസവള സബ്സിഡി ഇനത്തിൽ സർക്കാരിന് ഏകദേശം 14,775 കോടി രൂപ അധികമായി ചെലവഴിക്കേണ്ടി വരും.ന്താരാഷ്ട്ര വിലയിൽ വർധനവുണ്ടായാലും കർഷകർക്ക് കുറഞ്ഞ നിരക്കിൽ രാസവളങ്ങൾ ലഭിക്കണമെന്ന് യോ​ഗത്തോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം ഡിഎപി നിരക്ക് ഒരു ബാഗിന് 1,700 രൂപയായിരുന്നു. ഇതിൽ കേന്ദ്ര സർക്കാർ ഒരു ബാഗിന് 500 രൂപ സബ്സിഡി നൽകിയിരുന്നു. അതിനാൽ കമ്പനികൾ ഒരു ബാഗിന് 1200 രൂപയ്ക്ക് കർഷകർക്ക് വളം വിറ്റിരുന്നു. എന്നാൽ പിന്നാലെ വില വിപണിയിൽ ഉയർന്നു.

ഡിഎപി രാസവളത്തിലെ പ്രധാന ഘടകമായ ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ അന്താരാഷ്ട്ര വിലകൾ അടുത്തകാലത്തായി കുതിച്ചുയർന്നു. ഇതോടെ രാസവളത്തിന്റെയും നിരക്ക് ഉയർന്നു. ഒരു ഡിഎപി ബാഗിന്റെ ഇപ്പോഴത്തെ ഓപ്പൺ മാർക്കറ്റ് നിരക്ക് 2400 രൂപയാണ്, ഇത് രാസവള കമ്പനികൾക്ക് 500 രൂപ സബ്സിഡി പരിഗണിച്ച് 1900 രൂപയ്ക്ക് വിൽക്കാൻ കഴിയും. എന്നാൽ, ഇത് കർഷകരുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കും. സബ്സിഡി 500 ൽ നിന്ന് 1,200 ലേക്ക് ഉയർത്തിയതോടെ, കർഷകർക്ക് തുടർന്നും 1200 രൂപയ്ക്ക് ഒരു ഡിഎപി രാസവള ബാ​ഗ് ലഭിക്കുന്നത് തുടരും.

തിരുവനന്തപുരം: സത്യപ്രതിജ്ഞയില്‍ നിന്നും പ്രതിപക്ഷം വിട്ടു നില്‍ക്കുന്നതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് ശരിയായ സ്ഥാനമുണ്ടെന്നും ബഹിഷ്‌കരണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരേയും പ്രതീക്ഷിച്ചിരുന്നില്ല. ചുരുക്കം ചിലരെ മാത്രമാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്ന് വെച്ചത് ഔചിത്യമായില്ല, മുഖ്യമന്ത്രി പറഞ്ഞു.എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. അതാണ് സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. പുതുയുഗ പിറവിക്ക് തുടക്കം കുറിക്കുന്ന സത്യപ്രതിജ്ഞാ ദിനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബാംഗങ്ങള്‍ അഭിമാനപൂര്‍വ്വം സന്തോഷം പങ്കിടാന്‍ തയ്യാറാകണമെന്ന് എ വിജയരാഘവന്‍ ആഹ്വാനം ചെയ്തു.

high court

കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. എംഎല്‍എമാരുടെ ഭാര്യമാരും ബന്ധുക്കളും എത്തുന്നത് പരമാവധി ഒഴിവാക്കണമെന്നും ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിര്‍്ബന്ധമായും പങ്കെടുക്കേണ്ടവര്‍ തന്നെയാണോ ചടങ്ങിനെത്തുന്നതെന്ന് ഉറപ്പുവരുത്തണം. എന്നാല്‍, സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചടങ്ങ് നടത്തുന്നതിന് കോടതി തടസ്സം പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അഞ്ഞൂറ് പേരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും 350 പേര്‍ മാത്രമേ എത്തുകയുള്ളുവെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്.
കോവിഡ് പശ്ചാത്തലത്തില്‍ അഞ്ഞൂറുപേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു.

cm

തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ നാലു ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ ജില്ലകളില്‍ ടി.പി.ആര്‍ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടെങ്കില്‍ മാത്രമേ ലോക്ക്ഡൗണില്‍ ഇളവ് എന്ന കാര്യത്തില്‍ ആലോചിക്കാന്‍ കഴിയൂ.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ഈ ജില്ലകളില്‍ വളരെ കുറച്ച് ജനങ്ങള്‍ മാത്രമേ വീടിനു പുറത്തിറങ്ങുന്നുള്ളൂ. അവശ്യ സര്‍വീസുകള്‍ക്കു മാത്രമാണ് ഈ ജില്ലകളില്‍ അനുമതി നല്‍കിയിരിക്കുന്നത്. പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് ജനങ്ങള്‍ പൂര്‍ണ്ണമനസ്സോടെ സഹകരിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ നിലവിലുള്ള മറ്റ് ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി.തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നുദിവസമായി 26.03 ശതമാനമാണ് ടിപിആര്‍ റേറ്റ്. നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്നു വേണം കേസുകളുടെ എണ്ണം കുറയുന്നതില്‍നിന്ന് അനുമാനിക്കാന്‍. എന്നാല്‍, നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്താന്‍ സമയമായിട്ടില്ല.

ഇപ്പോള്‍ പുലര്‍ത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് 23.02ഉം തൃശൂരില്‍ 26.04ഉം മലപ്പുറത്ത് 33.03 ശതമാനവുമാണ് മൂന്നുദിവസത്തെ ശരാശരി. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നുദിവസമായി 24.5 ശതമാനമാണ്. ഇന്ന് സംസ്ഥാന ശരാശരി 23.29 ആയിട്ടുണ്ട്.സ്ഥിരീകരിച്ച കേസുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ആഴ്ച വെച്ചുള്ള കണക്കെടുത്താല്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞുവരികയാണ്. ഏപ്രില്‍ 14 മുതല്‍ 20 വരെയുള്ള ആഴ്ചയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 92,248 കേസുകളായിരുന്നു.

ആ ആഴ്ചയിലെ ടി.പി.ആര്‍ 15.5 ശതമാനം. ടി.പി.ആറിലെ വളര്‍ച്ചാനിരക്ക് തൊട്ടുമുമ്പത്തെ ആഴ്ചയേക്കാള്‍ 69.2 ശതമാനമായിരുന്നു. കേസുകളുടെ എണ്ണത്തില്‍ 134.7 ശതമാനം വര്‍ദ്ധനയാണുണ്ടായത്.28 മുതല്‍ മേയ് നാലുവരെയുള്ള ആഴ്ചയിലെ കേസുകളുടെ എണ്ണം 2,41,615. ടിപിആര്‍ 25.79. ടിപിആറിലെ വര്‍ധന 21.23 ശതമാനം. കേസുകളുടെ എണ്ണത്തിലെ വര്‍ദ്ധന 28.71 ശതമാനം. ഇക്കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കേസുകള്‍ 2,33,301.

ആഴ്ചയിലെ ടിപിആര്‍ 26.44 ശതമാനം. മുന്‍ ആഴ്ചയില്‍നിന്ന് ടിപിആര്‍ വര്‍ധനയില്‍ -3.15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കേസുകളുടെ എണ്ണത്തില്‍ 12.1 ശതമാനം കുറവും രേഖപ്പെടുത്തി. അതായത് കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 12.1 ശതമാനം കുറഞ്ഞു.ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3600 കേസുകളാണ് സ്ഥിരീകരിച്ചത്. എറണാകളും ജില്ലയില്‍ 4282ഉം തൃശൂര്‍ ജില്ലയില്‍ 2888ഉം മലപ്പുറം ജില്ലയില്‍ 4212ഉം കേസുകളാണുള്ളത്.

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വേണ്ടി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇലക്ട്രിക്കല്‍ ജോലിക്കെത്തിയയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്‌റ്റേഡിയത്തില്‍് നടന്ന ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കൂടി നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്തെ ലോക്ഡൗണ്‍ സാഹചര്യത്തിലും തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ സാഹചര്യത്തിലും ചടങ്ങുകള്‍ ഓണ്‍ലൈനാക്കാതെ 500 പേര്‍ക്ക് പ്രവേശനം നല്‍കി സത്യപ്രതിജ്ഞ നടത്തുന്നതിനെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.