ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറൻ; സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ജെഎംഎം നേതാവ് ചംപായ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ അഴിമതി കേസിൽ ഇ ഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചംപായ് സോറൻ സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറൻ മന്ത്രിസഭയിൽ ഗതാഗത, എസ് സി-എസ്ടി വകുപ്പ് മന്ത്രിയായിരുന്നു ചംപായ് സോറൻ.

ചംപായ് സോറൻ സരായ്‌കേല മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ആദിവാസി-പിന്നാക്ക വിഭാഗങ്ങളിൽ സ്വാധീനമുള്ള നേതാവായ ഇദ്ദേഹം ഹേമന്ത് സോറന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുള്ള വ്യക്തിയാണ്. ബിജെപി സ്വാധീനമുള്ള കൊൽഹാൻ മേഖലയിൽ നിന്നുള്ള നേതാവ് കൂടിയാണ് ഇദ്ദേഹം.

അതേസമയം, മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോൺഗ്രസ് എംഎൽഎ ആലംഗിർ ആലം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആർജെഡി എംഎൽഎ സത്യനാന്ദ് ഭോക്തയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് ജെഎംഎം വ്യക്തമാക്കി.