കൊൽക്കത്ത: കോൺഗ്രസിന് മുന്നറിയിപ്പുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ഒരു സീറ്റ് പോലും കോൺഗ്രസിന് വിട്ടുനൽകില്ലെന്ന് മമത പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് സിപി.എമ്മുമായി കൂട്ടുകൂടുകയാണെന്നും മമത കുറ്റപ്പെടുത്തി.
സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും വിട്ട് നൽകില്ലെന്ന് പറഞ്ഞിട്ടുണ്ട്. സിപിഎം തങ്ങളുടെ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ഞാൻ മറന്നിട്ടില്ല. സിപിഎമ്മിനോടും അവരെ പിന്തുണക്കുന്നവരോടും ക്ഷമിക്കില്ലെന്നും മമത ബാനർജി മുന്നറിയിപ്പ് നൽകി.രാഹുൽ ഗാന്ധിയുടെ കാറിന് നേരെ കല്ലേറുണ്ടായതറിഞ്ഞ് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചെന്നും സംഭവം നടന്നത് പശ്ചിമ ബംഗാളിലല്ല ബിഹാറിലെ കതിഹാറിലാണ് എന്ന് കണ്ടെത്തിയതായും മമത അറിയിച്ചു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 42 ലോക്‌സഭാ സീറ്റുകളിലും ടി.എം.സി ഒറ്റക്ക് മത്സരിക്കുമെന്ന് നേരത്തെ മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന നിയമ സഭയിൽ ഒരംഗം പോലുമില്ലാത്ത കോൺഗ്രസിന് താൻ രണ്ട് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ അത് നിരസിച്ച് അവർ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടു. അവർ 42 സീറ്റിലും മത്സരിച്ച് പരാജയപ്പെട്ടാൽ ബിജെപി സംസ്ഥാനത്ത് സ്ഥാനം പിടിക്കും. അതിന് അനുവദിക്കില്ലെന്നായിരുന്നു മമത അറിയിച്ചിരുന്നത്.

