ലോക്‌സഭാ തിരഞ്ഞെടുപ്പ്; സീറ്റ് വിഭജനവവുമായി ബന്ധപ്പെട്ട് ആദ്യഘട്ട ചർച്ചകൾ ചർച്ചകൾ നടത്തി കോൺഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഘടക കക്ഷികളുമായി ആദ്യഘട്ട ചർച്ചകൾ ചർച്ചകൾ നടത്തി കോൺഗ്രസ്. കോൺഗ്രസ് നേതൃത്വം അവസാനമായി സംസാരിച്ചത് മുന്നണിയിലെ ചെറുപാർട്ടികളായ സിഎംപി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുമായാണ്. ലോക്‌സഭാ സീറ്റ് വേണ്ടെന്നും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നുമുള്ള ആവശ്യമാണ് ഇരുവരും ചർച്ചകളിൽ ഉന്നയിച്ചത്.

തിരഞ്ഞെടുപ്പിന് ശേഷം രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ചർച്ച നടത്താമെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഒന്നാം ഘട്ട ആശയവിനിമയം ഇതോടെ പൂർത്തിയായിരിക്കുകയാണ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അധിക സീറ്റ് ആവശ്യപ്പെടുന്ന മുസ്ലിം ലീഗുമായും സീറ്റ് മാറ്റ ചർച്ചകൾ കേരള കോൺഗ്രസുമായും നടക്കും. മലബാർ മേഖലയിൽ ലീഗ് ഒരുസീറ്റ് അധികം ആവശ്യപ്പെടുന്നുണ്ട്. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ മൂന്നാം സീറ്റ് ആണ് ലീഗിന്റെ ആവശ്യം. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്ന് ആവശ്യപ്പെടാനാണ് ലീഗ് ഉദ്ദേശിക്കുന്നത്.

കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ജേക്കബ്, ആർഎസ്പി നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിലായി കോൺഗ്രസ് ചർച്ച നടത്തിയിരുന്നു. കൊല്ലം സീറ്റ് ആർഎസ്പിക്ക് നൽകാനാണ് ധാരണ. അഞ്ചാം തീയതി അടുത്ത ഘട്ട ചർച്ച നടക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.