തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്ന കാര്യം ഉപേക്ഷിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതു സംബന്ധിച്ച് ചര്‍ച്ച തുടരുകയാണെന്നും, കെഎസ്ആര്‍ടിസി ഡിപ്പോകളും സ്റ്റാന്‍ഡും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ഔട്‌ലെറ്റിനുള്ള സാധ്യത പരിശോധിക്കുകയാണെന്നും ആന്റണി രാജു വ്യക്തമാക്കി. ബെവ്‌കോയുമായി ചര്‍ച്ച തുടരുന്നുവെന്ന് ആന്റണി രാജു രേഖാ മൂലം നിയമസഭയെ അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ ബീവറേജ് കോര്‍പ്പറേഷന് കീഴിലുള്ള മദ്യ വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സമയത്തില്‍ മാറ്റം വന്നു. ഇന്ന് മുതലാണ് സമയക്രമത്തില്‍ മാറ്റം വന്നത്. രാവിലെ 10 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും. കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം എന്ന് ബെവ്‌കോ അധികൃതര്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. രാവിലെ 11 മുതല്‍ രാത്രി 9 വരെയായിരിക്കും ബാറുകളുടെ പ്രവര്‍ത്തന സമയം.

