അവരുടെ തീരുമാനം, അതിൽ തെറ്റൊന്നും കാണുന്നില്ല; പത്മജയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

മുംബൈ: പത്മജ വേണുഗോപാലിന്റെയും അനിൽ ആന്റണിയുടെയും ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. അവരുടെ ബിജെപി പ്രവേശനത്തിൽ താൻ തെറ്റുകാണുന്നില്ലെന്നും അത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസാണ് തന്റെ പാർട്ടി. രാഹുൽ ഗാന്ധിയാണ് തന്റെ നേതാവ്. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതുപോലൊരു പ്രസ്താവന താൻ ഒരിക്കലും നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പത്മജ ബിജെപിയിലേക്ക് എത്തിയത് സ്വന്തം ഇഷ്ട പ്രകാരമാണെന്നും ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ടു വന്നതല്ലെന്നും ബിജെപി നേതാവ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്ര നേതൃത്വം പത്മജയുടെ ആഗ്രഹം അംഗീകരിച്ചു. കേന്ദ്ര നേതാക്കൾ പറഞ്ഞാൽ തനിക്കും സ്വീകാര്യം, കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.