തിരുവനന്തപുരം: തന്റെ സഹോദരൻ കെ മുരളീധരനും ബിജെപിയിൽ ചേരുമെന്ന് പത്മജാ വേണുഗോപാൽ. പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കേണ്ട പരിപാടിയിൽ സംസാരിക്കവെയായിരുന്നു പത്മജയുടെ പരാമർശം. ഇനിയും മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിൽ വരുമെന്ന സൂചനയും പത്മജ മുന്നോട്ടുവെച്ചു.
തനിക്ക് പിന്നാലെ വരാൻ ഒരുപാടുപേരുണ്ട്. അവരെല്ലാം സമയം നോക്കി നിൽക്കുകയാണ്. പ്രവർത്തകർ ഇതു കഴിഞ്ഞാൽ തന്റെ പിന്നാലെ പോരുമെന്ന് ഉറപ്പുണ്ടെന്നും പത്മജ ചൂണ്ടിക്കാട്ടി.
കെ. കരുണാകരന്റെ മക്കളെ കോൺഗ്രസിന് വേണ്ട. വൈകാതെ മുരളീധരന് ഇത് മനസിലാകും. വൈകി ചിന്തിക്കുന്ന ആളാണ് മുരളീധരൻ. അദ്ദേഹത്തിനു വേണ്ടി ഒരു പരവതാനി വിരിച്ചിട്ടാണ് താൻ വന്നതെന്ന് പത്മജ അഭിപ്രായപ്പെട്ടു. ഇത്തവണ ബിജെപി അക്കൗണ്ട് തുറന്നിരിക്കും. അത് എത്ര എണ്ണം എന്നതിൽ മാത്രമേ സംശയമുള്ളൂ. പത്മജ കോൺഗ്രസിൽ നിന്നും പോയതുകൊണ്ട് എന്ത് സംഭവിക്കും എന്ന് തിരഞ്ഞെടുപ്പിൽ കാണാമെന്നും പാർട്ടി പറഞ്ഞാൽ പ്രചാരണത്തിനിറങ്ങുമെന്നും പത്മജ കൂട്ടിച്ചേർത്തു.

