ലോക്‌സഭാ തെരഞ്ഞെടുപ്പ്; ദക്ഷിണേന്ത്യയിൽ മുന്നേറ്റം ലക്ഷ്യമിട്ട് പ്രധാനമന്ത്രിയെ കളത്തിലിറക്കി ബിജെപി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദക്ഷിണേന്ത്യയിൽ മുന്നേറ്റം ലക്ഷ്യമിട്ട് പ്രധാനമന്ത്രിയെ കളത്തിലിറക്കി ബിജെപി. കേരളം, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്താൻ മോദി തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയിലെത്തിയിരുന്നു. അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്.

ക്രിസ്ത്യൻ വോട്ടുകൾ ലഭിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഇത്തവണ പത്തനംതിട്ടയിലും താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പത്തനംതിട്ടയിലെ ജനങ്ങൾക്ക് യുവത്വത്തിന്റെ ഊർജ്ജം കൊടുക്കാനാണ് താൻ ആഗ്രഹിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണി യുവത്വത്തിന്റെ പ്രതീകമാണ്. എൻഡിഎയ്ക്ക് ഇത്തവണ നാനൂറിലധികം സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ മാറിമാറി വരുന്ന ഇടതുവലത് സർക്കാരുകൾ കെടുകാര്യസ്ഥതയുടെ പ്രതീകങ്ങളാണ്. കേരളത്തിലെ റബ്ബർ കർഷകർ എത്രമാത്രം പ്രയാസപ്പെട്ടാണ് മുന്നോട്ട് പോകുന്നതെന്ന് ജനങ്ങൾക്കറിയാം. എന്നാൽ കേരളത്തിലെ സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുകയാണ്. വളരെ മോശം ക്രമസമാധാന നിലയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ക്രിസ്ത്യൻ പള്ളികളിലെ പുരോ?ഹിതന്മാർ പോലും അക്രമത്തിന് ഇരയാകുന്ന അവസ്ഥയായി മാറി കഴിഞ്ഞു. കേരളത്തിലെ കോളേജ് കാമ്പസുകൾ കമ്യൂണിസ്റ്റ് താവളമായി. യുവാക്കളടക്കം ഭയന്ന് ജീവിക്കേണ്ടി വന്നിരിക്കുകയാണ് എന്നാൽ കേരളത്തിലെ സർക്കാർ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.