കെ സുരേന്ദ്രന്റെ സന്ദർശനത്തിന് ശേഷമാണ് പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായത്; ഗുരുതര ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി

പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് സുരേഷ് ബാബു കെ സുരേന്ദ്രനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. കെ സുരേന്ദ്രന്റെ സന്ദർശനത്തിന് ശേഷമാണ് പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട്ട് ആദ്യം കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറാണ്. ഈ കൊലപാതകം നടക്കുന്നതിന് രണ്ടു ദിവസം മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ പാലക്കാട് വന്നിരുന്നു. ഇത് ബിജെപി നേതൃത്വത്തിന്റെ പങ്കിലേക്ക് വിരൾ ചൂണ്ടുന്നതാണ്. ബിജെപി നേതൃത്വമറിയാതെ അക്രമ സംഭവം ഉണ്ടാകില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി അധ്യക്ഷന്റെ സന്ദശനത്തിലും കൊലപാതകത്തിലെ നേതൃത്വത്തിന്റെ പങ്കിലും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊലയാളി സംഘം മുൻകൂട്ടി പ്ലാൻ ചെയ്ത് ചില കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്നു. ആർഎസ്എസ്- എസ് ഡിപിഐ നേതൃത്വങ്ങളുടെ അറിവോടെയാണ് കൊലപാതകമുണ്ടായതെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.