ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; വാഹനം ഉപയോഗിക്കുന്നത് ആരെന്ന് അറിയില്ലെന്ന് ബൈക്ക് ഉടമയായ സ്ത്രീ

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താനുപയോഗിച്ച ബൈക്ക് ഉടമയെ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്യുന്നു. ഒരു സ്ത്രീയുടെ പേരിലാണ് നിലവില്‍ ബൈക്കുള്ളത്. എന്നാല്‍, ആര്‍സി മാത്രമാണ് തന്റെ പേരില്‍ ഉള്ളതെന്നും ആരാണ് വാഹനം ഉപയോഗിക്കുന്നത് എന്ന് അറിയില്ലെന്നുമാണ് സ്ത്രീ മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം, കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് പരിശോധനകള്‍ പൂര്‍ത്തിയായി. ഇരട്ടക്കൊലപാതക പശ്ചാത്തലത്തില്‍ പാലക്കാട് ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍ ബുധനാഴ്ച വരെ നിരോധനാജ്ഞ തുടരും.

എന്നാല്‍, സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പുണ്ടായിട്ടും സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം ശക്തമാവുകയാണ്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് 24 മണിക്കൂറിനുള്ളില്‍ തിരിച്ചടിയുണ്ടാകുമെന്ന കൃത്യമായ വിവരം ഉണ്ടായിട്ടും പോലീസിന് സുരക്ഷ ഉറപ്പാക്കാനായില്ലെന്നതിന് തെളിവാണ് പാലക്കാട് നഗര മധ്യത്തിലെ മേലാമുറിയില്‍ നടന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം.