ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. രാജ്യത്ത് വർഗീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രധാനമന്ത്രി മോദി മൗനം തുടരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയത്. രാജ്യത്ത് സമാധാനവും സഹവർത്തിത്വവും പാലിക്കണമെന്നും വർഗീയ സംഘർഷങ്ങളിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തുള്ള 13 രാഷ്ട്രീയ പാർട്ടികളാണ് കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.
വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മതാന്ധത പ്രചരിപ്പിക്കുന്നവർക്കെതിരേ ഒരു വാക്കെങ്കിലും ഉച്ചരിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രിയുടെ മൗനത്തിൽ നടുക്കം രേഖപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ പ്രസ്താവനയിലൂടെ അറിയിച്ചു. സായുധരായ ജനക്കൂട്ടം ഔദ്യോഗിക രക്ഷാകർത്വത്തിന് കീഴിലാണ് എന്നതിന്റെ തെളിവാണ് പ്രധാനമന്ത്രിയുടെ മൗനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെയുണ്ടായ വർഗീയ കലാപങ്ങളെ പ്രതിപക്ഷ പാർട്ടികൾ അപലപിക്കുകയും ചെയ്തു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി, സിപിഐഎം, ഡിഎംകെ, ആർജെഡി അടക്കമുള്ളവരാണ് പ്രധാനമന്ത്രിക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇന്ത്യയിൽ അടുത്തിടെയുണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങളിലുള്ള അശങ്കയും പ്രതിപക്ഷ പാർട്ടികൾ പങ്കുവെച്ചിട്ടുണ്ട്.
ഭക്ഷണം, വസ്ത്രം, വിശ്വാസം, ആഘോഷങ്ങൾ, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചില സംഭവങ്ങൾ സാമൂഹ്യദ്രുവീകരണത്തിന് ഭരണവർഗം ഉപയോഗിക്കുന്നതിൽ അതിയായ വേദനയുണ്ട്. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങളെ പൂർണമായും ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്താൽ മാത്രമേ രാജ്യം അഭിവൃദ്ധി പ്രാപിക്കൂ എന്ന ബോധ്യം ആവർത്തിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എൻ.സി.പി നേതാവ് ശരദ് പവാർ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഝാർഖണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർ.എസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സിപിഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ കേന്ദ്ര സർക്കാരിനെതിരായ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു. അതേസമയം, ശിവസേന, ബിഎസ്പി, ആംആദ്മി പാർട്ടി തുടങ്ങിയ പാർട്ടികൾ സംയുക്ത പ്രസ്താവനയുടെ ഭാഗമായില്ല. മമത ബാനർജിയും അഖിലേഷ് യാദവും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടില്ല.

