Politics (Page 33)

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി നടി ശോഭന. എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേരുന്നുവെന്ന് ശോഭന പറഞ്ഞു.

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും ശോഭന പത്രസമ്മേളനത്തിൽ അറിയിച്ചു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ആദ്യം താൻ മലയാളം പഠിക്കട്ടെയെന്നും ഇപ്പോൾ താൻ ഒരു നടി മാത്രമാണെന്നും ശോഭന പ്രതികരിച്ചു.

ശോഭനയുടെ വരവിനും ഐക്യദാർഢ്യത്തിനും രാജീവ് ചന്ദ്രശേഖർ നന്ദി അറിയിച്ചു. രാജീവ് ചന്ദ്രശേഖർ ശോഭനയ്ക്ക് വിഷു കൈനീട്ടം സമ്മാനിക്കുകയും ചെയ്തു. ഏറെ നാളുകൾക്ക് ശേഷമാണ് താൻ കേരളത്തിൽ വിഷു ആഘോഷിക്കുന്നതെന്നും മലയാളികൾക്ക് വിഷു ആശംസ നേരുന്നതായും ശോഭന പറഞ്ഞു.

അതേസമയം, നാളെ കാട്ടാക്കടയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും വേദി പങ്കിടുമെന്നും ശോഭന മാദ്ധ്യമങ്ങളെ അറിയിച്ചു.

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. വനിതാ സംവരണ നിയമം, പുതിയ ക്രിമിനൽ നിയമം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ മുന്നോട്ടുവെച്ചിരിക്കുന്നത്. റേഷൻ, വെള്ളം എന്നിവ അടുത്ത അഞ്ച് വർഷവും സൗജന്യമായി നൽകുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. 14 ഭാഗങ്ങളാണ് പ്രകടന പത്രികയ്ക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവർ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

പ്രകടന പത്രിക പുറത്തിറക്കിയത് ബിജെപി ആസ്ഥാനത്ത് വെച്ചായിരുന്നു. രാജ്യത്ത് കൂടുതൽ ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും. ഇന്ത്യയെ രാജ്യന്തര നിർമ്മാണ ഹബ്ബാക്കും. ബിജെപി ആസ്ഥാനത്ത് യുവാക്കൾ, സ്ത്രീകൾ, കർഷകർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രതിനിധികൾ എന്നിവരടക്കം കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പ്രകടന പത്രികയുടെ പതിപ്പ് പ്രധാനമന്ത്രി കൈമാറി.

ലഖ്പതി ദീദി പദ്ധതി, 3 കോടി സ്ത്രീകൾക്കായി വിപുലീകരിക്കും, വനിത സംവരണം പ്രാബല്യത്തിൽ കൊണ്ടുവരും, മെട്രോ റെയിൽ ശൃംഖല വിപുലമാക്കും, അഴിമതിക്കാർക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കും, അന്താരാഷ്ട്ര തലത്തിൽ രാമായണോത്സവം സംഘടിപ്പിക്കും, കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ കൊണ്ടുവരും, വടക്ക് – തെക്ക് ബുള്ളറ്റ് ട്രെയിൻ റൂട്ടിന്റെ സാധ്യത പഠനം നടത്തും, 6ജി സാങ്കേതിക വിദ്യ പ്രഖ്യാപിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രിക മുന്നോട്ടുവെയ്ക്കുന്നു.

തിരുവനന്തപുരം: തന്റെ മകൻ അനിൽ ആന്റണി ബിജെപിയിൽ പോയപ്പോൾ ആദ്യം ഞെട്ടിയിരുന്നുവെന്നും പിന്നീട് പൊരുത്തപ്പെട്ടുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി സ്ഥാനാർത്ഥിയും മകനുമായ അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനിറങ്ങുമെന്ന റിപ്പോർട്ടുകളെ കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഇനിയും ദിവസങ്ങളുണ്ടല്ലോയെന്നായിരുന്നു അദ്ദേത്തിന്റെ മറുപടി.

മകനുമായി ഫോണിൽ സംസാരിക്കുന്നത് താൻ നിർത്തി. വീട്ടിൽ വരുമ്പോൾ കാണാറുണ്ടെന്നും ആന്റണി വ്യക്തമാക്കി. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നാണ് എൻഡിഎ സ്ഥാനാർത്ഥിയായി അനിൽ ആന്റണി മത്സരിക്കുന്നത്. ആന്റോ ആന്റണിയാണ് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി.

അതേസമയം, ആരോഗ്യ പ്രശ്‌നങ്ങൾ മൂലം പത്തനംതിട്ടയിൽ പ്രചാരണത്തിനിറങ്ങില്ലെന്ന് ആന്റണി നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ പോകാതെ തന്നെ ആന്റാ ആന്റണി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. രണ്ടുതവണ കൊവിഡ് വന്നത് അലട്ടുന്നുണ്ട്. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. അനിൽ തോൽക്കണമെന്നും അന്ന് ആന്റണി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തന്റെ അവസാനത്തെ മത്സരമാണ് ഇത്തവണത്തേതെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ. എന്നാൽ അതിനർഥം രാഷ്ട്രീയം നിർത്തുമെന്നല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയാൽ വ്യത്യസ്തമായ പങ്ക് നിർവഹിക്കാൻ അവസരം കിട്ടിയാൽ അത് നിർവഹിക്കും. ബിജെപി ഭരണം തുടരുകയാണെങ്കിൽ വിവാദ തീരുമാനങ്ങൾക്കെതിരെ താൻ ജനങ്ങളുടെ ശബ്ദം ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു.

മണ്ഡല പുനഃസംഘടന, ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവക്കെതിരെ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി അച്ഛൻ എ കെ ആന്റണിയോട് മര്യാദയും സ്‌നേഹവും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അച്ഛന്റെ ദുഖം അനിൽ മനസിലാക്കണം. തീവ്ര ബിജെപി നയങ്ങൾ അനിൽ പറയുന്നത് കേൾക്കുമ്പോൾ ദുഖമുണ്ട്. താൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനിൽ ആന്റണി. പത്തനംതിട്ടയിലെ തോൽവി, അനിലിനെ പല പാഠങ്ങളും പഠിപ്പിക്കും. എ കെ ആന്റണി പഠിപ്പിക്കാൻ ശ്രമിച്ച കാര്യങ്ങൾ ഇത്ര വേഗത്തിൽ അനിൽ മറന്നുപോയി. അനിൽ ഉപയോഗിച്ച ഭാഷ കോൺഗ്രസിൽ ഉപയോഗിക്കാറില്ല. അതിനെ കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു. ഏപ്രിൽ 15ന് രാവിലെ 11.30ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും.

തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർഥികളായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടൽ മൂലം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ വിജയസാധ്യത വർധിച്ചിട്ടുണ്ടെന്നും കൂടുതൽ ആത്മവിശ്വാസം പകർന്നു നൽകുന്നതിനു വേണ്ടിയാണു മണ്ഡലത്തിൽ പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ വി വി രാജേഷ് അറിയിച്ചു.

കഴിഞ്ഞ പ്രാവശ്യം മുതൽ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലവും ബിജെപിക്കു വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വിവിധ മേഖലകളിൽ നിന്ന് മികച്ച പിന്തുണയാണ് കിട്ടുന്നതെന്നും നരേന്ദ്ര മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലയിലും ലഭിക്കുന്നതിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സവിശേഷമായ പങ്ക് കേരളത്തിൽ നിന്ന് ഉണ്ടാകും. ഇടത് സാന്നിധ്യത്തിന്റെ പ്രാധാന്യം ഈ പാർലമെൻറിൽ അറിയാം. ഇടത് എംപിമാരായിരിക്കും രാഷ്ട്രീയ ഗതി നിശ്ചയിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് ബിജെപി സഖ്യത്തെ ചെറുക്കാനും ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുമാണ് ഇടത് മുന്നണി മത്സരിക്കുന്നത്. തൂക്ക് പാർലമെന്റ് ഉണ്ടായാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയാൽ കോൺഗ്രസ് എന്ത് ചെയ്യും. പ്രലോഭനത്തിൽ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ട്. ഇടതുപക്ഷത്ത് നിന്ന് ഒരാളും പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂർ ബിജെപി നിലപാടിനോട് താൽപര്യമുള്ളയാളാണ്.പലസ്തീൻ, ബാബറി മസ്ജിദ് നിലപാടിൽ അദ്ദേഹം ഇതു വ്യക്തമാക്കിയതാണ്. അങ്കമാലി റെയിൽവെ സ്റ്റേഷനിലെ ബോർഡിന് കീഴെ കാലടിയിലേക്ക് പോകാൻ ഇവിടെ ഇറങ്ങുക എന്ന് എഴുതി വക്കുന്ന പോലെയാണ് പുതിയ കാലത്തെ കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് താഴേ ബിജെപിയിലേക്ക് പോകാൻ ഇവിടേ ഇറങ്ങുക എന്ന അവസ്ഥയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

കേരള സ്റ്റോറി ഒരിക്കലും യഥാർത്ഥ സ്റ്റോറിയല്ലെന്നും കേരളത്തിന്റെ സ്റ്റോറി മതേതരത്വത്തിന്റെയും ചേർത്തു പിടിക്കലിന്റെയുമാണ്. കേരള സ്റ്റോറി വിഷയം തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും കൊണ്ടുവന്നത് ബിജെപി അജണ്ടയാണ്. ചില ക്രിസ്ത്യൻ മതാധ്യക്ഷൻമാർ യാഥാർത്ഥ്യവുമായി ഒരു ബന്ധമില്ലാത്ത കേരള സ്റ്റോറിപ്രദർശിപ്പിക്കുകയാണ്. ആർഎ സ്എസിന്റെ ആശയങ്ങളെ വെള്ളപൂശി, മാന്യതയുടെ കുപ്പായം തുന്നിക്കൊടുക്കുന്നവർ ആരായാലും തങ്ങൾ ചെയ്യുന്നതെന്താണെന്ന് ആലോചിക്കണം. കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന പുരോഹിതൻമാർ വിചാരധാര വായിക്കണം. അതിൽ ഇന്ത്യയുടെ ആഭ്യന്തരശത്രുക്കളെ കുറിച്ച് പറയുന്നുണ്ട്. ഒന്നാമത്തെ ശത്രു മുസ്ലിങ്ങൾ ആണ്. രണ്ടാമത്തേത് ക്രിസ്ത്യാനികളും മൂന്നാമത്തേത് കമ്മ്യൂണിസ്റ്റുകളുമാണ്. സിനിമ ഒന്നാമത്തെ ആഭ്യന്തര ശത്രുവായ മുസ്ലിങ്ങളെക്കുറിച്ചാണെങ്കിൽ, ഇന്നു നീ നാളെ താൻ എന്ന കാര്യം മറന്നുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസൻ. ക്ഷേമപെൻഷൻ അവകാശമല്ലെന്നും ഭിക്ഷയാണെന്നും ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരത്തിന് 50 ലക്ഷം സാധാരണക്കാർ ബാലറ്റിലൂടെ തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് കിറ്റ് നല്കി ആളുകളെ പറ്റിച്ച് അധികാരത്തിലേറി 40 വാഹനങ്ങളുടെ അകമ്പടിയിൽ നാടുവിറപ്പിച്ചു യാത്ര ചെയ്യുന്ന പിണറായി വിജയൻ ജനങ്ങളെ പുച്ഛത്തോടെ കാണുന്നതുകൊണ്ടാണ് ഈ സമീപനം സ്വീകരിച്ചത്. ക്ഷേമപെൻഷൻ അവകാശമല്ലെന്നു വന്നതോടെ ഇനി എപ്പോൾ നൽകണം, എത്ര നൽകണം, ആർക്കു നൽകണം എന്നൊക്കെ പിണറായി തീരുമാനിക്കും. ജനങ്ങൾക്ക് കിട്ടുമ്പോൾ വാങ്ങാം. കിട്ടിയില്ലെങ്കിൽ മിണ്ടാതെ മൂലയ്ക്കിരുന്നോണം എന്നാണ് മുഖ്യമന്ത്രിയുടെ തിട്ടൂരം. റംസാൻ, വിഷു, ഈസ്റ്റർ തുടങ്ങിയ പുണ്യനാളുകളിൽപ്പോലും ജനങ്ങളെ സർക്കാർ അർധപ്പട്ടിണിയിലേക്കു തള്ളിവിട്ടു. ക്ഷേമപെൻഷൻ മുടങ്ങിയപ്പോൾ പിച്ചച്ചട്ടിയെടുത്ത മറിയക്കുട്ടിയെപ്പോലെ ബാക്കിയുള്ളവരും തെരുവിലിറങ്ങുന്നതു കാണാൻ കാത്തിരിക്കുന്ന മനുഷ്യപ്പറ്റില്ലാത്ത ഭരണാധികാരിയാണ് പിണറായി. പ്രായമായവർ, അംഗപരിമിതർ, വിധവകൾ തുടങ്ങി സമൂഹത്തിന്റെ കൈത്താങ്ങ് വേണ്ടവരാണ് ക്ഷേമപെൻഷൻ കൈപ്പറ്റുന്നത്. അവരെ കൈവിട്ട് കോർപറേറ്റുകളെ താലോലിക്കുന്ന അവസ്ഥയിലേക്ക് പിണറായി ഭരണം കൂപ്പുകുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.

8000 രൂപ നൽകാനുള്ളപ്പോൾ 3200 രൂപ കുടിശിക നൽകിയിട്ട് പുരപ്പറത്തുകയറി നിന്നാണ് പിണറായി വിജയൻ ചെണ്ടകൊട്ടുന്നത്. ഇന്ധനസെസ്, മദ്യത്തിൽനിന്നുള്ള സെസ്, കേന്ദ്രസഹായം എന്നിവയെല്ലാം ക്ഷേമപെൻഷന്റെ പേരിലാണ് സർക്കാർ മുക്കുന്നത്. ഇതിൽ കേന്ദ്രത്തിന്റെ സഹായം പലപ്പോഴും മുടങ്ങുന്നുണ്ട്. കേരളത്തിലെ നികുതിദായകർ പാവപ്പെട്ട ജനങ്ങളെ സഹായിക്കാൻ നല്കുന്ന ഈ പണം അഴിമതിക്കും ആർഭാടത്തിനും വിനിയോഗിക്കുന്നതുകൊണ്ടാണ് ക്ഷേമപെൻഷൻ നല്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായത്. ഇതിൽ സർക്കാർ മാത്രമാണ് പ്രതിസ്ഥാനത്തെന്നും എം എം ഹസൻ കുറ്റപ്പെടുത്തി.

കണ്ണൂർ: ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയതിൽ തെറ്റില്ലെന്നും മരണവീട്ടിൽ പോകുന്നത് നമ്മുടെ നാട്ടിൽ സർവ്വസാധാരണയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബോംബിന്റേത് ഇടതുപക്ഷത്തിന്റെ വഴിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ പ്രസ് ക്ളബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആശയ പ്രചാരണമാണ് ഇടതു പക്ഷത്തിന്റെ ശൈലി. ബോംബ് ഒരിക്കലും ഇടതുപക്ഷത്തിന്റ കെയർ ഓഫല്ല. ജനങ്ങളാണ് ഇടതുപക്ഷത്തിന് പിന്നിലുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ ബോംബ് സ്ഫോടനത്തെ തള്ളി പറഞ്ഞിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ പങ്കെടുക്കരുതെന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ രേഖ അവതരിപ്പിച്ച പാർട്ടിയാണ് സിപിഎമ്മെന്നും ഗോവിന്ദൻ മാസ്റ്റർ അറിയിച്ചതായി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ചില നേതാക്കളുടെ കുബുദ്ധി കാരണമാണ് രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കുന്നത്. മുംബൈയിൽ ചേർന്ന ഇന്ത്യാ മുന്നണി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ആനി രാജ വയനാട്ടിൽ മത്സരിക്കുന്നതിനെ കുറിച്ചു കോൺഗ്രസ് ഉയർത്തുന്ന വാദമുഖങ്ങൾ കഴമ്പില്ലാത്തതാണെന്നും ബിജെപിയെ എതിർക്കുന്ന കാര്യത്തിൽ കോൺഗ്രസിന് ഇപ്പോഴും ഇരട്ടതാപ്പാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിൽ എത്തും. ഈ മാസം 15ന് തൃശ്ശൂരിലെ കുന്നംകുളത്താണ് പ്രധാനമന്ത്രി എത്തുന്നത്. കുന്നംകുളത്ത് പ്രധാനമന്ത്രി പൊതുപരിപാടിയിൽ പങ്കെടുക്കും. രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടി. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കുന്നംകുളം. കുന്നംകുളത്തെ പൊതുസമ്മേളനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അനുമതി ലഭിച്ചതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.

പ്രധാനമന്ത്രി കുന്നംകുളത്ത് എത്തുന്നതോടെ ആലത്തൂർ തൃശൂർ ചാലക്കുടി മണ്ഡലങ്ങളിൽ അനുകൂല തരംഗം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോദിയെ പ്രചാരണത്തിന് ഇരിങ്ങാലക്കുടയിലെത്തിക്കാനായിരുന്നു ബിജെപി ആദ്യം ശ്രമിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്താനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ശ്രമങ്ങൾ നടത്തിയത്.

ഈ ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിരുന്നു. എന്നാൽ, കുന്നംകുളത്ത് പൊതുയോഗം നടത്തുന്നതിനാണ് പിഎംഒ അനുമതി നൽകിയത്.

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ഇടതുമുന്നണി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സ്വത്തു വിവരങ്ങളായി മറച്ചുവെച്ചതായി ആരോപിച്ചാണ് പരാതി. രാജീവിന്റെ പ്രധാന കമ്പനിയായ ജൂപ്പിറ്റർ ക്യാപിറ്റലിനെ കുറിച്ചുള്ള വിവരങ്ങൾ പോലും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പരാതിയിലെ ആരോപണം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക്‌ ആണ് പരാതി നൽകിയിരിക്കുന്നത്. 29 ഓടി ഒമ്പത് ലക്ഷം രൂപയുടെ സ്വത്ത് തനിക്ക് ഉണ്ടെന്നാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശപത്രിക യോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. 30 വർഷം മുമ്പ് പതിനായിരം രൂപയ്ക്ക് വാങ്ങിയ 1942 മോഡൽ റെഡ് ഇന്ത്യൻ സ്കോഡ് ബൈക്കാണ് വാഹനമായി ആകെയുള്ളതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം തെറ്റാണെന്നാണ് എൽഡിഎഫ് പരാതിപ്പെടുന്നത്. തെറ്റായ വിവരങ്ങൾ നൽകിയതിനാൽ നാമനിർദ്ദേശ പത്രിക തള്ളണമെന്ന ആവശ്യവും എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നു. മഹിളാ കോൺഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകയുമായ അവനി ബൻസാലും നേരത്തെ സമാനമായ പരാതി രാജീവ് ചന്ദ്രശേഖരനെതിരെ വരണാധികാരിയായ ജില്ലാ കളക്ടർക്ക് ഓൺലൈനായി നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രിക തള്ളണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജിവ് ചന്ദ്രശേഖരന്റെ പത്രിക ഭരണാധികാരി അംഗീകരിച്ചതിനാൽ ഇനി ഇടപെടാൻ കഴിയില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുകയായിരുന്നു.

അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ച് പരാതി പരാജയഭീതി കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ എന്തെങ്കിലും തെളിവുള്ളവർക്ക് കോടതിയിൽ പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു