അനിൽ ആന്റണി ബിജെപിയിൽ പോയപ്പോൾ ആദ്യം ഞെട്ടിയിരുന്നു; പിന്നീട് പൊരുത്തപ്പെട്ടുവെന്ന് എ കെ ആന്റണി

തിരുവനന്തപുരം: തന്റെ മകൻ അനിൽ ആന്റണി ബിജെപിയിൽ പോയപ്പോൾ ആദ്യം ഞെട്ടിയിരുന്നുവെന്നും പിന്നീട് പൊരുത്തപ്പെട്ടുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി സ്ഥാനാർത്ഥിയും മകനുമായ അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനിറങ്ങുമെന്ന റിപ്പോർട്ടുകളെ കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഇനിയും ദിവസങ്ങളുണ്ടല്ലോയെന്നായിരുന്നു അദ്ദേത്തിന്റെ മറുപടി.

മകനുമായി ഫോണിൽ സംസാരിക്കുന്നത് താൻ നിർത്തി. വീട്ടിൽ വരുമ്പോൾ കാണാറുണ്ടെന്നും ആന്റണി വ്യക്തമാക്കി. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നാണ് എൻഡിഎ സ്ഥാനാർത്ഥിയായി അനിൽ ആന്റണി മത്സരിക്കുന്നത്. ആന്റോ ആന്റണിയാണ് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി.

അതേസമയം, ആരോഗ്യ പ്രശ്‌നങ്ങൾ മൂലം പത്തനംതിട്ടയിൽ പ്രചാരണത്തിനിറങ്ങില്ലെന്ന് ആന്റണി നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ പോകാതെ തന്നെ ആന്റാ ആന്റണി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. രണ്ടുതവണ കൊവിഡ് വന്നത് അലട്ടുന്നുണ്ട്. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. അനിൽ തോൽക്കണമെന്നും അന്ന് ആന്റണി അഭിപ്രായപ്പെട്ടു.