ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തന്റെ അവസാനത്തെ മത്സരമാണ് ഇത്തവണത്തേത്; ശശി തരൂർ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തന്റെ അവസാനത്തെ മത്സരമാണ് ഇത്തവണത്തേതെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ. എന്നാൽ അതിനർഥം രാഷ്ട്രീയം നിർത്തുമെന്നല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയാൽ വ്യത്യസ്തമായ പങ്ക് നിർവഹിക്കാൻ അവസരം കിട്ടിയാൽ അത് നിർവഹിക്കും. ബിജെപി ഭരണം തുടരുകയാണെങ്കിൽ വിവാദ തീരുമാനങ്ങൾക്കെതിരെ താൻ ജനങ്ങളുടെ ശബ്ദം ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു.

മണ്ഡല പുനഃസംഘടന, ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവക്കെതിരെ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി അച്ഛൻ എ കെ ആന്റണിയോട് മര്യാദയും സ്‌നേഹവും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അച്ഛന്റെ ദുഖം അനിൽ മനസിലാക്കണം. തീവ്ര ബിജെപി നയങ്ങൾ അനിൽ പറയുന്നത് കേൾക്കുമ്പോൾ ദുഖമുണ്ട്. താൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനിൽ ആന്റണി. പത്തനംതിട്ടയിലെ തോൽവി, അനിലിനെ പല പാഠങ്ങളും പഠിപ്പിക്കും. എ കെ ആന്റണി പഠിപ്പിക്കാൻ ശ്രമിച്ച കാര്യങ്ങൾ ഇത്ര വേഗത്തിൽ അനിൽ മറന്നുപോയി. അനിൽ ഉപയോഗിച്ച ഭാഷ കോൺഗ്രസിൽ ഉപയോഗിക്കാറില്ല. അതിനെ കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.