ലോക്‌സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം ഇല്ല; ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സവിശേഷമായ പങ്ക് കേരളത്തിൽ നിന്ന് ഉണ്ടാകും. ഇടത് സാന്നിധ്യത്തിന്റെ പ്രാധാന്യം ഈ പാർലമെൻറിൽ അറിയാം. ഇടത് എംപിമാരായിരിക്കും രാഷ്ട്രീയ ഗതി നിശ്ചയിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് ബിജെപി സഖ്യത്തെ ചെറുക്കാനും ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുമാണ് ഇടത് മുന്നണി മത്സരിക്കുന്നത്. തൂക്ക് പാർലമെന്റ് ഉണ്ടായാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയാൽ കോൺഗ്രസ് എന്ത് ചെയ്യും. പ്രലോഭനത്തിൽ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ട്. ഇടതുപക്ഷത്ത് നിന്ന് ഒരാളും പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂർ ബിജെപി നിലപാടിനോട് താൽപര്യമുള്ളയാളാണ്.പലസ്തീൻ, ബാബറി മസ്ജിദ് നിലപാടിൽ അദ്ദേഹം ഇതു വ്യക്തമാക്കിയതാണ്. അങ്കമാലി റെയിൽവെ സ്റ്റേഷനിലെ ബോർഡിന് കീഴെ കാലടിയിലേക്ക് പോകാൻ ഇവിടെ ഇറങ്ങുക എന്ന് എഴുതി വക്കുന്ന പോലെയാണ് പുതിയ കാലത്തെ കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് താഴേ ബിജെപിയിലേക്ക് പോകാൻ ഇവിടേ ഇറങ്ങുക എന്ന അവസ്ഥയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

കേരള സ്റ്റോറി ഒരിക്കലും യഥാർത്ഥ സ്റ്റോറിയല്ലെന്നും കേരളത്തിന്റെ സ്റ്റോറി മതേതരത്വത്തിന്റെയും ചേർത്തു പിടിക്കലിന്റെയുമാണ്. കേരള സ്റ്റോറി വിഷയം തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും കൊണ്ടുവന്നത് ബിജെപി അജണ്ടയാണ്. ചില ക്രിസ്ത്യൻ മതാധ്യക്ഷൻമാർ യാഥാർത്ഥ്യവുമായി ഒരു ബന്ധമില്ലാത്ത കേരള സ്റ്റോറിപ്രദർശിപ്പിക്കുകയാണ്. ആർഎ സ്എസിന്റെ ആശയങ്ങളെ വെള്ളപൂശി, മാന്യതയുടെ കുപ്പായം തുന്നിക്കൊടുക്കുന്നവർ ആരായാലും തങ്ങൾ ചെയ്യുന്നതെന്താണെന്ന് ആലോചിക്കണം. കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന പുരോഹിതൻമാർ വിചാരധാര വായിക്കണം. അതിൽ ഇന്ത്യയുടെ ആഭ്യന്തരശത്രുക്കളെ കുറിച്ച് പറയുന്നുണ്ട്. ഒന്നാമത്തെ ശത്രു മുസ്ലിങ്ങൾ ആണ്. രണ്ടാമത്തേത് ക്രിസ്ത്യാനികളും മൂന്നാമത്തേത് കമ്മ്യൂണിസ്റ്റുകളുമാണ്. സിനിമ ഒന്നാമത്തെ ആഭ്യന്തര ശത്രുവായ മുസ്ലിങ്ങളെക്കുറിച്ചാണെങ്കിൽ, ഇന്നു നീ നാളെ താൻ എന്ന കാര്യം മറന്നുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.