എക്സാലോജിക് വിഷയം; പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്ന് എം വി ഗോവിന്ദൻ

ആലപ്പുഴ: എക്സാലോജിക് വിഷയത്തിൽ ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വീണാ വിജയനെ എന്നല്ല, ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ബിജെപിയെ ഭയന്ന് സ്വന്തം കൊടി പോലും ഉപയോഗിക്കാനാവാത്ത കോൺഗ്രസിന് ഫാസിസത്തെ നേരിടാൻ എങ്ങനെ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

.പാകിസ്ഥാന്റെ അല്ല, മുസ്ലീം ലീഗിന്റെ കൊടിയാണതെന്ന് പറയാനുള്ള ആർജവം കോൺഗ്രസ് കാണിക്കണം. എഎം ആരിഫ് ജയിക്കുന്നതോടെ ആലപ്പുഴക്കാർക്ക് രണ്ട് എംപിമാരെ കിട്ടും. ഒന്ന് ലോക്സഭയിലും ഒന്ന് രാജ്യസഭയിലുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നുള്ള കുത്തൊഴുക്ക് തടയാൻ രാഹുൽ ഗാന്ധിക്ക് കഴിയുന്നില്ല. കേരളത്തിൽ പോലും ഉന്നത നേതാക്കളുടെ മക്കൾ ബിജെപിയിലേക്ക് പോകുന്ന കാഴ്ചയാണ്. കേരളത്തിൽ വന്നിട്ട് രാഹുൽ ഗാന്ധി പൗരത്വ നിയമത്തെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇലക്ടറൽ ബോണ്ട് വഴിയുള്ള കൊള്ളയടിക്കലിൽ പങ്കാളിയാണ് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താഴേത്തട്ടിലെ ഒരു ആർഎസ്എസുകാരന്റെ നിലവാരം മാത്രമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.