ഈ കൊട്ടാരം മാന്ത്രികൻ ഇത്രയും വർഷം എവിടെയാണ് ഒളിച്ചിരുന്നത്; രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിയുടെ ദാരിദ്ര്യ നിർമാർജന വാഗ്ദാനത്തെ വിമർശിച്ചാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയെ കൊട്ടാരം മാന്ത്രികൻ എന്ന് വിളിച്ച് പ്രധാനമന്ത്രി പരിഹസിക്കുകയും ചെയ്തു.

ഒറ്റയടിക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന പ്രസ്താവനയിലൂടെ കോൺഗ്രസ് എംപി രാജ്യത്തെ അമ്പരപ്പിച്ചു. ഈ കൊട്ടാരം മാന്ത്രികൻ ഇത്രയും വർഷം എവിടെയാണ് ഒളിച്ചിരുന്നതെന്നാണ് രാജ്യം ചോദിക്കുന്നത്. ഇന്ത്യ മുന്നണിയുടെ പ്രകടന പത്രികയിൽ അപകടകരമായ നിരവധി വാഗ്ദാനങ്ങളുണ്ടെന്നും രാജ്യത്തെ സാമ്പത്തികമായി പാപ്പരാക്കുന്നതാണ് അവരുടെ പ്രകടനപത്രികയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

2014 നു മുമ്പ് 10 വർഷം കോൺഗ്രസാണ് രാജ്യം ഭരിച്ചിരുന്നത്. ഇപ്പോൾ അവർക്ക് ഒരു മന്ത്രം ലഭിച്ചെന്നു പറയുന്നു. ഇത് പാവപ്പെട്ടവരെ പരിഹസിക്കുന്നതിന് തുല്യമല്ലേ. മൂന്നാം തവണയും മോദി പ്രധാനമന്ത്രിയായാൽ രാജ്യം കത്തിയെരിയുമെന്ന് കോൺഗ്രസ് ഭീഷണിപ്പെടുത്തുകയാണ്. അവരുടെ ഹൃദയങ്ങളിൽ അസൂയയാണെന്നും 140 കോടി ജനങ്ങളുടെ മോദിയോടുള്ള സ്‌നേഹം കൊണ്ടാണ് ഈ അസൂയയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ, ഒറ്റയടിക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് രാഹുൽ ഗാന്ധി യുടെ പ്രഖ്യാപനം. കഴിഞ്ഞയാഴ്ച രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുൽ ഗാന്ധി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.