Politics (Page 16)

തിരുവനന്തപുരം: ഇനി മുതൽ കേരളത്തിനു വേണ്ടി പാർലമെന്റിൽ രണ്ട് ഗാന്ധി ശബ്ദങ്ങൾ ഉയരുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഐസിസി നിയോഗിച്ച പ്രിയങ്ക ഗാന്ധിയെ അദ്ദേഹം കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

വയനാട് ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്. ഇക്കഴിഞ്ഞ തെരഞ്ഞടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കോൺഗ്രസ്സിനും ഇന്ത്യാ മുന്നണിക്കും രാജ്യത്താകമാനം വലിയ മുന്നേറ്റം സാധ്യമാക്കിയ രാഹുൽ ഗാന്ധിക്ക് ഒരുപോലെ പ്രിയപ്പെട്ട മണ്ഡലങ്ങൾ തന്നെയാണ് വയനാടും റായ്ബറേലിയും. അതിൽ ഒരു മണ്ഡലം ഒഴിയുക എന്ന ദുഷ്‌കരമായ തീരുമാനം തന്റെ പ്രിയപ്പെട്ട ജനങ്ങൾക്ക് വേദനയുണ്ടാക്കുന്ന രീതിയിൽ ആകരുതെന്ന് അദ്ദേഹത്തിനും കോൺഗ്രസ്സ് പാർട്ടിക്കും നിർബന്ധമുണ്ടായിരുന്നു. അതിനാൽ തന്റെ പ്രിയപ്പെട്ടവളെ വയനാട്ടിൽ തന്റെ പകരക്കാരിയായി നിയോഗിക്കുന്ന തീരുമാനം അദ്ദേഹം കൈക്കൊണ്ടിരിക്കുകയാണെന്ന് സുധാകരൻ വ്യക്തമാക്കി.

ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായ പ്രിയങ്കാജി തന്റെ കന്നിയങ്കത്തിന് തെരഞ്ഞെടുത്തിരിക്കുന്ന തട്ടകം നമ്മുടെ വയനാട് ആണെന്നത് ഓരോ കോൺഗ്രസ്സ് പ്രവർത്തകനും മലയാളിക്കും അഭിമാനം തന്നെയാണ്. രാഹുൽ ഗാന്ധി കേരളത്തിലെ കോൺഗ്രസിനും വയനാട്ടിലെ ജനങ്ങൾക്കും നൽകിയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. കഴിഞ്ഞ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും യുഡിഎഫിനും തിളക്കമാർന്ന വിജയം നേടാൻ സാധിച്ചത് രാഹുലിന്റെ സാന്നിധ്യം കൊണ്ടാണ്. കേരളത്തിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഹുലിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് ലോക്‌സഭാ മണ്ഡലവുമായി രാഹുലിനു വൈകാരികമായ ബന്ധമാണ് ഉള്ളത്. വയനാട് തന്റെ കുടുംബമാണെന്നാണ് രാഹുൽ പറഞ്ഞിട്ടുള്ളത്. വയനാട്ടിലെ ജനങ്ങൾ രാഹുലിനെയും അവരുടെ കുടുംബത്തിലെ ഒരംഗത്തെപോലെയാണ് സ്‌നേഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തിരുത്തൽ നടപടികൾക്കൊരുങ്ങി സിപിഎം. 20 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം സിപിഎം വിശദമായി വിലയിരുത്തി. പാർട്ടി വോട്ടിൽ പോലും ചോർച്ച ഉണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷം തുടർ നടപടി സ്വീകരിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും. തിരുത്തൽ നടപടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നൽകും. സംസ്ഥാന സമിതിയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാർഗ്ഗ രേഖ അന്തിമമാക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

പാർട്ടി കോട്ടകളിൽ പോലും ഇടതുസ്ഥാനാർത്ഥികൾ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരിൽ വലിയ ഭാഗം എതിരായി വോട്ട് ചെയ്തുവെന്നും പാർട്ടി വിലയിരുത്തുന്നു. ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നും സിപിഎം വിലയിരുത്തി. ആലത്തൂരിലെ ഒരു സീറ്റിൽ മാത്രമാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വിജയിക്കാൻ കഴിഞ്ഞത്. മറ്റെല്ലാ മണ്ഡലങ്ങളിലും സിപിഎം പരാജയപ്പെടുകയായിരുന്നു.

സിപിഎം ശക്തി കേന്ദ്രങ്ങളിലടക്കം ഇത്തവണ വോട്ടു കുറഞ്ഞു. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് പിബിയുടെ തീരുമാനം.

തിരുവനന്തപുരം: കേരള കോൺഗ്രസിന് സംസ്ഥാന പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയാണെന്ന് വ്യക്തമാക്കി പി ജെ ജോസഫ്. ഫ്രാൻസിസ് ജോർജ് മത്സരിച്ചപ്പോൾ ചിഹ്നമായ ഓട്ടോറിക്ഷ തന്നെ സ്വീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് കേരളത്തിൽ വൻ വിജയമാണ് ലഭിച്ചത്. ക്രൈസ്തവ വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നുവെന്ന ആശങ്കയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിക്ക് വോട്ട് വർധിച്ചത് പ്രത്യേകം പഠിക്കേണ്ട ഒന്നാണ്. അത്, വിലയിരുത്താൻ കോൺഗ്രസ് പാർട്ടി പ്രത്യേകമായി കെ സി ജോസഫിന്റെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചാരണമാണ് സിപിഎം വടകരയിലും മലബാറിലും നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളത്തിനു തീ പിടിപ്പിക്കുന്ന വർഗീയ പ്രചാരണത്തിനു പിന്നിൽ അറിയപ്പെടുന്ന സിപിഎം നേതാക്കളായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഹീനമായ വർഗീയ പ്രചാരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതു സർക്കാരിന്റെ ബാധ്യതയാണ്. പോലീസ് കർശന നടപടി എടുക്കുന്നില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങും. വടകരയിലെ ‘കാഫിർ’ പ്രയോഗം സിപിഎം സൃഷ്ടിയായിരുന്നുവെന്നു തെളിഞ്ഞു. കേരളത്തെ ഭിന്നിപ്പിക്കാൻ സംഘപരിവാർ മെനയുന്ന അതേ തന്ത്രമാണു വടകരയിൽ ജയിക്കാൻ സിപിഎമ്മും പുറത്തെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

താൽക്കാലിക ലാഭത്തിനു വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുമെന്ന് മുതിർന്ന നേതാക്കൾ പോലും മറന്നു. സിപിഎമ്മിൽ നിന്ന് സംഘപരിവാറിലേക്ക് അധിക ദൂരമില്ലെന്നു തെളിഞ്ഞു. അതുണ്ടാക്കുന്ന മുറിവുകൾ കാലമെത്ര കഴിഞ്ഞാലും ഉണങ്ങില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എളമരം കരീമിനെതിരെ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ. കരിം ആലപ്പുഴയുടെ ഭൂമിശാസ്ത്രം അറിയാത്തയാളാണെന്ന് ദ്ദേഹം പറഞ്ഞു. പരാതിയുടെ യാഥാർത്ഥ്വം അറിയിക്കാൻ എത്തിയ പ്രവർത്തകരെ എളമരം കരിം ഭീഷണിപ്പെടുത്തിയെന്നും ജി സുധാകരൻ ആരോപിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വസ്തുതകൾ മനസിലാക്കാനുള്ള അവസരം ബോധപൂർവ്വം നിഷേധിച്ചുവെന്നും അദ്ദേഹം പറയുന്നു.

അമ്പലപ്പുഴയിലുണ്ടായ വോട്ട് ചോർച്ച അന്വേഷിച്ചയാൾ തോറ്റത് ഒന്നരലക്ഷം വോട്ടിനാണ്. ഇത് ആര് അന്വേഷിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. തനിക്ക് അനുകൂലമായി തെളിവ് നൽകാൻ വന്ന പാർട്ടി അംഗങ്ങളെ കരിം ഭീഷിണിപ്പെടുത്തി. പ്രവർത്തകർ സംസരിക്കുന്നത് തടഞ്ഞു. ഇതോടെ വസ്തുതകൾ കണ്ടെത്താൻ ഉള്ള അവസരം ബോധപൂർവം നിഷേധിച്ചു. സ്വന്തം നാട്ടിൽ ഒന്നരലക്ഷം വോട്ടിനാണ് കരീം തോറ്റതെന്നും ആരെങ്കിലും കരീമിനെ തോല്പിച്ചതാണോ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്തുകൊണ്ട് അമ്പലപ്പുഴയെ അങ്ങനെ കണ്ടില്ലെന്നും സംസ്ഥാനനേതൃത്വം തന്നെ മനസിലാക്കിയില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വൻ തോൽവിക്ക് കാരണം സിപിഎമ്മിന്റെ നഗ്‌നമായ മുസ്ലിം പ്രീണനമാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം നടത്തിയത് ഹമാസ് അനുകൂലവും സിഎഎ വിരുദ്ധവുമായ പ്രചരണമാണ്. ഭരണപരാജയവും അഴിമതിയും മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ വർഗീയ പ്രചരണം നടത്തിയതെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ വിഷലിപ്തമായ വാക്കുകൾ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതായിരുന്നു. സിപിഎമ്മിന്റെ പ്രചരണം കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. സിപിഎം വിതച്ചതാണ് ഇപ്പോൾ കോൺഗ്രസ് കൊയ്തത്. ഭാവിയിൽ അത് മത തീവ്രവാദികൾക്കാണ് ഗുണം ചെയ്യുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻഡിഎ തിരഞ്ഞെടുപ്പിനെ സമീപിച്ചത് നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിയാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന് ലഭിച്ചത് പോസിറ്റീവ് വോട്ടുകളാണ്. സിപിഎമ്മിന്റെ മുസ്ലിം പ്രീണനത്തിനെതിരെ സിപിഎമ്മിലെ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട അണികൾ വ്യാപകമായി ബിജെപിക്ക് വോട്ടു ചെയ്തു. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ബിജെപി വൻ മുന്നേറ്റമുണ്ടാക്കിയത് ഇതിന്റെ പ്രതിഫലനമാണെന്ന് വ്യക്തമാണ്. വർഗീയ പ്രീണനം സിപിഎം തുടരുമെന്നതിന്റെ ഉദാഹരണമാണ് രാജ്യസഭാ സ്ഥാനാർത്ഥി നിർണയമെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

ചെന്നൈ: തമിഴ്‌നാട്ടിൽ 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് നടൻ വിജയുടെ നേതൃത്വത്തിലുള്ള പാർട്ടിയായ തമിഴക വെട്രി കഴകം. ഇതിന്റെ ഭാഗമായി ഉടൻ തന്നെ വിജയ് തമിഴ്‌നാട്ടിലുടനീളം പര്യടനം ആരംഭിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എല്ലാ ജില്ലകളിലെയും ജനങ്ങളെ നേരിൽക്കണ്ട് ബന്ധം ദൃഢപ്പെടുത്തുകയാണ് പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്. യാത്രയിൽ ജില്ലാ യൂണിറ്റുകളുടെ പ്രവർത്തനം വിപുലപ്പെടുത്തുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം വരിക്കുകയാണ് ലക്ഷ്യമെന്നും തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി ബസി ആനന്ദ് കരൂരിൽ വ്യക്തമാക്കി.

പാർട്ടിയിൽ രണ്ടുകോടി പുതിയ അംഗങ്ങളെ ചേർക്കാനാണ് വിജയ് നൽകിയിരിക്കുന്ന നിർദ്ദേശം. പാർട്ടിയിലെ വനിതാ പങ്കാളിത്തം വർധിപ്പിക്കാനും തീരുമാനിച്ചു. മെമ്പർഷിപ്പ് ഡ്രൈവിനായി മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനായി ജില്ലകളും നിയമസഭാ മണ്ഡലങ്ങളും തിരിച്ച് മെമ്പർഷിപ്പ് ഡ്രൈവ് നടത്തമെന്ന നിർദ്ദേശമാണ് വിജയ് മുന്നോട്ടുവെച്ചിരിക്കുന്നത്.

തിരുവനന്തപുരം: പാർട്ടി പ്രവർത്തകരുടെ പെരുമാറ്റ ശൈലി കൃത്യതയുള്ളതാണോ എന്ന് പരിശോധിക്കപ്പെടണമെന്ന് മുതിർന്ന സിപിഎം നേതാവ് ടി എം തോമസ് ഐസക്. അഴിമതി സംബന്ധിച്ച ആക്ഷേപങ്ങളിൽ ജനങ്ങൾക്ക് ദേഷ്യമുണ്ടോയെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണോയെന്നും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു എന്ന വിശദീകരണം നൽകി മുന്നോട്ടു പോകാൻ കഴിയില്ല. എന്തുകൊണ്ട് ജനങ്ങൾ എതിരായി വോട്ടു ചെയ്തു എന്നത് മനസ്സിലാക്കി തിരുത്തുകയാണ് വേണ്ടത്. ജനം പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിലും അഭിപ്രായങ്ങൾ പരിഗണിക്കണം. പാർട്ടിക്കാരുടേതല്ല, ജനങ്ങളുടേതാണ് പാർട്ടി.യെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.

സംഭവിച്ച പിശക് സംബന്ധിച്ച് സംവാദങ്ങൾ ഉണ്ടാകണം. തുറന്ന മനസ്സോടെ വിമർശനങ്ങൾ കേൾക്കണം. സിപിഎമ്മിന്റെ വോട്ട് ബാങ്കായ സാധാരണക്കാർ എന്തുകൊണ്ട് വിട്ടുനിന്നു എന്ന് തുറന്നു പരിശോധിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ രൂക്ഷവിമർശനം ഉന്നയിച്ച് സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗം. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മന്ത്രിമാരുടെ പിടിപ്പുകേടും തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. അതിരുവിട്ട ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായി. നവ കേരള സദസ്സിലെ ധൂർത്തും ക്ഷേമപെൻഷൻ മുടങ്ങിയതും സപ്ലൈകോയുടെ ദുരവസ്ഥയും ജനങ്ങളെ സർക്കാരിനെതിരാക്കിയെന്ന അഭിപ്രായവും യോഗം മുന്നോട്ടുവെച്ചു.

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന അഭിപ്രായവും ചിലർ ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രകടനവും മോശമാണ്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള അഴിമതി ആരോപണവും തിരിച്ചടി സൃഷ്ടിച്ചത്.

പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈവിട്ടു. പൗരത്വ യോഗങ്ങൾ മതയോഗങ്ങളായി മാറി. യോഗങ്ങളിൽ മതമേധാവികൾക്ക് അമിത പ്രാധാന്യം കൊടുത്തു. രാഷ്ട്രീയ ക്യാമ്പയിന് പകരം മത സംഘടനകളുടെ യോഗമായി മാറിയെന്നും വിമർശനം ഉണ്ടായി.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇലക്ട്രൽ ബോണ്ട് ഉപയോഗിച്ച് ബിജെപി സഹസ്ര കോടികൾ പിരിച്ചെടുത്തതിനു സമാനമായി സിപിഎം കേരളത്തിൽ മദ്യനയം ഉപയോഗിച്ച് കോടികൾ പിരിച്ചെടുത്തെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു മാനദണ്ഡവും പാലിക്കാതെ ടൂറിസം വകുപ്പ് ഹെറിറ്റേജ് ഹോട്ടലുകൾക്ക് ബാറുകൾ അനുവദിച്ചതിലും വലിയ അഴിമതി നടന്നിട്ടുണ്ട്. ഇവയെക്കുറിച്ച് അടിയന്തര അന്വേഷണത്തിനു സർക്കാർ തയാറാകണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് ബാർ ഉടമകളിൽ നിന്ന് കോടികൾ ബലംപ്രയോഗിച്ച് പിരിച്ചെടുത്തെന്നും പണം നൽകാത്തവരെ കള്ളക്കേസിൽ കുടുക്കിയെന്നും ഏപ്രിൽ 12ന് മുഖ്യമന്ത്രിക്ക് ബാർ ഉടമകൾ പരാതി നൽകി. ഇതു തന്നെയാണ് ബിജെപി കേന്ദ്രത്തിൽ ചെയ്തത്. വൻകിട പദ്ധതികൾ വൻകിടക്കാർക്ക് ചുളുവിലയ്ക്ക് നൽകുകയും അതിന്റെ കമ്മീഷൻ ഇലക്ട്രൽ ബോണ്ടായി വാങ്ങുകയും വിസമ്മതിച്ചവർക്കെതിരേ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേസെടുക്കുകയുമാണ് അവിടെ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദിയിൽ നിന്ന് ശിഷ്യത്വം സ്വീകരിച്ച് പിണറായി വിജയൻ ഇവിടെ മദ്യനയത്തിൽ അതു നടപ്പാക്കി. തെരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാണ് കോടികൾ പിരിച്ചെടുത്തതെന്നു ബാറുടമകളുടെ പരാതിയിൽ പറയുന്നു. ഇതിന്മേൽ ഇതുവരെ അന്വേഷണമോ നടപടിയോ ഇല്ല. ബാർ ഉടമകളിൽനിന്ന് വീണ്ടും രണ്ടരലക്ഷം രൂപ വീതം പിരിക്കുന്നതു സംബന്ധിച്ചും അന്വേഷണമില്ല. ബാർ ഉടമകളുടെ യോഗത്തിൽ നിന്ന് ശബ്ദസന്ദേശം എങ്ങനെ പുറത്തുപോയി എന്നതു മാത്രമാണ് അന്വേഷിക്കുന്നത്. ഇതൊന്നും അന്വേഷിക്കാത്തവരാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ വാട്ട്സ്ആപ് ഗ്രൂപ്പിൽ അംഗമാണ് എന്നു പറഞ്ഞ് അന്വേഷണത്തിന് നോട്ടീസ് അയച്ചത്. സത്യസന്ധമായ അന്വേഷണം നടന്നാൽ അതു കുടുംബത്തിലേക്കു നീളും എന്നതാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്. എക്സൈസ് മന്ത്രിയെ നോക്കുകുത്തിയാക്കി ടൂറിസം മന്ത്രി നേരിട്ടാണ് മദ്യനയം തൂക്കിവിറ്റത്. ടൂറിസം മന്ത്രിയുടെ ഇടപെടലിൽ സഹികെട്ട് അവസാനം താനാണ് എക്സൈസ് മന്ത്രി എന്നുപോലും മന്ത്രി എംബി രാജേഷിനു നിയമസഭയിൽ പറയേണ്ടി വന്നുവെന്നും സുധാകരൻ അറിയിച്ചു.