സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് അതൃപ്തി; വിമർശനവുമായി ജി സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ശബ്ദമുയർത്തി രംഗത്തെത്തി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി സർക്കാർ മികച്ചതായിരുന്നു. എല്ലാ വകുപ്പുകളും മികച്ചതായിരുന്നു. ആ സർക്കാരിന്റെ പേരിലാണ് പുതിയ സർക്കാർ നിലവിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല. രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് പലർക്കും വിമർശനമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിപിഎം കോട്ടകളിൽ വിള്ളലുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളിൽ പോലും മൂന്നാമതായി. കായംകുളത്ത് വോട്ട് ചോർന്നു. പുന്നപ്രയിലും വോട്ട് ചോർന്നു. കെ കെ ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് ആരാണ് പറഞ്ഞത്. എവിടെ നിന്നാലും ജയിക്കുമെന്ന് പറയുന്നത് മാധ്യമങ്ങൾ. താൻ അങ്ങനെ വിശ്വസിക്കില്ലെന്നും ജി സുധാകരൻ അറിയിച്ചു.

സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി നൽകണമായിരുന്നു. മത്സരിച്ച് കഷ്ടപ്പെട്ടാണ് സുരേഷ് ഗോപി അധികാരത്തിൽ എത്തിയത്. ഒരാൾ വിചാരിച്ചാൽ മാത്രം എല്ലാവരെയും അടക്കിനിർത്താൻ കഴിയില്ല. വീഴ്ച വന്നാൽ പറയണം. എന്തിനാണ് പേടിക്കുന്നത്. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണ്. ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല. ഏത് പാർട്ടിയായാലും ലീഡർഷിപ്പ് പ്രധാനമാണെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.