തോറ്റിട്ട് ജയിച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ; വിമർശനങ്ങൾ സ്വീകരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് വിശദമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെൻഷൻ അടക്കം സാധാരണക്കാരായ ജനങ്ങൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് സാധിക്കാത്തത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ വിമർശനങ്ങളും ഉൾക്കൊള്ളുന്നുവെന്നും സൂക്ഷ്മമായി പരിശോധിച്ച് തോൽവിക്ക് അടിസ്ഥാനമായ കാര്യങ്ങൾ കണ്ടെത്തി തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരിന്തൽ മണ്ണയിൽ നടന്ന ഇഎംസിന്റെ ലോകം എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ലപോലെ തോറ്റു. തോറ്റിട്ട് ജയിച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ, ഇല്ല തോറ്റു. അപ്പോൾ ഇനി എന്താ നമ്മൾ വേണ്ടത്. എന്തുകൊണ്ട് തോറ്റു എന്നത് നല്ലതുപോലെ കണ്ടുപിടിക്കണം. ഒരുപാട് അഭിപ്രായങ്ങൾ വരുന്നുണ്ട്. ആളുകൾ ഫോൺ വിളിച്ച് പറയുന്നുണ്ട്, കത്തെഴുതിയിട്ടുണ്ട്, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്, വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എല്ലാം സ്വീകരിക്കുന്നു. എല്ലാം സൂക്ഷ്മമായി പരിശോധിച്ച് എന്തൊക്കെ ഏതൊക്കെ രീതിയിലാണ് തോൽവിക്ക് അടിസ്ഥാനമായ കാര്യങ്ങൾ കണ്ടെത്തി തിരുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ ഉപരോധം പോലെ സംസ്ഥാന സർക്കാരിനെ കൈകാര്യം ചെയ്യുകയാണ്. 57000 കോടി രൂപ കഴിഞ്ഞ വർഷം തരേണ്ടത് തന്നിട്ടില്ല. കിട്ടേണ്ട 7000 കോടി രൂപയും ലഭിച്ചിട്ടില്ല. ഇത്തവണയും അതുതന്നെ ആയിരിക്കും. സുപ്രീം കോടതിയിൽ പോയതുകൊണ്ടാണ് മൂവായിരം കോടി രൂപ കിട്ടിയത്. ഇനിയും നിയമയുദ്ധം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.