കൽപ്പറ്റ: ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ നടത്തിയതെന്ന് കോൺഗ്രസ് നേതാവും നിയുക്ത എംപിയുമായ രാഹുൽ ഗാന്ധി. ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാൻ എത്തിയതായിരുന്നു അദ്ദേഹം.
വയനാട് തുടരണോ റായ് ബറേലി തുടരണോയെന്ന വലിയൊരു ധർമ സങ്കടത്തിലാണ് താൻ. ഒരു സാധാരണ മനുഷ്യനാണ് താൻ. അന്വേഷണ ഏജൻസികൾ കയ്യിലുള്ളത് എന്തും ചെയ്യാനുള്ള അധികാരമായി ചിലർ കണ്ടു. രാജ്യത്തെ ജനങ്ങൾ അവർക്ക് കാര്യം മനസിലാക്കി കൊടുത്തു. ഭരണഘടന തങ്ങളുടെ അഭിമാനമാണ്. അതിൽ തൊട്ടു കളിക്കരുതെന്ന് രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രിയെ ഓർമ്മപ്പെടുത്തി. ധാർഷ്ട്യത്തെ വിനയം കൊണ്ടാണ് വോട്ടർമാർ തോൽപ്പിച്ചത്. ബിജെപി അയോധ്യയിൽ തോറ്റു. പ്രധാനമന്ത്രി തന്നെ കഷ്ടിച്ചാണ് വിജയിച്ചു കയറിയതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ സമ്പൂർണ്ണ അധികാരമല്ല നരേന്ദ്ര മോദിക്ക് കിട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് എല്ലാം ദൈവം ചെയ്തു കൊടുക്കും. തനിക്ക് താൻ തന്നെ ചെയ്യണം. വിചിത്രമായ പരമാത്മാവ് ആണ് മോദിയെ നിയന്ത്രിക്കുന്നത്. അദാനിക്ക് വിമാനത്താവളങ്ങൾ കൊടുക്കാൻ പരമാത്മാവ് പറയുന്നു. പ്രധാനമന്ത്രി കൊടുക്കുന്നു. തന്റെ ദൈവം രാജ്യത്തെ പാവങ്ങളായ ജനങ്ങളാണ്. തന്റെ ദൈവം വയനാട്ടിലെ ജനങ്ങളാണ്. എത് മണ്ഡലം ഒഴിയണമെന്ന് നിങ്ങൾ പറയൂ. ഏത് മണ്ഡലം ഒഴിഞ്ഞാലും സ്വീകരിച്ചാലും താൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

