സ്കൂൾ വിദ്യാർത്ഥികൾക്ക് ഓണം സമ്മാനമായി 5 കിലോ അരി : വിതരണ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ 12040 വിദ്യാലയങ്ങളിലെ പ്രീ – പ്രൈമറി മുതൽ 8 ആം ക്ലാസ് വരെയുള്ള 27. 50 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യമായി 5 കിലോ അരി വിതരണം ചെയ്തു. ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്കാണ് അരി നൽകുന്നത്. അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ അധ്യക്ഷനായി.

2, 32, 786 കുട്ടികൾ പ്രീ – പ്രൈമറി വിഭാഗത്തിലും 14, 57, 280 കുട്ടികൾ പ്രൈമറി വിഭാഗത്തിലും 10, 59, 934 കുട്ടികൾ അപ്പർ പ്രൈമറി വിഭാഗത്തിലും ഉൾപ്പെടുന്നു. ഭഷ്യ വകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന ഈ പദ്ധതിയിലേക്ക് 13, 750 മെട്രിക് ടൺ അരിയാണ് വേണ്ടിവരുന്നത്. കേരള സ്റ്റേറ്റ് സപ്ലൈസ്കോർപ്പറേഷൻ നേരിട്ട് അരി സ്കൂളുകളിൽ എത്തിച്ചു നൽകും. ഓണാവധിക്ക് മുൻപായി അരി വിതരണം പൂർത്തിയാക്കാനുള്ള നടപടികൾ സപ്ലൈക്കോയുമായി ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുണ്ട്.

വിതരണത്തിനായി സ്കൂളുകളിൽ എത്തിച്ചു നൽകുന്ന അരി പി. ടി.എ, സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, മദർ പി. ടി. എ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി കൃത്യമായ മേൽനോട്ടത്തിൽ അളവിൽ കുറവുവരാതെ കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ നടത്തുവാൻ എല്ലാ സ്കൂളുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. അരി വിതരണം പൂർത്തിയാകുന്നതുവരെ അരി കേടുകൂടാതെ സൂക്ഷിക്കുവാനും സ്കൂളുകൾക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.