തിരുവനന്തപുരം : നെല്ല് സംഭരിച്ച പണം കർഷകർക്ക് കൊടുത്തിട്ടില്ലെന്ന നടൻ ജയസൂര്യയുടെ പരാമർശം വിവാദമായതിനെ തുടർന്ന് ബിജെപി സംസ്ഥാന വക്താവായ സന്ദീപ് വാര്യർ പ്രതികരണവുമായി രംഗത്തെത്തി. കർഷകരുടെ എം എസ് പി സംബന്ധിച്ചുള്ള കേരളത്തിന്റെ ഒരു രൂപയുടെ പ്രൊപ്പോസൽ പോലും കേന്ദ്രത്തിൽ പെൻഡിങ് അല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചു.
സംസ്ഥാനത്തെ നെല്ല് സംഭരണം ഡീ സെൻട്രലൈസ്ഡ് ആയതിനാൽ പൊതുവിതരണ സംവിധാനം വഴി വിതരണം നടത്തിയ ശേഷം പോർട്ടൽ വഴി കേരളം ക്ലെയിം വാങ്ങുന്നതാണ് രീതി. കേരളം ക്ലെയിം നൽകിയാൽ 20 ദിവസത്തിനകം പണം നൽകാറുണ്ടെന്ന് കേന്ദ്ര കൃഷിവകുപ്പ് സഹ മന്ത്രി ശോഭാകരന്തലജെയുടെ ഓഫീസ് അറിയിച്ചതായും സന്ദീപ് പറഞ്ഞു. എന്നാൽ നിലവിൽ കേരളം ക്ലെയിമിനായി ഒരു അപേക്ഷ പോലും നൽകിയിട്ടില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

