ന്യൂ ഡൽഹി : ജി 20 ഉച്ചകോടി നടക്കാനിരിക്കെ കുരങ്ങളുടെ കട്ടൗട്ട് ഉപയോഗിച്ച് കുരങ്ങുകളെ ഓടിക്കാനുള്ള നടപടികൾ സ്വീകരിച്ച് കേന്ദ്ര സർക്കാർ. ചെറിയ കുരങ്ങുകളെ ഭയപ്പെടുത്താൻ ലംഗൂർ കുരങ്ങുകളുടെ ലൈഫ് സൈസ് കട്ടൗട്ടുകളാണ് സ്ഥാപിക്കുന്നത്. കൂടാതെ മൃഗങ്ങളുടെ ശബ്ദം അനുകരിക്കുന്നവരെയും വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹിയിൽ പൊതുവേ കുരങ്ങുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇത്തരം കട്ടൗട്ടുകൾ ജി ട്വന്റി ഉച്ചകോടി തടസ്സപ്പെടുത്തുന്നതിൽ നിന്നും മൃഗങ്ങളെ തടയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സെപ്റ്റംബർ 9 ,10 തീയതികളിലാണ് ഇന്ത്യ ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
നീണ്ട വാലുകളും ഇരുണ്ട മുഖവുമുള്ള അക്രമകാരികളായ കുരങ്ങുകളാണ് ലംങ്കൂറുകൾ . മറ്റു വിഭാഗത്തിൽപ്പെട്ട കുരങ്ങുകൾക്ക് ഇവയെ ഭയമാണ്. ജി 20 ഉച്ചകോടിക്കെത്തുന്ന പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലിലും കുരങ്ങുകളുടെ ശല്യം ഉണ്ടെങ്കിൽ അവിടെയും കട്ടൗട്ടുകൾ സ്ഥാപിക്കും എന്ന് അധികൃതർ അറിയിച്ചു. ഭക്ഷണത്തിനായി കുരങ്ങുകൾ പുറത്തേക്ക് വരാതിരിക്കാൻ പ്രത്യേക സൈറ്റുകളിലായി ഭക്ഷണം എത്തിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

